‘ഭരണം സുഗമമാകാൻ ഉദ്യോഗസ്ഥരും രാഷ്ട്രീയനേതൃത്വവും കൈകോർക്കണം’ : രാജീവ്കുമാർ ചൗധരി
Mail This Article
കോട്ടയം ∙ ഉദ്യോഗസ്ഥവൃന്ദവും രാഷ്ടീയലോകവും കൈകോർത്തു പ്രവർത്തിക്കേണ്ടവരാണെന്നു സബ് കലക്ടർ രാജീവ്കുമാർ ചൗധരി. മനോരമ ഇയർബുക്ക് ഓൺലൈനും മനോരമ ഹൊറൈസണും ചേർന്നു നടത്തുന്ന ‘ഡ്രീമിങ് ബിഗ്’ സിവിൽ സർവീസ് സംവാദപരമ്പരയിൽ കഞ്ഞിക്കുഴി മൗണ്ട് കാർമൽ സ്കൂളിലെ കുട്ടികളുടെ ചോദ്യങ്ങൾക്കു മറുപടി നൽകുകയായിരുന്നു അദ്ദേഹം.
ഭരണനിർവഹണത്തിൽ രാഷ്ട്രീയലോകവും ബ്യൂറോക്രസിയും ഒന്നിച്ചു നിന്നേ തീരൂ. ലക്ഷക്കണക്കിനു ജനങ്ങൾ വോട്ടു ചെയ്താണു ഭരണാധികാരികളെ തിരഞ്ഞെടുക്കുന്നത്. ജനകീയാടിത്തറയും അനുഭവജ്ഞാനവുമാണ് അവരെ നയിക്കുന്നത്. ഉദ്യോഗസ്ഥവൃന്ദവും ഭരണവർഗവും ഭരണഘടന നൽകുന്ന അധികാരാതിർത്തികൾക്കുള്ളിൽനിന്നു ജനക്ഷേമം മുൻനിർത്തി പ്രവർത്തിക്കുമ്പോൾ ഭരണം സുഗമമാകും.
പേമാരിയും പ്രളയവും തുടർക്കഥയാകുമ്പോൾ ദുരന്തങ്ങൾ മുൻകൂട്ടി കണ്ടു തയാറെടുപ്പു നടത്തേണ്ടതു സിവിൽ സർവന്റിന്റെ ഉത്തരവാദിത്തമാണ്. കോവിഡ് കാലത്ത് കോട്ടയം ജില്ലയിൽ ഓക്സിജൻ വേണ്ടത്ര ലഭ്യമായത് ഇത്തരം ഇടപെടൽ കാരണമാണ്.
ഒട്ടേറെ കുട്ടികൾ ഉന്നതവിദ്യാഭ്യാസത്തിനു വിദേശ സർവകലാശാലകൾ തിരഞ്ഞെടുക്കുന്നത് എന്തുകൊണ്ടെന്ന ചോദ്യത്തിന് ഏറ്റവും മികച്ച അവസരങ്ങൾ വിനിയോഗിക്കുന്നതിൽ തെറ്റില്ലെന്നായിരുന്നു മറുപടി. രാജസ്ഥാനിലെ ഗ്രാമത്തിൽ ജനിച്ച താൻ സർക്കാർ സ്കൂളിലാണു പഠിച്ചതെങ്കിലും ഐഎഎസ് നേടാൻ അതു തടസമായില്ലെന്നു രാജീവ് കുമാർ ചൗധരി പറഞ്ഞു.
മനോരമ ഇയർബുക്ക് എഡിറ്റർ ഇൻചാർജ് തോമസ് ഡൊമിനിക്, മനോരമ ഹൊറൈസൻ ബിസിനസ് ഹെഡ് ഡോ. രാജീവ് രാമചന്ദ്രൻ, മൗണ്ട് കാർമൽ വിദ്യാനികേതൻ സ്കൂൾ പ്രിൻസിപ്പൽ സ്മിത ജെയിംസ്, ജിത ജോർജ് എന്നിവർ പ്രസംഗിച്ചു. നാനൂറോളം കുട്ടികൾ പങ്കെടുത്തു.
Content Summary : Manorama Horizon and Manorama Yearbook Online jointly conducted Dreaming Big Civil Service Debate in Carmel School Kottayam