എംബിബിഎസ് മോപ് അപ് അലോട്മെന്റ്: കോടതി തീരുമാനം നിർണായകം
Mail This Article
തിരുവനന്തപുരം ∙ സംസ്ഥാനത്തെ ഏകദേശം 1250 എംബിബിഎസ്, ബിഡിഎസ് സീറ്റുകളിലേക്ക് താഴ്ന്ന റാങ്കുകാർക്ക് മോപ് അപ് അലോട്മെന്റിലൂടെ പ്രവേശനം നൽകുന്നുവെന്ന പരാതിയിൽ കോടതിയുടെ തീരുമാനം നിർണായകമാകും. കോടതി വിധി അനുസരിച്ചേ ഇനി ഇക്കാര്യത്തിൽ തീരുമാനം എടുക്കാനാകൂ എന്ന് അധികൃതർ അറിയിച്ചു.
സർക്കാർ, സ്വാശ്രയ മെഡിക്കൽ, ഡെന്റൽ കോളജുകളിലായി ഏകദേശം 350 എംബിബിഎസ് സീറ്റും ഏകദേശം 900 ബിഡിഎസ് സീറ്റും മോപ് അപ് അലോട്മെന്റിലൂടെ നികത്തുന്നുണ്ട്. കഴിഞ്ഞ വർഷം മൂന്നാം റൗണ്ടിൽ ഉയർന്ന റാങ്കുകാർക്ക് തന്നെ അവരുടെ നീറ്റ് റാങ്കിന്റെ അടിസ്ഥാനത്തിൽ പ്രവേശനം നൽകിയിരുന്നു. ഇക്കൊല്ലവും ഇതേ മാതൃക പിന്തുടർന്ന് റാങ്ക് അനുസരിച്ച് പ്രവേശനം നൽകാനാണ് സർക്കാർ ശ്രമിച്ചത്.
എന്നാൽ ദേശീയ മെഡിക്കൽ കമ്മിഷന്റെ മാർഗനിർദേശം അനുസരിച്ച് 2 റൗണ്ട് പ്രവേശനം മാത്രമേയുള്ളൂ. അതിൽ പ്രവേശനം ലഭിച്ചവരെ തുടർന്നുള്ള മോപ് അപ് പ്രവേശനത്തിന് പരിഗണിക്കില്ല. ഇക്കാര്യം സുപ്രീം കോടതി ശരി വച്ചിട്ടുണ്ട്. ഇക്കൊല്ലവും പഴയ പോലെ പ്രവേശനം നടത്താൻ തീരുമാനിച്ചതിനെതിരെ ഒരു വിദ്യാർഥി ഹൈക്കോടതിയെ സമീപിക്കുകയും മെഡിക്കൽ കമ്മിഷന്റെ മാർഗനിർദേശം പാലിക്കണമെന്ന് ഉത്തരവ് വാങ്ങുകയും ആയിരുന്നു.
ഇതനുസരിച്ച് കേരളത്തിനു പുറത്ത് അഖിലേന്ത്യാ ക്വോട്ടയിൽ മെഡിക്കൽ പ്രവേശനം ലഭിച്ചവരെയും ഇവിടെ സ്വാശ്രയ കോളജുകളിൽ പ്രവേശനം ലഭിച്ചവരെയും മോപ് അപ് അലോട്മെന്റിലേക്ക് പരിഗണിക്കാനാവില്ല.
അതോടെ ഇതിനോടകം പ്രവേശനം നേടിയ 7412 വിദ്യാർഥികൾ മോപ് അപ്പിന് അയോഗ്യരായി. കൂടുതൽ മെച്ചപ്പെട്ട കോളജുകളിലേക്ക് ഓപ്ഷൻ നൽകിയ ശേഷമാണ് ഇവർ അയോഗ്യരായത്. ഇതിനെതിരെ ഈ വിദ്യാർഥികൾ കോടതിയെ സമീപിച്ച് അനുകൂല വിധി വാങ്ങിയാൽ മാത്രമേ പ്രവേശന പരീക്ഷാ കമ്മിഷണർക്ക് അവരെ കൂടി മോപ് അപ് അലോട്മെന്റിനു പരിഗണിക്കാൻ സാധിക്കൂ.
Content Summary : MBBS mop-up allotment: Court decision to be crucial