ഉദ്യോഗാർഥികളുടെ ആ നിർദേശം പ്രായോഗികമല്ല, ദുരുപയോഗം ചെയ്യപ്പെടാം; പുതിയ മാറ്റങ്ങളെക്കുറിച്ച് പിഎസ്‌സി ചെയർമാൻ എം.കെ.സക്കീർ
Mail This Article
പിഎസ്‌സി ചെയർമാൻ പദവിയിൽ 6 വർഷം പൂർത്തിയാക്കി ഈ മാസം 31നു വിരമിക്കുമ്പോഴും, പുതിയ ഒട്ടേറെ പരിഷ്കാരങ്ങളുടെ പണിപ്പുരയിലാണ് എം.കെ.സക്കീർ. ഒട്ടേറെ പരിഷ്കാരങ്ങൾ കൊണ്ടുവന്ന അനുഭവങ്ങൾക്കൊപ്പം വരാനിരിക്കുന്ന മാറ്റങ്ങളും ‘തൊഴിൽവീഥി’ക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ അദ്ദേഹം പങ്കുവയ്ക്കുന്നു.
പുനഃപരിശോധന, കോപ്പി ഇനി 45 ദിവസത്തിനകം
പിഎസ്‌സി പരീക്ഷകളുടെ ഉത്തരക്കടലാസ് പുനഃപരിശോധനയ്ക്കും ഫോട്ടോ കോപ്പിക്കുമുള്ള അപേക്ഷകർക്കു 45 ദിവസത്തിനകം മറുപടി നൽകാൻ തീരുമാനിച്ചിട്ടുണ്ട്. റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ച് 45 ദിവസത്തിനകം അപേക്ഷിക്കണമെന്ന നിബന്ധന 30 ദിവസവുമാക്കും. ഉത്തരക്കടലാസ് സ്കാൻ ചെയ്തു സൂക്ഷിക്കാൻ പ്രത്യേക മെഷിൻ വാങ്ങി. ഇതിൽനിന്നാണു കോപ്പി ലഭ്യമാക്കുക.
പൊതുപരീക്ഷാരീതി സ്വീകരിക്കപ്പെട്ടു
ഒരേ വിദ്യാഭ്യാസയോഗ്യതയുള്ള തസ്തികകൾക്കു പൊതുപരീക്ഷാ രീതി തുടരും. ഇതിനോട് ഉദ്യോഗാർഥികൾ പരിചയപ്പെട്ടു കഴിഞ്ഞു. പരീക്ഷകളെ ഗൗരവത്തോടെ കാണുന്നവർക്കേ ഇനി സർക്കാർ ജോലി നേടാൻ കഴിയൂ. പൊതുപരീക്ഷയിൽ ഒരേ ഉദ്യോഗാർഥി ഒന്നിലേറെ ലിസ്റ്റിൽ ഉൾപ്പെടുമെന്ന വാദത്തിൽ കഴമ്പില്ല. പ്രിലിമിനറി പരീക്ഷയ്ക്കുശേഷമുള്ള ലിസ്റ്റിൽ കൂടുതൽ ആളെ ഉൾപ്പെടുത്തുന്നതിനാൽ ഇങ്ങനെ സംഭവിച്ചേക്കും. എന്നാൽ, ഓരോ തസ്തികയ്ക്കും പ്രത്യേകം മെയിൻ പരീക്ഷയാണു നടത്തുന്നത്. തസ്തികയുടെ സ്വഭാവുമായി ബന്ധപ്പെട്ട ചോദ്യങ്ങളും പരീക്ഷയിലുണ്ട്. അതിനാൽ ഒരേ ഉദ്യോഗാർഥി എല്ലാ ലിസ്റ്റിലും മുന്നിലെത്തുന്ന സാഹചര്യം ഉണ്ടാകുന്നില്ല.
എല്ലാ ജില്ലയിലും സ്വന്തം ഓൺലൈൻ പരീക്ഷാകേന്ദ്രം
പിഎസ്‌സിയുടെ 50% പരീക്ഷകളും ഓൺലൈനിലേക്കു മാറി. ചില മാസങ്ങളിൽ ഒഎംആർ പരീക്ഷകളേക്കാൾ ഓൺലൈൻ പരീക്ഷകളാണ്. 10,000 പേർ വരെ അപേക്ഷിച്ച തസ്തികകളുടെ പരീക്ഷയാണ് ഇപ്പോൾ ഓൺലൈനിൽ നടത്തുന്നത്. മിക്ക ജില്ലകളിലും പിഎസ്‌സിക്കു സ്വന്തമായി പരീക്ഷാകേന്ദ്രം ഉള്ളതിനാൽ പുറത്തു സെന്റർ കണ്ടെത്തുന്നതു കുറച്ചിട്ടുണ്ട്. വൈകാതെ എല്ലാ ജില്ലകളിലും പിഎസ്‌സിക്കു സ്വന്തം ഓൺലൈൻ പരീക്ഷാകേന്ദ്രങ്ങൾ സ്ഥാപിക്കും. നിയമന ശുപാർശ തയാറാക്കുന്നതും ഓൺലൈനിലേക്കു മാറുകയാണ്. ഇതിനുള്ള സോഫ്‌റ്റ്‌വെയർ തയാറാക്കുന്ന നടപടി അന്തിമഘട്ടത്തിലാണ്. പരീക്ഷണാടിസ്ഥാനത്തിൽ വൈകാതെ നടപ്പാക്കും.
സർക്കുലർ ഏകീകരണം: 600 എണ്ണം 25 ആയി
റിക്രൂട്മെന്റ് നടപടികളുമായി ബന്ധപ്പെട്ട സർക്കുലറുകളുടെ ഏകീകരണം പൂർത്തിയാക്കി. 20 വർഷമായി ശ്രമിക്കുന്ന കാര്യമാണിത്. അറുനൂറിലധികം സർക്കുലറുകൾ ഉണ്ടായിരുന്നത് 25 ആയി. പിഎസ്‌സി ജീവനക്കാർക്ക് ഇതു സംബന്ധിച്ചു പരിശീലനം നൽകാൻ തുടങ്ങി. തിരഞ്ഞെടുപ്പു മാന്വലും പരിഷ്കരിച്ചു.
ലക്ഷക്കണക്കിന് ചോദ്യം ഉൾപ്പെടുത്തിയ ശേഖരം
ലക്ഷക്കണക്കിനു ചോദ്യങ്ങൾ ഉൾപ്പെടുത്തി പിഎസ്‌സി ചോദ്യ ബാങ്ക് തയാറാക്കിയിട്ടുണ്ട്. 10th, +2, ഡിഗ്രി ലെവൽ പ്രിലിമിനറി ഉൾപ്പെടെ വിവിധ പരീക്ഷകളുടെ ചോദ്യങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതു കൃത്യമായി അപ്‌ഡേറ്റ് ചെയ്യാനും സംവിധാനമായി. ചോദ്യ ബാങ്ക് വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കാൻ ആലോചിച്ചെങ്കിലും വേണ്ടെന്നുവച്ചു. ഉദ്യോഗാർഥികളിൽനിന്നു ചോദ്യം സ്വീകരിക്കാനുള്ള ശ്രമവും ഉപേക്ഷിച്ചു.
ക്ലോക്ക് വയ്ക്കേണ്ടത് പിഎസ്‌സിയല്ല
പരീക്ഷാകേന്ദ്രത്തിൽ ക്ലോക്ക് സ്ഥാപിക്കാൻ നിർദേശം നൽകാമെന്നല്ലാതെ കൂടുതൽ ഇടപെടൽ നടത്താൻ പിഎസ്‌സിക്കു ബുദ്ധിമുട്ടാണ്. പരീക്ഷ നടക്കുന്ന സ്കൂൾ/കോളജ് അധികൃതരാണ് ഇതു നടപ്പാക്കേണ്ടത്. സാമൂഹിക ബാധ്യതയായി കണ്ട് അവർ ക്ലാസ് റൂമുകളിൽ ക്ലോക്ക് സ്ഥാപിക്കുമെന്നാണു പ്രതീക്ഷ.
ലിസ്റ്റിലെ മാറ്റം: പ്രൊഫൈൽ അപേക്ഷ പ്രായോഗികമല്ല
റാങ്ക് ലിസ്റ്റിൽനിന്ന് ഒഴിവാകാനുള്ള (റിലിൻക്വിഷ്മെന്റ്) ഉദ്യോഗാർഥികളുടെ അപേക്ഷ പ്രൊഫൈൽ വഴി സ്വീകരിക്കണമെന്ന നിർദേശം പ്രായോഗികമല്ല. ഇതു ദുരുപയോഗം ചെയ്യപ്പെടാം. കഠിനപ്രയത്നത്തിനൊടുവിൽ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടയാൾ തന്നെയാണോ ആ ജോലി ഉപേക്ഷിക്കുന്നത് എന്നുറപ്പാക്കേണ്ട ചുമതല പിഎസ്‌സിക്കുണ്ട്. അതിനാലാണു സിഗ്‌േനച്ചർ വെരിഫിക്കേഷൻ ഉൾപ്പെടെ ഏർപ്പെടുത്തിയത്. റിലിൻക്വിഷ്മെന്റിനു നിശ്ചിത ഫോമുണ്ട്. അപേക്ഷ നിരസിക്കുന്നതുൾപ്പെടെ നടപടികൾ കുറയാൻ ഇത് ഇടയാക്കും. റാങ്ക് ലിസ്റ്റ് സൈറ്റിൽ പ്രസിദ്ധീകരിച്ച് 15 ദിവസത്തെ സമയമാണ് ഇതിന് അനുവദിച്ചിട്ടുള്ളത്.
നടപ്പാക്കാനാവാത്തത് വിവരണാത്മക പരീക്ഷ
പ്രധാന തസ്തികകളിൽ ഒഎംആർ പരീക്ഷയ്ക്കു പകരം വിവരണാത്മക പരീക്ഷ നടത്തണമെന്ന് ആഗ്രഹിച്ചിരുന്നു. ഗസറ്റഡ് തസ്തികകളിലെങ്കിലും ഇതു പ്രാവർത്തികമാക്കാൻ ശ്രമിച്ചു. മൂല്യനിർണയത്തിന് അധ്യാപകരെ കിട്ടാനുള്ള ബുദ്ധിമുട്ടു കാരണം ഇതു പൂർണതോതിൽ നടപ്പാക്കാൻ കഴിഞ്ഞില്ല. അധ്യാപകസമൂഹം അനുഭാവത്തോടെ സഹകരിച്ചാൽ ഇക്കാര്യം നടപ്പാക്കാവുന്നതേയുള്ളൂ.
പ്രൊഫൈൽ ബ്ലോക്ക് മാറ്റിയത് മാനുഷികത വച്ച്
കൺഫർമേഷൻ നൽകിയശേഷം പരീക്ഷ എഴുതാത്തവരുടെ പ്രൊഫൈൽ ബ്ലോക്ക് ചെയ്യാൻ ആലോചിച്ചെങ്കിലും അത്യാവശ്യകാര്യങ്ങളാൽ പരീക്ഷ എഴുതാത്തവർക്ക് അതു ബുദ്ധിമുട്ടാകുമല്ലോ എന്നു കരുതി ഒഴിവാക്കിയതാണ്. തുടക്കത്തിൽ കൺഫർമേഷൻ നൽകുന്ന ഭൂരിഭാഗവും പരീക്ഷ എഴുതുമായിരുന്നു. ഇപ്പോൾ കുറഞ്ഞു. കൺഫർമേഷൻ നൽകുന്ന എല്ലാവരും പരീക്ഷ എഴുതാൻ ശ്രദ്ധിക്കണം.
ഷോർട്/സാധ്യതാ ലിസ്റ്റിൽ ഉൾപ്പെട്ടവർ യോഗ്യതാ സർട്ടിഫിക്കറ്റുകൾ കൃത്യമായി തയാറാക്കി വയ്ക്കണം. മാനുഷിക പരിഗണന നൽകി ചിലർക്ക് ഇതിനു കൂടുതൽ സമയം അനുവദിക്കുന്നത് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരണം വൈകാൻ ഇടയാക്കും. സ്വന്തം പ്രൊഫൈൽ കൃത്യമായ ഇടവേളകളിൽ പരിശോധിക്കാനും അപ്ഡേറ്റ് ചെയ്യാനും ശ്രദ്ധിക്കണം.
മറ്റുള്ളവരെ ഇതിനു നിയോഗിക്കുന്നത് ഒഴിവാക്കുക. ബാങ്ക് അക്കൗണ്ട് പോലെ സൂക്ഷ്മമായി കൈകാര്യം ചെയ്യേണ്ടതാണ് ഒറ്റത്തവണ റജിസ്ട്രേഷൻ പ്രൊഫൈലും.
വേദനയായത് സിപിഒ പരീക്ഷാ ക്രമക്കേട്
ക്രമക്കേടുകൾക്ക് ഇടനൽകാത്ത വിധമാണ് ഓരോ പരീക്ഷയും പിഎസ്‌സി നടത്തുന്നത്. എന്നിട്ടും, സിവിൽ പൊലീസ് ഓഫിസർ പരീക്ഷയിലുണ്ടായ ക്രമക്കേട് ഏറെ വിഷമിപ്പിച്ചു. പരീക്ഷാകേന്ദ്രത്തിലെ ജാഗ്രതക്കുറവുമൂലം അനർഹരായ ചിലർ ലിസ്റ്റിൽ കടന്നുകൂടി. ഇത്തരം ക്രമക്കേട് ആവർത്തിക്കാതിരിക്കാൻ ഇൻവിജിലേറ്റർമാരും ഉദ്യോഗാർഥികളും സഹകരിക്കണം.
Content Summary : PSC Chairman M.K. Zakir Talks About New Changes