നാക് എ++ ഗ്രേഡിന്റെ തിളക്കവുമായി കിറ്റ്‌സ്
Mail This Article
നാഷണല്‍ അസസ്‌മെന്റ് ആന്‍ഡ് അക്രഡിറ്റേഷന്‍ കൗണ്‍സിലിന്റെ (നാക്) ഏറ്റവും ഉയര്‍ന്ന ഗ്രേഡിങ്ങായ എ++സ്വന്തമാക്കി കോയമ്പത്തൂരിലെ കാരുണ്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ആന്‍ഡ് സയന്‍സസ് (കിറ്റ്‌സ്). 2022 ഓഗസ്റ്റ് 10 മുതല്‍ 12 വരെയാണ് നാക്കിന്റെ ഏഴംഗ സംഘം കിറ്റ്‌സ് സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. കോളജിലെ വിവിധ വകുപ്പുകളും ലബോറട്ടറികളും സന്ദര്‍ശിച്ച സംഘം അടിസ്ഥാനസൗകര്യങ്ങളും ഗവേഷണ പ്രവര്‍ത്തനങ്ങളും മറ്റ് സംവിധാനങ്ങളും വിലയിരുത്തി.
അക്കാദമിക, ഗവേഷണ രംഗങ്ങളിലെയും നൂതനാശയങ്ങളും ഇന്‍ക്യുബേഷനുമായി ബന്ധപ്പെട്ട മേഖലകളിലെയും പഠനാനുബന്ധ, ഔട്ടീറീച്ച് പ്രവര്‍ത്തനങ്ങളിലെയും സുപ്രധാന സംഭാവനകള്‍ പരിഗണിച്ചാണ് ഈ വിശിഷ്ട അംഗീകാരം കിറ്റ്‌സിന് നല്‍കാന്‍ നാക് തീരുമാനിച്ചത്. 4.0 വ്യവസായ അനുകൂല അന്തരീക്ഷം, പാഠ്യക്രമം, ഡിജിറ്റല്‍ അധ്യാപന, പഠന പ്രവൃത്തികള്‍, അത്യന്താധുനിക അടിസ്ഥാന സൗകര്യങ്ങള്‍, സുതാര്യമായ ഭരണനിര്‍വഹണം, 25 കോടി രൂപ ഫണ്ടുള്ള പദ്ധതികള്‍, നൂറിലധികം പേറ്റന്റ് അപേക്ഷകള്‍, 14 അംഗീകാരം ലഭിച്ച പേറ്റന്റുകള്‍, സ്‌കോപസ്, ഡബ്യുഒഎസ് ഇന്‍ഡെക്‌സ്ഡ് ജേണലുകളില്‍ പ്രസിദ്ധീകരിക്കപ്പെട്ട 6300 പേപ്പറുകള്‍, ഇന്‍ക്യുബേഷനും സംരഭകത്വവും പ്രോത്സാഹിപ്പിക്കുന്ന സെക്ഷന്‍ 8 പ്രകാരമുള്ള കമ്പനി, സാങ്കേതിക കൈമാറ്റത്തിന് ദത്തെടുക്കപ്പെട്ട ഗ്രാമങ്ങള്‍, ജല ശാസ്ത്ര, സാങ്കേതിക രംഗങ്ങളിലെ വേറിട്ട സംഭാവനകള്‍, വ്യത്യസ്ത മേഖലകളിലായി നടപ്പാക്കപ്പെട്ട 25 സാങ്കേതിക ദൗത്യങ്ങള്‍ എന്നിവയെല്ലാം കിറ്റ്‌സിന്
നാക് അക്രഡിറ്റേഷന്‍ ലഭിക്കുന്നതിലേക്ക് നയിച്ച ഘടകങ്ങളായി.
കാരുണ്യയിലെ എല്ലാ കോഴ്‌സുകള്‍ക്കും യുജിസിയുടെ അംഗീകാരം ലഭിച്ചിട്ടുള്ളതാണ്. എന്‍ജിനീയറിങ്, എംബിഎ കോഴ്‌സുകള്‍ക്ക് എഐസിടിഇയുടെയും അംഗീകരമുണ്ട്. 10 ബിരുദ, ബിരുദാനന്തരബിരുദ എന്‍ജിനീയറിങ്, മാനേജ്‌മെന്റ് പ്രോഗ്രാമുകള്‍ക്ക് എന്‍ബിഎയുടെ അക്രഡിറ്റേഷനും ലഭിച്ചിട്ടുണ്ട്. 2022ലെ എആര്‍ഐഐഎ റാങ്കിങ്ങില്‍ സെല്‍ഫ് ഫൈനാന്‍സിങ് സ്ഥാപനങ്ങളുടെ കൂട്ടത്തില്‍ ബാന്‍ഡ് എക്‌സലന്റ് കരസ്ഥമാക്കിയ സ്ഥാപനം കൂടിയാണ് കിറ്റ്‌സ്. ഓണ്‍ലൈന്‍ അധ്യാപന, പഠന പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായി ക്യുഎസ് ഐ-ഗേജില്‍ നിന്ന് ക്യുഎസ് ഇ-ലീഡ് സര്‍ട്ടിഫിക്കേഷനും കിറ്റ്‌സ് സ്വന്തമാക്കി.
ഏറ്റവും ആധുനികമായ സൗകര്യങ്ങളുള്ള ലബോറട്ടറികളാണ് കിറ്റ്‌സിന്റെ അക്കാദമിക, ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. ഇതില്‍ എട്ടെണ്ണം കേന്ദ്ര ലബോറട്ടറികളും പത്തെണ്ണം വ്യവസായ സഹായത്തോടെ സ്ഥാപിക്കപ്പെട്ടതുമാണ്. കേന്ദ്ര ഭക്ഷ്യ സംസ്‌കരണ വ്യവസായ മന്ത്രാലയം സ്‌പോണ്‍സര്‍ ചെയ്ത ലാബും, നാനോ-ദൗത്യത്തിന്റെ പിന്തുണയുള്ള ലാബും, എയറോസ്‌പേസ് എന്‍ജിനീയറിങ് ലാബിന്റെ സൂപ്പര്‍സോണിക്, സബ്‌സോണിക് വിന്‍ഡ് ടണലുകളും, മീഡിയ സെന്ററും, അനിമല്‍ ഹൗസും, പരീക്ഷണ പഠനങ്ങള്‍ക്കുള്ള എന്‍എംആര്‍ ലബോറട്ടറിയും, എഎഎസ്, ഇയോണ്‍ ക്രോമറ്റോഗ്രാഫ്, ഇലക്ട്രോ-കോഗുലേഷന്‍, ഇലക്ട്രോ-ഡയാലിസിസ്, സിഡിഐ സങ്കേതങ്ങള്‍ ഉപയോഗിച്ച് വെള്ളം ശുദ്ധിയാക്കുന്ന വാട്ടര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ലബോറട്ടറിയും നാക് വിദഗ്ധ സംഘത്തിന്റെ പ്രത്യേക അഭിനന്ദനങ്ങള്‍ നേടി. സീമെന്‍സ്, ഐബിഎം, സിസ്‌കോ, എന്‍വിഐഡിഐഎ, സ്യൂയസ്, എഎംഇസെഡ് ഓട്ടോമോട്ടീവ്, ടെസോള്‍വ് തുടങ്ങിയ കമ്പനികളുമായി ചേര്‍ന്ന് വിദ്യാര്‍ഥികള്‍ക്ക് വ്യാവസായിക പരിശീലനം നല്‍കി അവരെ സജ്ജരാക്കുന്നതിന് കിറ്റ്‌സ് ആരംഭിച്ച വ്യവസായ പങ്കാളിത്ത ലാബുകളും നാകിന്റെ അഭിനന്ദനങ്ങള്‍ കരസ്ഥമാക്കി.
വളര്‍ന്ന് വരുന്ന സാങ്കേതിക വിദ്യകളും, 4.0 വ്യവസായവുമായി ബന്ധപ്പെട്ട ഉപാധികളും, സുസ്ഥിര വികസനവും സംബന്ധിച്ച കാരുണ്യയുടെ 25 സാങ്കേതിക ദൗത്യങ്ങള്‍ മനുഷ്യരാശിയുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്ന പേപ്പറുകളും പേറ്റന്റുകളും വാണിജ്യ ഉത്പന്നങ്ങളും സംഭാവന ചെയ്യുന്നതായി നാക് വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. കായിക വിനോദങ്ങള്‍ക്കും ജിംനാസ്റ്റിക്‌സിനുമായി കാരുണ്യ ലഭ്യമാക്കുന്ന സൗകര്യങ്ങള്‍ വിദ്യാര്‍ഥികളുടെ സമഗ്ര വികസനത്തിന് വഴിയൊരുക്കുന്നു.
ഇന്ത്യയിലെയും വിദേശത്തെയും 80 പ്രമുഖ സ്ഥാപനങ്ങളും വ്യവസായ സംഘടനകളുമായും കാരുണ്യ ധാരണാപത്രങ്ങള്‍ ഒപ്പുവച്ചിട്ടുണ്ട്. ഇവിടുത്തെ വിദ്യാര്‍ഥികളും അധ്യാപകരും വികസിപ്പിച്ച ഉത്പന്നങ്ങളും പേറ്റന്റുകളും പ്രദര്‍ശിപ്പിക്കുന്ന ഇടമായ അണ്‍-ബോക്‌സ്, തമിഴ്‌നാട് പോലുള്ള ഭാഗികമായി വരണ്ട പ്രദേശങ്ങള്‍ക്ക് അനുയോജ്യമായ ജലവിഭവ സംവിധാന മാതൃകകള്‍ വിശദമാക്കുന്ന അക്വാ മ്യൂസിയ എന്നിവയും നാക് സംഘത്തിന്റെ ശ്രദ്ധ കവര്‍ന്നു. നാകിന്റെ ഈ പരമോന്നത ഗ്രേഡിങ് സ്വന്തമാക്കിയതില്‍ കിറ്റ്‌സിലെ അധ്യാപകരെയും വിദ്യാര്‍ഥികളെയും മറ്റ് സ്റ്റാഫ് അംഗങ്ങളെയും ചാന്‍സലര്‍ ഡോ. പോള്‍ ദിനകരനും ട്രസ്റ്റി സാമുവല്‍ ദിനകരനും അഭിനന്ദിച്ചു.
വിദ്യാഭ്യാസത്തിലൂടെയും സാമൂഹിക സേവനത്തിലൂടെയും മനുഷ്യകുലത്തെ സേവിക്കുക എന്ന ദൈവിക ദര്‍ശനത്തോടും താത്പര്യത്തോടും കൂടി ഡോ. പോള്‍ ദിനകരനും ദിവംഗതനായ ഡോ. ഡി.ജി.എസ് ദിനകരനും ചേര്‍ന്ന് 1986ല്‍ രൂപീകരിച്ച സ്ഥാപനമാണ് കാരുണ്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ആന്‍ഡ് സയന്‍സസ്. 2004 ജൂണ്‍ 23ന് കേന്ദ്ര മാനവ വിഭവശേഷി വികസന മന്ത്രാലയം കിറ്റ്‌സിന് കല്‍പിത സര്‍വകലാശാല പദവി നല്‍കി. ഉയരങ്ങളിലേക്ക് കുതിക്കുന്ന കിറ്റ്‌സിന്റെ പകരം വയ്ക്കാനാവാത്ത മികവിനുള്ള മറ്റൊരു അംഗീകാരമാവുകയാണ് ഇപ്പോള്‍ ലഭിച്ച നാക് എ++ ഗ്രേഡിങ്.
Content Summary : Karunya Institute of Technology and Sciences is accredited with the highest grade A++ by NAAC