ADVERTISEMENT

മൂൺലൈറ്റിങ്ങോ മൾട്ടി ടാസ്ക്കിങ്ങോ? ഞങ്ങൾക്ക് മൾട്ടി ടാസ്ക്കിങ് അറിയാം, മണിക്കൂറിന് 20 ഡോളർ (1700) രൂപ വീതം വാങ്ങി പല കമ്പനികൾക്കു പല പണികൾ മാറിമാറി ചെയ്യും. അതു ഞങ്ങളുടെ കഴിവ്! ഒരേ കമ്പനിയോടു മാത്രം കൂറുപുലർത്താനൊക്കില്ല.!!

 

career-resignation-pcess609-istock
Representative Image. Photo Credit : Pcess609 / iStock.com

ചെക്കൻ ഹിപ്പിയായി മുടി നീട്ടി വളർത്തി, അല്ലെങ്കിൽ പെണ്ണ് മുടി ബോബ് ചെയ്തു...ഇത്തരം ചില്ലറ സംഗതികളായിരുന്നു പഴയ കാലത്തെ തലമുറ മാറ്റം. അക്കാലത്ത് ഈ ‘കുസൃതികൾ’ കാട്ടിക്കൂട്ടിയവർ ഇന്ന് അപ്പൂപ്പനും അമ്മൂമ്മയുമായി പുതിയ പിള്ളാരുടെ ചെയ്തികൾ പിടിക്കുന്നില്ലെന്ന മട്ടിൽ നടക്കുന്നുണ്ട്. പക്ഷേ ഇപ്പോൾ കാണുന്നത് പഴയ കാലത്തെ പോലെ ചില്ലറ മാറ്റമല്ല, തല തന്നെ മാറുന്ന തലമുറ മാറ്റമാണ്.

 

ജനറേഷൻ സെഡ് എന്നാണ് പുതിയ തലമുറയെ വിളിക്കുന്നത്. ആഗോള ഭൂഗോളത്തിലെ ആദ്യ ഡിജിറ്റൽ തലമുറ. ജനിച്ചു വീണപ്പോഴേ ടാബും സ്മാർട്ട് ഫോണും ഉണ്ടായിരുന്നു. അവരുടെ ‘സുബാവം’ ആകെ വേറൊരു ലൈൻ. 

career-office-tension-fizkes-shutterstock
Representative Image. Photo Credit : Fizkes / Shutterstock.com

ഐടിയിൽ ജോലിക്കു കയറി ഇപ്പോൾ പ്രായം മുപ്പതുകളുടെ അവസാനം എത്തിയവരോട് ‘ചേട്ടൻ ഈ കമ്പനിയിൽ എത്ര കൊല്ലമായി’ എന്നൊരു ചോദ്യം അവർ ചോദിക്കും. മറുപടി കേട്ടാൽ കണ്ണുകൾ മേലോട്ട് മറിയും, ഏതോ അന്യഗ്രഹ ജീവിയെ കണ്ടതുപോലെ നോക്കും. ഇവർ എങ്ങും 3 വർഷത്തിൽ കൂടുതൽ നിൽക്കാൻ ഉദ്ദേശിക്കുന്നില്ല. ചാടിച്ചാടി നടക്കും. എങ്ങും ജോലിക്കു കയറാതെ ഫ്രീലാൻസ് ചെയ്യുന്നവരുമുണ്ട്.

 

ഒരു കമ്പനിയിൽ 10 ലക്ഷം വാർഷിക ശമ്പളത്തിലിരിക്കുമ്പോൾ വേറൊരിടത്ത് 20 ലക്ഷത്തിനു കയറാൻ ഓഫർ ലെറ്റർ ഒപ്പിക്കും. നിലവിലുള്ള കമ്പനിയിൽ 3 മാസം നോട്ടിസ് കാലാവധിയുള്ളതിനാൽ അതു കഴിഞ്ഞേ പിരിയാൻ പറ്റൂ. ഈ 3 മാസക്കാലത്ത് 20 ലക്ഷത്തിന്റെ ഓഫർ ലെറ്റർ കാണിച്ച് വേറൊരു കമ്പനിയിൽ കൂടുതൽ വലിയ പാക്കേജിനു ശ്രമിക്കും. എടാ വഞ്ചകാ!

 

ഒന്നിനും കുറവില്ലാതെ സ്മാർട് ഫോണിലും ടാബിലും തോണ്ടിക്കളിച്ച് ‘കുട്ടികൾ’ വളർന്ന സാഹചര്യം അങ്ങനെ ആയതുകൊണ്ടാകാം എന്നാണ് വിപണിയിലെ ആശ്വാസവാക്ക്. ഒരു ജോലിക്ക് കയറി, ചെറിയ ശമ്പളം ആദ്യം വാങ്ങി പതുക്കെ കരിയറിൽ ഉന്നത നിലയിലെത്താൻ താൽപ്പര്യമില്ല. എല്ലാം എടുപിടീന്ന് വേണം. ഇവർ എങ്ങും സ്ഥിരപ്പെടാതെ മണിക്കൂറിനു കൂലി വാങ്ങുന്ന അവസ്ഥയിൽ തന്നെ തുടരേണ്ടി വരുമെന്ന് സീനിയർമാരുടെ വാണിങ് ഉണ്ടെങ്കിലും ആരു കേൾക്കാൻ. ബന്ധങ്ങളും വിശ്വാസവും ഇല്ല. കമ്പനികൾക്കു തിരിച്ചും അതേ മനോഭാവമായി. 

 

ഒടുവിലാൻ∙ അപേക്ഷകന്റെ റെസ്യൂമെയിൽ 7 വർഷം പരിചയം, 4 കമ്പനികളിൽ ജോലി. ഒരിടത്തും ശരാശരി 2 വർഷം തികച്ച് ഇല്ല. റിജക്റ്റ്.

 

Content Summary : Employee attrition rate - Career trends of Gen Z

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com