ADVERTISEMENT

ബാഗില്ലാതെ സ്കൂളിൽ പോകുന്ന ഒരു സുന്ദര ദിവസത്തെക്കുറിച്ച് ഒന്നോർത്തു നോക്കിക്കേ. സ്കൂളിൽ പോകാനുള്ള മടിയൊക്കെ അങ്ങു പമ്പ കടക്കുമല്ലേ? എന്നാൽ ആഴ്ചയിലൊരു ദിവസം ബാഗില്ലാതെ സ്കൂളിലെത്താൻ വിദ്യാർഥികൾക്ക് അവസരം നൽകുകയാണ് ‌ഛത്തീസ്ഗഡ് വിദ്യാഭ്യാസ വകുപ്പ്. ആഴ്ചയിൽ ഒരു ദിവസം കുട്ടികൾ ബാഗ് ഇല്ലാതെ സ്‌കൂളിൽ വരട്ടെ എന്നതാണ് അവരുടെ തീരുമാനം. ശനിയാഴ്ചയാണ് ഇതിനായി തിരഞ്ഞെടുത്തിരിക്കുന്ന ദിവസം. അന്ന് പതിവു പഠന പ്രവർത്തനങ്ങൾ ഉണ്ടാകില്ല. ടെക്‌സ്റ്റ്ബുക്കോ നോട്ട് ബുക്കോ വേണ്ട. പകരം യോഗയും വ്യായാമവും കലാ, സാംസ്‌കാരിക പ്രവർത്തനങ്ങളും സംഘടിപ്പിക്കും.

 

സ്‌കൂൾ പേടിക്കേണ്ട ഇടമല്ലെന്ന ബോധം കുട്ടികളിലുണ്ടാക്കുക എന്നതാണ് ഈ പരിഷ്‌കാരത്തിന്റെ ലക്ഷ്യമെന്ന് അധികൃതർ പറയുന്നു. സ്‌കൂളുമായി കുട്ടികൾക്കുള്ള മാനസിക ബന്ധം കൂട്ടുക, അധ്യാപകരും വിദ്യാർഥികളും തമ്മിലുള്ള ബന്ധം ഊഷ്മളമാക്കുക, പഠനത്തിൽ ആരുടെയും നിർബന്ധമില്ലാതെ മുന്നോട്ടുപോകാൻ കുട്ടികളെ പ്രാപ്തരാക്കുക, ശാരീരികവും മാനസികവുമായ ആരോഗ്യമുള്ള പുതു തലമുറയെ സൃഷ്ടിക്കുക എന്നിവയാണ് ഈ വേറിട്ട ആശയത്തിന്റെ ലക്ഷ്യങ്ങൾ.

 

പുതിയ പരിഷ്‌കാരം എത്രയും വേഗം നടപ്പിലാക്കാനാണ് ജില്ലാ ഭരണകൂടങ്ങളോട് സർക്കാർ ആവശ്യപ്പെട്ടിരിക്കുന്നത്. സാധാരണ പോലെ പ്രഖ്യാപനങ്ങൾ ഒരു വഴിക്കും നടപ്പിലാക്കുന്നതു പിന്നീടുമെന്ന പഴി ഇക്കാര്യത്തിൽ ഉണ്ടാകില്ലെന്ന് ഉറപ്പാക്കുന്നതിന്റെ ഭാഗമായാണിത്. 1 മുതൽ 8 വരെ ക്ലാസ്സുകാർക്കാണ് ഇതിന്റെ ഗുണം ലഭിക്കുക. 9 മുതലുള്ള ക്ലാസ്സിൽ കൂടുതൽ പഠിക്കാനുള്ളതുകൊണ്ടുതന്നെ അവരെ ഇതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

 

ഓരോ സ്‌കൂളിലെയും പ്രിൻസിപ്പൽമാർ സ്‌കൂളിൽ നടത്താവുന്ന പദ്ധതികളുടെ വിശദ പദ്ധതി രേഖ തയാറാക്കണം. നോട്ടിസ് ബോർഡിൽ ഇക്കാര്യം അറിയിക്കുന്ന വിശദമായ വാർത്ത പ്രദർശിപ്പിച്ചിരിക്കണം. കുട്ടികളുടെ കലാസൃഷ്ടികൾ ഉൾപ്പെടെയുള്ളവ പ്രദർശിപ്പിക്കാനും സൗകര്യം ഉണ്ടായിരിക്കണം. അലസരായും മടി പിടിച്ചവരായും തലയും താഴ്ത്തിയും ഒരു കുട്ടിയും സ്‌കൂളിലെത്തരുത് എന്നതാണ് പദ്ധതിയുടെ ലക്ഷ്യമെന്നും ആഹ്ലാദത്തോടെ, ആവേശത്തോടെ, നിറഞ്ഞ ചിരിയോടെ സ്‌കൂളിലേക്ക് ഓടിയെത്തുന്ന കുട്ടികളെ മുന്നിൽക്കണ്ടാണ് നിയമം നടപ്പാക്കുന്നതെന്നും അധികൃതർ പറയുന്നു. അങ്ങനെയൊരു സാധ്യതയെക്കുറിച്ച് കേൾക്കുമ്പോൾത്തന്നെ കുട്ടികളുടെ മുഖത്തു വിരിയുന്ന ചിരിയാണ് ബാഗ് ഇല്ലാത്ത ദിവസം എന്ന ആശയത്തെ ആവേശകരമാക്കുന്നതും.

 

Content Summary : Chhattisgarh Schools To Go 'Bagless' On Saturdays

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com