ADVERTISEMENT

സിവിൽ പൊലീസ്/വനിതാ സിവിൽ പൊലീസ് ഓഫിസർ തസ്തികകളിൽ മാർച്ച് 20നു നടത്തിയ പരീക്ഷയെഴുതിയത് 82.37% പേർ. രണ്ടു തസ്തികയിലുമായി 85,956 പേരാണ് പരീക്ഷ എഴുതാൻ അർഹത നേടിയിരുന്നത്. ഇതിൽ 70,803 പേർ പരീക്ഷയ്ക്കു ഹാജരായി. പ്രാഥമിക ഉത്തരസൂചിക പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഉദ്യോഗാർഥികളിൽനിന്നു ലഭിക്കുന്ന പരാതികൾകൂടി വിലയിരുത്തിയശേഷം അന്തിമ ഉത്തരസൂചിക പ്രസിദ്ധീകരിക്കും.

 

ചോദ്യ പേപ്പറിൽ ഗുരുതര പിഴവുകൾ

സിവിൽ പൊലീസ് ഓഫിസർ ചോദ്യ പേപ്പറിൽ ഗുരുതര വീഴ്ചകൾ വന്നതിനെത്തുടർന്ന് ഒരു ചോദ്യം പിഎസ്‌സി ഒഴിവാക്കി. കേരളത്തിലെ നിയമസഭാ മണ്ഡലങ്ങളുടെ എണ്ണം എത്രയെന്ന ചോദ്യത്തിന് ശരിയുത്തരമായ 140 ഓപ്ഷനിൽ ഇല്ല. 141, 143, 145, 142 എന്നിങ്ങനെയായിരുന്നു ഓപ്ഷനുകൾ. പരാതി ഉയർന്നതിനെത്തുടർന്നു ചോദ്യം ഒഴിവാക്കുന്നതായി പിഎസ്‌സി വ്യക്തമാക്കി. ഇത് ഒഴിവാക്കിയാണ് ഉത്തരസൂചിക പ്രസിദ്ധീകരിച്ചത്. 

‘ഭാരതമെന്ന പേരു കേട്ടാൽ അഭിമാനപൂരിതമാകണമന്തരംഗം...’ എന്ന വരികൾ വള്ളത്തോളിന്റെ ഏതു കവിതയിൽനിന്ന് എടുത്തതാണെന്ന ചോദ്യത്തിനും ശരിയുത്തരമായ ‘കേരളീയം’ ഓപ്ഷനിലില്ല.   

 

ലിസ്റ്റ് ചുരുക്കരുതെന്ന് ഉദ്യോഗാർഥികൾ 

 

സിവിൽ പൊലീസ് ഓഫിസർ ലിസ്റ്റ് ചുരുക്കരുതെന്നു പരീക്ഷ എഴുതിയവരുടെ പൊതു ആവശ്യം. മുൻ ലിസ്റ്റ് റദ്ദായത് 2020 ജൂൺ 30നാണ്. ഇതിനുശേഷം പിഎസ്‌സി വഴി ആർക്കും ഈ തസ്തികയിൽ നിയമനം ലഭിച്ചിട്ടില്ല. ഇനി ആറു മാസമെങ്കിലും കഴിയാതെ പുതിയ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാൻ കഴിയില്ല. അതിനാൽ ലിസ്റ്റ് നിലവിൽ വരുമ്പോഴേ 2 വർഷത്തെ ഒഴിവ് ഒന്നിച്ചു നികത്തേണ്ടിവരും. പിന്നീട് ലിസ്റ്റിന്റെ ഒരു വർഷ കാലാവധിക്കുള്ളിൽ റിപ്പോർട്ട് ചെയ്യുന്ന ഒഴിവും ഈ ലിസ്റ്റിൽനിന്നുതന്നെ നികത്തണം. 3 വർഷത്തെ വിരമിക്കൽ ഒഴിവ് ഉൾപ്പെടെയുള്ളവ പുതിയ റാങ്ക് ലിസ്റ്റിന് ലഭിക്കും. ഇതനുസരിച്ചു ലിസ്റ്റിൽ ഉദ്യോഗാർഥികളെ ഉൾപ്പെടുത്താൻ പിഎസ്‌സി തയാറാകണമെന്നാണ് ആവശ്യം. 

 

ഏഴു ബറ്റാലിയനുകളിലായാണ് സിപിഒ ഷോർട് ലിസ്റ്റ് പിഎസ്‌സി പ്രസിദ്ധീകരിക്കുക. ഷോർട് ലിസ്റ്റിൽ ഉൾപ്പെടുന്നവർക്കു കായികക്ഷമതാ പരീക്ഷ നടത്തി അതിലെ വിജയികളെ ഉൾപ്പെടുത്തിയാണു റാങ്ക് ലിസ്റ്റ് തയാറാക്കുക. ഷോർട് ലിസ്റ്റിൽ ഉൾപ്പെട്ടതിന്റെ പകുതി പേരെങ്കിലും കായികക്ഷമതാ പരീക്ഷയിൽ പുറത്താകും. കട്ട് ഓഫ് മാർക്ക് പരമാവധി താഴ്ത്തി ഓരോ ലിസ്റ്റിലും 5000ൽ അധികം പേരെ ഉൾപ്പെടുത്തിയാലെ റാങ്ക് ലിസ്റ്റിൽ ആവശ്യത്തിന് ഉദ്യോഗാർഥികളുണ്ടാകൂ.

 

NJD വർധിക്കും; ലിസ്റ്റിൽ ആളില്ലെങ്കിൽ നഷ്ടം 

 

സിവിൽ പൊലീസ് ഓഫിസർ തസ്തികയുടെ അടിസ്ഥാന യോഗ്യത പ്ലസ് ടു ആയിരുന്നു. അതിനാൽ പ്ലസ് ടു, ബിരുദനിലവാരത്തിൽ നടത്തിയ പൊതുപരീക്ഷകളെല്ലാം ഇവരിൽ ഭൂരിഭാഗവും എഴുതിയിട്ടുണ്ടാവും. എസ്എസ്എൽസി നിലവാരത്തിൽ നടത്തിയ പൊതുപരീക്ഷയും ഇവരിൽ പലരും എഴുതിയിട്ടുണ്ട്. 

എല്ലാ ലിസ്റ്റിലും ഉൾപ്പെടുക ഏറെക്കുറെ ഒരേ ഉദ്യോഗാർഥികൾ തന്നെയാവും. ഈ സാഹചര്യത്തിൽ ധാരാളം എൻജെഡി ഒഴിവുകൾ ഉണ്ടാവും. ഇതു മുന്നിൽക്കണ്ട് സിവിൽ പൊലീസ് ഓഫിസർ ഷോർട് ലിസ്റ്റിൽ ഉദ്യോഗാർഥികളെ ഉൾപ്പെടുത്തിയില്ലെങ്കിൽ ധാരാളം പേരുടെ അവസരങ്ങൾ നഷ്ടമാകും.  

 

മുൻ ലിസ്റ്റിൽ 10,940 പേർ; നിയമന ശുപാർശ 5609

 

സിവിൽ പൊലീസ് ഓഫിസർ മുൻ ലിസ്റ്റിൽ 7 ബറ്റാലിയനുകളിലായി 10,940 പേരെയാണ് പിഎസ്‌സി ഉൾപ്പെടുത്തിയിരുന്നത്. ഏറ്റവും കൂടുതൽ പേർ കാസർകോട് (കെഎപി–4) ജില്ലയിലായിരുന്നു–1880. കുറവ് എറണാകുളം (കെഎപി–1) ജില്ലയിൽ–1254. ഏല്ലാ ബറ്റാലിയനിലുമായി 5609 പേർക്ക് ആ ലിസ്റ്റിൽ നിയമന ശുപാർശ ലഭിച്ചിരുന്നു. 

 

വനിതാ സിപിഒ:  ലിസ്റ്റില്ലാതെ 7 മാസം

വനിതാ സിവിൽ പൊലീസ് ഓഫിസർ തസ്തികയുടെ ഷോർട് ലിസ്റ്റിലും ആവശ്യത്തിന് ഉദ്യോഗാർഥികളെ ഉൾപ്പെടുത്തണമെന്ന് ആവശ്യമുണ്ട്. മുൻ റാങ്ക് ലിസ്റ്റ് റദ്ദായിട്ട് 7 മാസം കഴിഞ്ഞു. സംസ്ഥാനതലത്തിൽ പ്രസിദ്ധീകരിച്ച ഈ ലിസ്റ്റിൽനിന്ന് 757 പേർക്കാണു നിയമന ശുപാർശ ലഭിച്ചത്. ‌കട്ട് ഓഫ് മാർക്ക് പരമാവധി കുറച്ച് 6000പേരിലധികം ഷോർട് ലിസ്റ്റിൽ ഉൾപ്പെടുത്തണമെന്നാണ് ഉദ്യോഗാർഥികളുടെ ആവശ്യം. 

 

Content Summary : Kerala PSC Civil Police Officer Cut Off

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com