ഡൽഹി സർവകലാശാല മലയാളി വിദ്യാർഥികളുടെ എണ്ണത്തിൽ 79% കുറവ്
Mail This Article
ന്യൂഡൽഹി ∙ ഈ വർഷം ഡൽഹി സർവകലാശാലയിൽ പ്രവേശനം (University of Delhi Admission) നേടിയ കേരള ബോർഡ് വിദ്യാർഥികളുടെ എണ്ണത്തിൽ 79% കുറവ്. മൂന്നാംഘട്ട അഡ്മിഷൻ നടപടികൾ പൂർത്തിയാകുന്നതിനു മുൻപുള്ള കണക്കനുസരിച്ച് ഈ വർഷം കേരള ബോർഡിൽ നിന്നു പ്രവേശനം നേടിയതു 350 വിദ്യാർഥികൾ മാത്രം. കഴിഞ്ഞ വർഷം ഇത് 1672 പേരായിരുന്നു (79% കുറവ്). പ്രധാന കോളജുകളിൽ പ്രവേശനം നേടിയ മലയാളി വിദ്യാർഥികളുടെ എണ്ണത്തിലും ഗണ്യമായ കുറവുണ്ടായി.
ഡൽഹി സർവകലാശാല പ്രവേശനത്തിന്റെ മൂന്നാം ഘട്ടം കഴിഞ്ഞ ദിവസമാണു പൂർത്തിയായത്. 20 മുതൽ സ്പോട്ട് അഡ്മിഷൻ നടപടികൾ ആരംഭിക്കുന്നുണ്ട്. രണ്ടാം ഘട്ടം പൂർത്തിയായ ശേഷമുള്ള കണക്കുകളാണു പുറത്തുവന്നിരിക്കുന്നത്. കഴിഞ്ഞ അധ്യയനവർഷം വിദ്യാർഥികളുടെ പ്രവേശനത്തിൽ കേരള ബോർഡ് നാലാം സ്ഥാനത്തായിരുന്നെങ്കിൽ ഇക്കുറി 7–ാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു.
ഹിന്ദു, മിറാൻഡ ഹൗസ്, രാംജാസ്, എൽഎസ്ആർ തുടങ്ങിയ പ്രധാന കോളജുകളിൽ പ്രവേശനം നേടിയ മലയാളി വിദ്യാർഥികൾ വിരലിലെണ്ണാവുന്നവരായി. കഴിഞ്ഞ വർഷം ഹിന്ദു കോളജിന്റെ പൊളിറ്റിക്കൽ സയൻസ് ബിഎ ഓണേഴ്സ് കോഴ്സിൽ ആദ്യ രണ്ടു കട്ട് ഓഫിനു ശേഷം 146 പേർ പ്രവേശനം നേടിയതിൽ 120 പേർ കേരള ബോർഡിൽ നിന്നായിരുന്നു. എന്നാൽ ഇക്കുറി 59 പേർ പ്രവേശനം ഉറപ്പിച്ചതിൽ ഒരാൾ മാത്രമാണു കേരള ബോർഡിൽ നിന്നുള്ളത്. പ്രമുഖ കോളജുകൾ ഒഴിവാക്കിയാണ് കേരള ബോർഡ് വിദ്യാർഥികൾ ഇക്കുറി പ്രവേശനം നേടിയത്.
കഴിഞ്ഞ വർഷം വരെ 12–ാം ക്ലാസ് മാർക്കാണു പ്രവേശനത്തിനു പരിഗണിച്ചിരുന്നതെങ്കിൽ ഇക്കുറി സിയുഇടി പൊതുപരീക്ഷയുടെ അടിസ്ഥാനത്തിലായിരുന്നു പ്രവേശനം. സിബിഎസ്ഇ ബോർഡ് വിദ്യാർഥികളാണു പതിവു പോലെ പ്രവേശനം നേടിയവരിൽ ഭൂരിഭാഗവും. അതേസമയം കഴിഞ്ഞ അധ്യയനവർഷം ബിഹാർ ബോർഡിൽ നിന്നു പ്രവേശനം നേടിയത് 556 വിദ്യാർഥികൾ മാത്രമാണെങ്കിൽ ഇക്കുറി 1280 ആയി വർധിച്ചു. സിബിഎസ്ഇ, ഐസിഎസ്ഇ ബോർഡുകൾക്കു പിന്നിൽ മൂന്നാമതു ബിഹാർ ബോർഡാണ്.