മതിമറന്ന് നൃത്തമാടി ആ നൂറുപേരെത്തിയത് വിസ്മയ ലോകത്തേക്ക്; തിരഞ്ഞെടുക്കപ്പെട്ടത് 2000 അപേക്ഷകരിൽ നിന്ന്...
Mail This Article
തിരുവനന്തപുരം ∙ തോറ്റു കൊടുക്കാൻ മനസ്സില്ലാത്ത ഒരു കൂട്ടം കൊച്ചു കൂട്ടുകാരുടെ, വിസ്മയങ്ങളുടെ പൂന്തോട്ടത്തിലേക്ക് ഇന്നലെ എത്തിയത് നൂറു പുതിയ പൂമ്പാറ്റകൾ. അവരെ വരവേൽക്കാൻ ആട്ടവും പാട്ടും വർണങ്ങളുമായി ‘മാജിക് പ്ലാനറ്റ്’ അണിഞ്ഞൊരുങ്ങിയപ്പോൾ കണ്ടുനിന്നവരുടെ കണ്ണും മനസ്സും നിറഞ്ഞു. പ്രശസ്ത മജിഷ്യൻ ഗോപിനാഥ് മുതുകാടിന്റെ നേതൃത്വത്തിലുള്ള ‘ഡിഫറന്റ് ആർട്ട് സെന്ററി’ലേക്ക് പുതുതായി എത്തിയ നൂറു കുട്ടികളെ സ്വീകരിക്കാനെത്തിയത് മന്ത്രി ആർ.ബിന്ദു, സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ, ഗായിക മഞ്ജരി അടക്കമുള്ളവർ.
പുതിയ കൂട്ടുകാർക്കായി ഡിഫറന്റ് ആർട്ട് സെന്ററിലെ കുട്ടികളും രക്ഷിതാക്കളും അധികൃതരും ചേർന്ന് ഒരുക്കിയത് വർണാഭമായ ചടങ്ങുകളായിരുന്നു. കുട്ടികൾ തന്നെ അവതരിപ്പിച്ച ചെണ്ടമേളത്തിന്റെയും വേഷവിധാനങ്ങളുടെയും അകമ്പടിയോടെ സെന്ററിന്റെ ഗേറ്റ് മന്ത്രി ആർ.ബിന്ദു പുതിയ കുട്ടികൾക്കായി തുറന്നുകൊടുത്തു. കുട്ടികൾ ഉള്ളിലേക്കു പ്രവേശിച്ചതോടെ തൂവെള്ള ബലൂണുകൾ ഉയർന്നുപൊങ്ങി. തുടർന്ന് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് മന്ത്രി ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ കഴിവുകൾ കണ്ടെത്തി അതു വികസിപ്പിക്കുന്നതിലൂടെ അവർക്കു പുതിയൊരു ജീവിതം നൽകുകയാണ് സ്ഥാപനം ചെയ്യുന്നതെന്നു മന്ത്രി പറഞ്ഞു.
മാജിക് അക്കാദമിയുടെ രക്ഷാധികാരി കൂടിയായ അടൂർ ഗോപാലകൃഷ്ണൻ അധ്യക്ഷനായി. ബാലാവകാശ കമ്മിഷൻ ചെയർമാൻ കെ.വി.മനോജ്കുമാർ, കിൻഫ്ര ഫിലിം ആൻഡ് വിഡിയോ പാർക്ക് ചെയർമാൻ ജോർജ്കുട്ടി ആഗസ്തി, വികലാംഗ ക്ഷേമ കോർപറേഷൻ ചെയർപഴ്സൻ ജയാ ഡാളി, ഗായിക മഞ്ജരി, നെസ്റ്റ് ഡയറക്ടർ യൂനസ്, അക്കാദമി എക്സിക്യൂട്ടീവ് ഡയറക്ടർ ഗോപിനാഥ് തുടങ്ങിയവർ പ്രസംഗിച്ചു. സെന്ററിലെ വിസിറ്റിങ് പ്രഫസർ കൂടിയായ ഗായിക മഞ്ജരി പാടിയ ‘താമരക്കുരുവിക്ക് തട്ടമിട്..’ എന്ന പാട്ടിന് കുട്ടികളും രക്ഷിതാക്കളും ഒരുമിച്ചു ചുവടുവച്ചു.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നു ലഭിച്ച രണ്ടായിരത്തോളം അപേക്ഷകളിൽ നിന്നാണു പുതിയ ബാച്ചിലേക്കു നൂറു കുട്ടികളെ തിരഞ്ഞെടുത്തത്. പാട്ടും നൃത്തവും ചിത്രരചനയും ഉൾപ്പെടെ പ്രത്യേക പരിശീലനത്തിലൂടെ, ഇവർക്കു തങ്ങളുടെ പരിമിതികളെ നേരിടാനുള്ള തയാറെടുപ്പാണ് നടത്തുന്നത്. കൂടാതെ, അഗ്രികൾച്ചറൽ തെറപ്പി, സ്പോർട്സ് സെന്റർ, ക്ലിനിക്കൽ സൈക്കോളജി തുടങ്ങിയ സേവനങ്ങളും ഇവിടെ ലഭ്യമാണ്.
Content Summary : Different Art Centre Invited new batch of 100 children