യുജി, പിജി: ഇന്റേണൽ, എക്സ്റ്റേണൽ മാർക്കുകളിലെ വലിയ വ്യത്യാസം പരിശോധിക്കണം, മോഡറേഷൻ വേണ്ട
Mail This Article
തിരുവനന്തപുരം ∙ യുജി, പിജി പ്രോഗ്രാമുകളിൽ ഇന്റേണൽ അസസ്മെന്റിനുള്ള വെയ്റ്റേജ് 40% ആയി ഉയർത്തണമെന്നു പരീക്ഷാ പരിഷ്കരണ കമ്മിഷൻ സർക്കാരിനു ശുപാർശ നൽകി. ഡിഗ്രിക്ക് ഇപ്പോൾ 20% ആണ് വെയ്റ്റേജ്. മോഡറേഷൻ ഒഴിവാക്കണമെന്നും നിർദേശമുണ്ട്. ശുപാർശകൾ എത്രയും വേഗം നടപ്പാക്കുമെന്നു മന്ത്രി ആർ.ബിന്ദു അറിയിച്ചു. മറ്റു ശുപാർശകൾ ചുവടെ:
∙ 40% ഇന്റേണൽ അസസ്മെന്റിൽ 50% എഴുത്തുപരീക്ഷയിലൂടെയാകണം. ഇതിൽ ഭൂരിഭാഗവും ഹ്രസ്വ ഉത്തര ചോദ്യങ്ങളായിരിക്കും. ബാക്കി 50% കുറഞ്ഞത് 3 വ്യത്യസ്ത മൂല്യനിർണയ രീതികളിൽ വിലയിരുത്തണം. ഹാജരിനുള്ള വെയ്റ്റേജ് നിർത്തലാക്കണം. ഇന്റേണൽ അസസ്മെന്റ് ഫലം അവസാന സെമസ്റ്റർ പരീക്ഷയ്ക്കു രണ്ടാഴ്ച മുൻപെങ്കിലും പ്രസിദ്ധീകരിക്കണം.
∙ ഇന്റേണൽ അസസ്മെന്റ് പരാതി പരിഹാരത്തിനു ഡിപ്പാർട്മെന്റ്, കോളജ്, യൂണിവേഴ്സിറ്റി എന്നിങ്ങനെ ത്രിതല സംവിധാനം വേണം. മനഃപൂർവമല്ലാത്ത വീഴ്ചകൾക്കു ശിക്ഷ പാടില്ല. ഇന്റേണൽ, എക്സ്റ്റേണൽ മാർക്കുകളിലെ വലിയ വ്യത്യാസം പരിശോധിക്കാൻ സംവിധാനം വേണം.
∙ എല്ലാ പ്രായോഗിക, പ്രോജക്ട് വർക്കുകളുടെയും മൂല്യനിർണയം ഇന്റേണലായി നടത്തണം. പ്രാക്ടിക്കൽ വിഷയങ്ങൾക്ക് പരീക്ഷ ഒഴിവാക്കണം. ഓരോ ദിവസത്തെയും പ്രാക്ടിക്കലിനു മൂല്യനിർണയം നടത്തണം. മൂല്യനിർണയവും വൈവാവോസിയും സെമസ്റ്ററിന്റെ അവസാനം കോളജ് നിയമിക്കുന്ന എക്സ്റ്റേണൽ എക്സാമിനർ നടത്തണം.
∙ എല്ലാ പ്രോഗ്രാമുകൾക്കും യുജിസി നിർദേശിച്ച 10 പോയിന്റ് സ്കെയിൽ ഗ്രേഡിങ്ങും ഡയറക്ട് ഗ്രേഡിങ്ങും പിന്തുടരാം. പിഎച്ച് ഡിക്കും ഇതു ബാധകമാക്കാം.
∙ എല്ലാ മുൻ സെമസ്റ്റർ പരീക്ഷകളും ജയിച്ചെങ്കിലും അവസാന സെമസ്റ്റർ എക്സ്റ്റേണൽ പരീക്ഷയിൽ 2 വിഷയം വരെ തോൽക്കുന്നവർക്കു സപ്ലിമെന്ററി പരീക്ഷ നടത്തണം. പ്രകൃതിക്ഷോഭം കാരണം അല്ലാതെ പരീക്ഷ മാറ്റിവയ്ക്കരുത്. എല്ലാ സർവകലാശാലകളും ഡിജിറ്റൽ ചോദ്യബാങ്കും ഓൺലൈൻ ചോദ്യക്കടലാസ് കൈമാറ്റവും നടപ്പാക്കണം.
∙ പരീക്ഷാഫലം 30 ദിവസത്തിനകം പ്രഖ്യാപിക്കണം. പ്രൊവിഷനൽ ഡിഗ്രി സർട്ടിഫിക്കറ്റ്, മാർക്ക് ലിസ്റ്റ്, ഗ്രേഡ് കാർഡുകൾ എന്നിവ ഫലം പ്രസിദ്ധീകരിച്ച് 15 ദിവസത്തിനകം ലഭ്യമാക്കണം.
∙ യുജി, പിജി പ്രവേശനം ജൂൺ, ജൂലൈയിൽ പൂർത്തിയാക്കണം. ടിസി നിർബന്ധമാക്കേണ്ടതില്ല.
∙ പിജി പ്രവേശനം ദേശീയപരീക്ഷ വഴിയാക്കണം. സർവകലാശാലാ വിദ്യാർഥികൾക്കും അധ്യാപകർക്കും യുണീക് ഐഡി നൽകണം. അധ്യാപക ഐഡി ആധാറുമായി ബന്ധിപ്പിക്കണം.
∙ പുനർമൂല്യനിർണയം ഓൺസ്ക്രീനിലാക്കണം. സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ ലഭിച്ചാൽ സ്കാൻ ചെയ്ത പകർപ്പ് വിദ്യാർഥിക്കു നൽകണം. പുനർമൂല്യനിർണയ ഫലം അപേക്ഷിക്കാനുള്ള അവസാന തീയതി മുതൽ 30 ദിവസത്തിനുള്ളിൽ പ്രസിദ്ധീകരിക്കണം. ഡോക്ടറൽ തീസിസ് മൂല്യനിർണയം 90 ദിവസത്തിനകം പൂർത്തിയാക്കണം.
∙ അടുത്ത വർഷം മുതൽ എല്ലാ സർവകലാശാലകളും പഠന ലക്ഷ്യത്തെ അടിസ്ഥാനമാക്കിയുള്ള വിദ്യാഭ്യാസ പദ്ധതി (ഔട്ട്കം ബേസ്ഡ് എജ്യുക്കേഷൻ) നടപ്പാക്കണം. പാഠ്യപദ്ധതി സർവകലാശാല തയാറാക്കണം. ക്രമേണ സിലബസും മൂല്യനിർണയ തന്ത്രങ്ങളും കോളജുകൾ വികസിപ്പിക്കണം.
∙ എല്ലാ സർവകലാശാലകളും സ്റ്റുഡന്റ് പോർട്ടൽ ഉറപ്പാക്കണം.
Content Summary : Higher Education Exam Panel Guidelines For UG PG Internal Assesment