പെൺകുട്ടികളുടെ എൻഡിഎ പ്രവേശനം: കേന്ദ്ര പ്രതികരണം തേടി
Mail This Article
ന്യൂഡൽഹി ∙ നാഷനൽ ഡിഫൻസ് അക്കാദമിയിലേക്ക് (National Defence Academy) ഏപ്രിലിൽ നടക്കുന്ന പരീക്ഷയിലൂടെ പ്രവേശനം ലഭിക്കുന്ന പെൺകുട്ടികളുടെ എണ്ണം 19 ആയി നിജപ്പെടുത്തിയതു ചോദ്യം ചെയ്തുള്ള ഹർജിയിൽ മൂന്നാഴ്ചയ്ക്കുള്ളിൽ പ്രതികരണം അറിയിക്കാൻ കേന്ദ്ര സർക്കാരിനോടു സുപ്രീംകോടതി നിർദേശിച്ചു. കോടതി ഇടപെടലിനെത്തുടർന്നാണു കഴിഞ്ഞ വർഷം മുതൽ പെൺകുട്ടികൾക്ക് എൻഡിഎ പ്രവേശനം സാധ്യമായത്.
പ്രവേശന നടപടികൾ വൈകിയതും കോടതി ഇടപെടലും മൂലം കഴിഞ്ഞ വർഷത്തെ ബാച്ചിലേക്കു തിരഞ്ഞെടുക്കപ്പെട്ട പെൺകുട്ടികളുടെ എണ്ണം പരിമിതമായിരുന്നു. ഈ വർഷം മേയ് മാസത്തിനുള്ളിൽ കൂടുതൽ പെൺകുട്ടികൾക്കു പ്രവേശനം നൽകാനുള്ള അടിസ്ഥാനസൗകര്യം എൻഡിഎയിൽ ഒരുക്കുമെന്ന് സെപ്റ്റംബറിൽ സർക്കാർ കോടതിയെ അറിയിച്ചിരുന്നു. എന്നാൽ, പുതിയ വിജ്ഞാപനത്തിലും പെൺകുട്ടികളുടെ എണ്ണം 19 ആണെന്ന് ഹർജി നൽകിയ കുഷ് കൽറ ചൂണ്ടിക്കാട്ടി. വിവിധ നിബന്ധനകളിലൂടെ പെൺകുട്ടികളുടെ എണ്ണം നിജപ്പെടുത്താൻ പാടില്ലെന്ന് ജഡ്ജിമാരായ സഞ്ജയ് കിഷൻ കൗൾ, എം.എം.സുന്ദരേശ് എന്നിവരുൾപ്പെട്ട ബെഞ്ച് വാക്കാൽ നിരീക്ഷിച്ചു. അടിസ്ഥാനസൗകര്യം മാത്രമല്ല, സേനയിലെ ആവശ്യകത കൂടി പരിഗണിച്ചാണ് എൻഡിഎയിലേക്ക് ആളെയെടുക്കുന്നതെന്ന് സർക്കാർ പ്രതികരിച്ചു. തുടർന്ന് കോടതി ചോദ്യങ്ങൾ ഉന്നയിച്ചതോടെ വിശദമായ സത്യവാങ്മൂലം നൽകാമെന്നു സർക്കാർ വ്യക്തമാക്കി.
Content Summary : Supreme Court asks government to explain admission of just 19 women in National Defence Academy