പഠനത്തിനൊപ്പം വരുമാനം; വീട്ടുൽപന്നങ്ങളുടെ തനിമ ചോരാതെ ‘തന്മ’യിലൂടെ വിപണിയിലെത്തിക്കാൻ വിദ്യാർഥികൾ
Mail This Article
ഇൻസ്റ്റഗ്രാമിൽ ഒരു റീലിനും ഫെയ്സ്ബുക്കിലെ അപ്ഡേഷനും അപ്പുറം കലാലയ ജീവിതത്തിനു വേറിട്ട വഴികൾ ഉണ്ടെന്നു കാട്ടിത്തരികയാണ് കുറവിലങ്ങാട് ദേവമാതാ കോളജിലെ തന്മ എന്ന കൂട്ടായ്മ. ഇവിടെ പഠനത്തിനു ജീവിതപാഠത്തിന്റെ സൗന്ദര്യവും രുചിയും നിറക്കൂട്ടുമുണ്ട്.
നാഷനൽ സർവീസ് സ്കീമിന്റെ സഹകരണത്തോടെയാണ് ബിരുദ ബിരുദാനന്തര വിദ്യാർഥികൾ ഒത്തുചേർന്ന് തന്മ രൂപീകരിച്ചത്. ഭക്ഷ്യ ഉൽപന്നങ്ങൾ മുതൽ ശുചീകരണ വസ്തുക്കൾ വരെ വീട്ടിൽ ഉൽപാദിപ്പിക്കുന്ന വിദ്യാർഥികളുടെ കൂട്ടായ്മയാണിത്.
ഭക്ഷ്യ ഉൽപന്നങ്ങൾ, ഓർഗാനിക് ഉൽപന്നങ്ങൾ, മൂല്യവർധിത ഉൽപന്നങ്ങൾ, ആർട്സ് ആൻഡ് ക്രാഫ്റ്റ്സ്, കളിപ്പാട്ടങ്ങളും ആഭരണങ്ങളും, ക്ലീനിങ് ഉൽപന്നങ്ങൾ എന്നിവ വിപണിയിലെത്തും. അച്ചാറും ചിപ്സും കേക്കുകളും വീട്ടിൽ നിർമിച്ചുവിൽക്കുന്ന വിദ്യാർഥികൾ പത്തിലധികമുണ്ട്. കപ്പ, ചക്ക എന്നിവയിൽ നിന്നു മൂല്യവർധിത ഉൽപന്നങ്ങൾ നിർമിക്കുന്ന 5 വിദ്യാർഥികളുമുണ്ട്.
മെഹന്തി ഡിസൈനർമാർ, തടിയിലും പാഴ്‌വസ്തുക്കളിലും നിന്ന് ഉൽപന്നങ്ങൾ നിർമിക്കുന്നവർ, മെറ്റൽ ക്രാഫ്റ്റ്സിൽ മികവു തെളിയിച്ചവർ എന്നിവരും കൂട്ടായ്മയിലുണ്ട്. കുപ്പിയിൽ ചിത്രം വരയ്ക്കാനായി വിദ്യാർഥികൾ ശേഖരിച്ചത് പലരും വലിച്ചെറിഞ്ഞവ. വെളിച്ചെണ്ണയും ഓർഗാനിക് മഞ്ഞൾപ്പൊടിയും അച്ചാറുകളുമൊക്കെ വിദ്യാർഥികളുടേതായി പുറത്തിറങ്ങും. പഠനത്തിനൊപ്പം വരുമാനമെന്നതാണ് സന്ദേശം. ഉൽപന്നങ്ങൾ നവംബർ ഒന്നു മുതൽ കുറവിലങ്ങാട്ടെ വ്യാപാര സ്ഥാപനങ്ങളിൽ ലഭ്യമാക്കും.
കോളജിലെ ഓപ്പറേറ്റീവ് സ്റ്റോറുമായി സഹകരിച്ചു വിൽപന കേന്ദ്രം തുടങ്ങാനും പദ്ധതിയുണ്ട്. കോളജിൽ വർഷത്തിൽ രണ്ടു തവണ പ്രദർശനം, ആദ്യ വെള്ളിയാഴ്ചകളിൽ പള്ളിക്കവലയിൽ പ്രത്യേക സ്റ്റാൾ, മറ്റു പ്രദർശന കേന്ദ്രങ്ങളിൽ സ്റ്റാളുകൾ എന്നിവയും തന്മയുടെ തുടർ പ്രവർത്തനങ്ങളിൽ ഉൾപ്പെടുന്നു. തന്മ ഒരു തുടർപ്രവർത്തനമാണ്. പഠനത്തിനു ശേഷം ഒരു കൂട്ടം വിദ്യാർഥികൾ കലാലയത്തിന്റെ പടിയിറങ്ങുമ്പോൾ പുതിയ അംഗങ്ങൾ എത്തും. ഒപ്പം പുതിയ ഉൽപന്നങ്ങളും.
പ്രിൻസിപ്പൽ ഡോ.സുനിൽ സി.മാത്യു, ബർസാർ ഫാ.ജോയൽ ജേക്കബ് പണ്ടാരപ്പറമ്പിൽ, എൻഎസ്എസ് പ്രോഗ്രാം ഓഫിസർമാരായ ഡോ.ആൻസി സെബാസ്റ്റ്യൻ, റെനീഷ് തോമസ്, ജനറൽ കോഓർഡിനേറ്റർ ജോബിൻ ചാമക്കാല, ഡോ.ടോണി തോമസ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രവർത്തനം.
വീടുകളിൽ നിന്നുള്ള ഉൽപന്നങ്ങളുമായി വിദ്യാർഥികൾ കലാലയത്തിലേക്ക്; കുറവിലങ്ങാട് ദേവമാതാ കോളജിൽ പുതിയൊരു തുടക്കം
കുറവിലങ്ങാട് ദേവമാതാ കോളജിലെ തന്മ അംഗങ്ങളായ വിദ്യാർഥികൾ അധ്യാപകരായ ഡോ.ജോബിൻ ചാമക്കാല, റെനീഷ് തോമസ്, ഡോ.സിസ്റ്റർ ഫ്രാൻസി പോൾ , ഡോ. ആൻസി സെബാസ്റ്റ്യൻ, ഡോ.ബിൻസി മാത്യു എന്നിവർക്കൊപ്പം കോളജിലെ പടവുകളിൽ.
Content Summary : Devamatha College students new initiative for selling home made product