ADVERTISEMENT

കേന്ദ്രസര്‍ക്കാര്‍ ദേശീയ വിദ്യാഭ്യാസ നയം 2020 പ്രഖ്യാപിച്ചിട്ടുണ്ടല്ലോ. അതിനനുസൃതമായി സംസ്ഥാന പാഠ്യപദ്ധതി ചട്ടക്കൂടുകള്‍ പരിഷ്കരിക്കേണ്ടതുണ്ട്. പുതിയതായി രൂപീകരിക്കുന്ന പാഠ്യപദ്ധതി ചട്ടക്കൂടുകള്‍ പൊതുസമൂഹത്തിന്‍റെ കൂടി അഭിലാഷങ്ങളും ആവശ്യങ്ങളും പ്രതിഫലിക്കുന്നതാകണം എന്നതാണ് സംസ്ഥാന സര്‍ക്കാരിന്‍റെ നിലപാട്. മതനിരപേക്ഷത, ജനാധിപത്യം, സ്ഥിതി സമത്വം തുടങ്ങിയ ഭരണഘടനാ ദര്‍ശനങ്ങളും പുരോഗമന വിദ്യാഭ്യാസ കാഴ്ചപ്പാടുകളും വിട്ടുവീഴ്ചകളില്ലാതെ ഉള്‍ച്ചേര്‍ക്കുന്നതുമായിരിക്കണം പുതിയ പാഠ്യപദ്ധതി ചട്ടക്കൂട്. നിലവിലുള്ള പാഠഭാഗത്തിലെ പല പോരായ്മകളും പരിഹരിക്കപ്പെടേണ്ടതുണ്ട്. ഒരു പുതിയ പാഠ്യപദ്ധതി തയാറാക്കുമ്പോള്‍ സമൂഹത്തിലെ വിവിധ തലങ്ങളിലുള്ളവരുടെ അഭിപ്രായങ്ങള്‍ ആരായുന്നത് തികച്ചും ഉചിതമാണ്. സാമൂഹികമായ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിന്‍റെ ഭാഗമായി സ്കൂള്‍തലം, പഞ്ചായത്ത് തലം, ബ്ലോക്ക് പഞ്ചായത്ത് തലം, തുടര്‍ന്ന് ജില്ലാ പഞ്ചായത്ത് തലം എന്നിവിടങ്ങളില്‍ ചര്‍ച്ചകള്‍ നടത്തി ക്രോഡീകരിച്ചെടുക്കുന്ന ആശയങ്ങളെ കൂടി പരിഗണിച്ചാണ് പുതിയ പാഠ്യപദ്ധതി ചട്ടക്കൂടുകള്‍ നിശ്ചയിക്കപ്പെടുക. പാഠ്യപദ്ധതി പരിഷ്കരണവുമായി ബന്ധപ്പെട്ട് നിരവധി അധ്യാപകരുമായും രക്ഷിതാക്കളുമായും വിദ്യാർഥികളുമായും ചര്‍ച്ച ചെയ്യുകയുണ്ടായി. ആ ചര്‍ച്ചകളില്‍ നിന്ന് ഉരുത്തിരിഞ്ഞു വന്ന ചില പ്രധാനപ്പെട്ട ആശയങ്ങളാണ് ചുവടെ.

 

മത്സരാധിഷ്ഠിതമല്ലാത്ത വിദ്യാഭ്യാസത്തിനാണ് രാഷ്ട്ര നിര്‍മാണത്തില്‍ വ്യക്തമായ സംഭാവനകള്‍ നല്‍കാന്‍ കഴിയുക. അതിനാല്‍ പരീക്ഷാ കേന്ദ്രീകൃതമാകാതെ അറിവുനിര്‍മാണ പ്രക്രിയ എന്നതായിരിക്കട്ടെ വിദ്യാഭ്യാസത്തിന്‍റെ ലക്ഷ്യം. നിലവിലുള്ള സിലബസില്‍ കുറവ് വരുത്തിയെങ്കില്‍ മാത്രമേ പ്രക്രിയാധിഷ്ഠിതമായി ക്ലാസുകള്‍ എടുക്കാന്‍ സാധിക്കൂ. തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിലെ പരാജയമാണ് ഇന്ത്യയിലെ വിദ്യാർഥികള്‍ പലരും വിദേശരാജ്യങ്ങളില്‍ പോയി പഠിക്കുന്നതിനുള്ള ഒരു പ്രധാന കാരണം, ഇത് പരിഹരിക്കപ്പെടേണ്ടതുണ്ട്. വിഭാഗീയതയില്ലാത്ത, മതേതര ചിന്തകള്‍ ഊട്ടിയുറപ്പിക്കുന്ന വിദ്യാഭ്യാസത്തിന് രാഷ്ട്രത്തെ ഒരുമിച്ച് നിര്‍ത്തുന്നതില്‍ അതിപ്രധാനമായ പങ്കുണ്ട്.

 

ആറു വയസ്സിന് മുമ്പുള്ള കാലഘട്ടം ഒരു വ്യക്തിയെ സംബന്ധിച്ച് നിര്‍ണായകമാണ്. മസ്തിഷ്ക വളര്‍ച്ചയുടെ 85% മുതൽ 90% വരെ ഈ കാലഘട്ടത്തിലാണ് നടക്കുന്നത്. ഈ കാലഘട്ടത്തില്‍ കുട്ടിയെ കൂടുതല്‍ കൈകാര്യം ചെയ്യുന്നത് മാതാപിതാക്കളാണ്. കുട്ടിയുടെ വളര്‍ച്ചയ്ക്കും വികാസത്തിനും വീടിന് അതിപ്രധാനമായ പങ്കാണുള്ളത്. കുട്ടികളെ എങ്ങനെ കൈകാര്യം ചെയ്യണം എന്നതിനെപ്പറ്റി മാതാപിതാക്കളില്‍ വ്യക്തമായ അവബോധം ഉണ്ടാക്കേണ്ടതുണ്ട്. പ്രീ സ്കൂള്‍ പ്രായത്തില്‍ കുട്ടികള്‍ വളരെ ജിജ്ഞാസയോടെയാണ് ലോകത്തെ നോക്കി കാണുന്നത്. ചിന്താപരവും സര്‍ഗാത്മകവും സാമൂഹികവും ശാരീരികവുമായ വളര്‍ച്ചയുടെയും വികാസത്തിന്‍റെയും തുടക്കമാണ് ഈ കാലഘട്ടം. കുട്ടികള്‍ക്ക് പഠനത്തില്‍ താൽപര്യം ജനിപ്പിക്കാനുതകുന്ന രീതിയില്‍ ആകര്‍ഷകമായ ക്ലാസ് മുറികളും പഠനോപകരണങ്ങളും കളിസ്ഥലങ്ങളും സ്കൂളുകളില്‍ ഒരുക്കേണ്ടതുണ്ട്. പഠനത്തിന്‍റെ പ്രാരംഭഘട്ടത്തില്‍ കുട്ടിയുടെ പ്രാദേശിക ഭാഷയിലൂടെ പഠിപ്പിക്കുന്നത് അവന്‍റെ ബൗദ്ധിക, സര്‍ഗാത്മക വികാസത്തിന് ഏറെ സഹായിക്കും.

 

ഭാഷാപഠനത്തിന്‍റെ രീതി മാറേണ്ടിയിരിക്കുന്നു. ഭാഷ ആശയവിനിമയത്തിനുള്ളതാണ്. ആദ്യമേ അക്ഷരങ്ങള്‍ പഠിപ്പിക്കുന്നതിനു പകരം അവരെ സംസാരിക്കാന്‍ പഠിപ്പിക്കുകയാണ് വേണ്ടത്. ആശയവിനിമയത്തിനു കഴിവുണ്ടെങ്കില്‍ അവരുടെ ആത്മവിശ്വാസം വർധിക്കും. ഇപ്പോള്‍ പലരും ബിരുദവും ബിരുദാനന്തര ബിരുദവും കഴിഞ്ഞിട്ട് സ്പോക്കണ്‍ ഇംഗ്ലിഷ് ക്ലാസില്‍ ചേരുന്നത് അവര്‍ക്ക് ആശയവിനിമയം നടത്താന്‍ ഇതുവരെ ആത്മവിശ്വാസമായില്ല എന്നതല്ലേ തെളിയിക്കുന്നത്. ഈയൊരു ദുരവസ്ഥയ്ക്ക് മാറ്റമുണ്ടായേ പറ്റൂ.

 

കുട്ടികള്‍ ഇപ്പോള്‍ ജീവിക്കുന്ന ലോകത്തെ അറിവുകളും ഭാവിയില്‍ ജീവിക്കേണ്ട ലോകത്തെ പുതിയ അറിവുകളും അതാത് അവസരങ്ങളില്‍ സ്വാംശീകരിക്കാനാവശ്യമായ കഴിവുകള്‍ വികസിപ്പിച്ചെടുക്കുക എന്നതായിരിക്കണം പാഠ്യപദ്ധതിയുടെ അന്തസ്സത്ത. ചിന്താശേഷി ഉണര്‍ത്തുന്നതായിരിക്കണം വിദ്യാഭ്യാസത്തിന്‍റെ ശൈലി. നൂതന സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി വേണം പാഠ്യപദ്ധതി തയാറാക്കല്‍. മൂല്യബോധം വളര്‍ത്തുന്നതും മാനവികത, സഹജീവി സ്നേഹം, ജനാധിപത്യബോധം എന്നിവ ലക്ഷ്യം വയ്ക്കുന്നതും പരിസ്ഥിതി അവബോധം വളര്‍ത്തുന്നതും പ്രാദേശികമായ അറിവുകള്‍ പ്രയോജനപ്പെടുത്തുന്നതും പുതിയ അറിവുകള്‍ നിര്‍മ്മിക്കുന്നതും അവ പ്രയോഗിക്കാന്‍ ആത്മവിശ്വാസം വളര്‍ത്തുന്നതുമായ ഒരു പാഠ്യപദ്ധതിയാണ് വികസിപ്പിക്കേണ്ടത് .

 

പണ്ട് കണ്ടെത്തിയ വിവരങ്ങള്‍ രേഖപ്പെടുത്തിയിരിക്കുന്ന പാഠപുസ്തകങ്ങള്‍ ആവര്‍ത്തിച്ചു പഠിക്കുന്നതിലവസാനിക്കരുത് പഠനപ്രക്രിയ. വിദ്യാര്‍ഥികള്‍ മുന്നിലുള്ള വസ്തുക്കളുടെയും അനുഭവങ്ങളുടെയും അടിസ്ഥാനത്തില്‍ തങ്ങള്‍ സ്വാംശീകരിച്ചതും നേരത്തേ ഉണ്ടായിരുന്ന ആശയങ്ങളും കൂട്ടിച്ചേര്‍ത്ത് അനുയോജ്യമായ മാറ്റങ്ങള്‍ വരുത്തി പുതിയ അറിവ് സ്വയം നിര്‍മ്മിക്കുന്ന തലത്തിലേക്ക് ഉയരേണ്ടിയിരിക്കുന്നു. നമ്മള്‍ ചരിത്രം പഠിക്കുന്നവര്‍ മാത്രമാകാതെ നമ്മുടെ പ്രവര്‍ത്തനങ്ങള്‍ വഴി എ.പി.ജെ. അബ്ദുല്‍ കലാമിനെ പോലെ സ്വയം ചരിത്രമായി മാറാന്‍ ശ്രമിക്കണം.

 

ജനാധിപത്യത്തെക്കുറിച്ചും ഭരണഘടനയെക്കുറിച്ചും അറിവ് നല്‍കുന്നതായിരിക്കണം വിദ്യാഭ്യാസം. സാമൂഹികശാസ്ത്ര പഠനം കേവലം വിവരണത്തിന്‍റെ അടിസ്ഥാനത്തില്‍ ആകരുത്. മറിച്ച് വിവരസാങ്കേതിക വിദ്യയുടെ എല്ലാ സാധ്യതകളും പ്രയോജനപ്പെടുത്തണം. പഠന യാത്രകള്‍ക്ക് പുറമേ പല സ്ഥലങ്ങളിലേക്കും ‍സാങ്കേതികവിദ്യയുടെ സഹായത്തോടെ ‘വെർച്വൽ ടൂര്‍’ നടത്താം. കാലാവസ്ഥാ വ്യതിയാനം, ആഗോളതാപനം തുടങ്ങിയവ മൂലം പരിസ്ഥിതിക്ക് ഉണ്ടാകുന്ന ദോഷങ്ങള്‍ എന്തൊക്കെ, അവ ഇല്ലാതാക്കാന്‍ ഉപയോഗിക്കാവുന്ന നൂതന സാങ്കേതികളേവ, ഇവയെപ്പറ്റിയുള്ള ഒരവബോധം ഉണ്ടാക്കുന്നതായിരിക്കണം സാമൂഹികശാസ്ത്ര പഠനം.

 

ഹൈസ്കൂള്‍ തലത്തില്‍ത്തന്നെ കുട്ടികളുടെ അഭിരുചികള്‍ മനസ്സിലാക്കാനുള്ള ടെസ്റ്റുകള്‍ നടത്തി ഓരോരുത്തരുടെയും താൽപര്യ മേഖല കണ്ടെത്തണം. കരിയര്‍ ഗൈഡന്‍സ് ക്ലാസുകള്‍ ഹൈസ്കൂള്‍ തലത്തില്‍ത്തന്നെ നൽകണം. തയ്യല്‍, ഡ്രോയിങ്, പാചകം, കൃഷി, പണം കൈകാര്യം ചെയ്യല്‍ തുടങ്ങി ലൈഫ് സ്കില്‍ മേഖലയില്‍ പരിശീലനം കൊടുക്കണം. റിസോഴ്സ് ഷെയറിങ്ങിനുള്ള അവസരങ്ങള്‍ സൃഷ്ടിക്കണം. അതിനായി പൂര്‍വ വിദ്യാർഥികളെയും സമൂഹത്തിലെ വിവിധ മേഖലകളില്‍ വിജയിച്ചവരെയും പ്രയോജനപ്പെടുത്താം.

 

വിവിധ കളികളിലൂടെ ഗണിത പഠനം രസകരമാക്കാവുന്നതാണ്. ഒരേ ഉത്തരം വിവിധ മാര്‍ഗങ്ങളിലൂടെ കണ്ടെത്തുന്ന ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തുക. ഓരോ വിദ്യാർഥിയിലും അധ്യാപകരുടെ കൂടുതല്‍ ശ്രദ്ധ കിട്ടുന്നതിന് ക്ലാസുകളില്‍ വിദ്യാര്‍ഥികളുടെ എണ്ണം കുറയ്ക്കുക. ഹൈസ്കൂള്‍ വരെ ഒരേ സിലബസ് പിന്തുടരുക. ഹൈസ്കൂളില്‍ വച്ചു തന്നെ ഉപരിപഠനത്തിന് ആവശ്യമായ വിഷയങ്ങള്‍ തിരഞ്ഞെടുക്കുന്ന രീതിയില്‍ പാഠ്യപദ്ധതി പരിഷ്കരിക്കുക.

 

ഹൈസ്കൂള്‍ തലത്തില്‍ തന്നെ വിദ്യാഭ്യാസം പ്രക്രിയാധിഷ്ഠിതമായിരിക്കണം. ഓണ്‍ലൈന്‍– ഓഫ് ലൈന്‍ മിശ്ര പഠനരീതി (ഹൈബ്രിഡ് ക്ലാസ് മുറികൾ) അഭികാമ്യമാണ്. ഉന്നത വിദ്യാഭ്യാസവും സ്കൂള്‍തല വിദ്യാഭ്യാസവും തമ്മില്‍ ബന്ധിപ്പിക്കുന്ന ബ്രിജ് കോഴ്സുകള്‍ ഉണ്ടാവണം.

 

ശാരീരികവും മാനസികവും സാമൂഹികവുമായ ഉന്നമനം ലഭിക്കേണ്ടതിന് കയ്യും മെയ്യും അനങ്ങുന്ന രീതിയിലുള്ള വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ കുട്ടികള്‍ക്ക് ലഭ്യമാക്കേണ്ടതുണ്ട്. മറ്റുള്ളവരോടുള്ള നല്ല പെരുമാറ്റം പഠിക്കുന്നതിന് കായിക അനുഭവങ്ങള്‍ സഹായിക്കും. മത്സരങ്ങളിലൂടെ, തോല്‍വി നേരിടാനുള്ള ചങ്കൂറ്റം ആര്‍ജിച്ചെടുത്ത കുട്ടി വിജയം വരിക്കാനുള്ള വഴികള്‍ കണ്ടെത്തും. ജീവിതത്തില്‍ പരാജയപ്പെടാതിരിക്കാന്‍ നല്ല ആരോഗ്യമുള്ള ശരീരം ആവശ്യമാണ്. ജീവിതശൈലീരോഗങ്ങള്‍ ഒഴിവാക്കാന്‍ കൂടുതല്‍ കായിക പരിപാടികള്‍ പഠന പദ്ധതിയില്‍ ഉള്‍പ്പെടുത്തേണ്ടതുണ്ട്. കളിയുടെ സന്തോഷം അറിയുന്ന കുട്ടി ലഹരിയുടെ സന്തോഷം തേടി പോകില്ല.

ഭൂമിശാസ്ത്രപരമായ പ്രദേശങ്ങള്‍ക്കനുസരിച്ച് വിഷയങ്ങള്‍ തിരഞ്ഞെടുക്കാന്‍ വിദ്യാർഥികള്‍ക്ക് അവസരം ലഭിച്ചാല്‍ അവരവരുടെ മേഖലയില്‍ വളരാന്‍ സാധ്യത വളരെ കൂടുതലാണ്. പാരിസ്ഥിതിക പ്രശ്നങ്ങള്‍ നിര്‍വചനങ്ങളില്‍ ഒതുക്കാതെ എന്തുകൊണ്ട് ഉണ്ടായി ? എങ്ങനെ നേരിടാം? ഒരു വിദ്യാർഥി എന്ന നിലയില്‍ എനിക്ക് എന്ത് ചെയ്യാന്‍ സാധിക്കും? തുടങ്ങിയ ചിന്തകള്‍ ഓരോ വിദ്യാർഥിയിലും ജനിപ്പിക്കണം.

 

മാലിന്യ സംസ്കരണം, ഊര്‍ജ ജലസംരക്ഷണം, വിനിയോഗം എന്നിവയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ സ്കൂള്‍ തലത്തില്‍ നടപ്പിലാക്കുക. പ്രകൃതിക്ക് അനുയോജ്യമായ രീതിയില്‍ എങ്ങനെ വ്യാവസായിക സാമ്പത്തിക ഉത്പാദന പ്രവര്‍ത്തനങ്ങള്‍ നടത്താം എന്നുള്ളതിനെ കുറിച്ചുള്ള ഒരവബോധം കുട്ടികളില്‍ സൃഷ്ടിക്കേണ്ടതുണ്ട്. ഓരോ നിര്‍മാണ പ്രവര്‍ത്തനവും വഴി പ്രകൃതിക്ക് എത്രമാത്രം കോട്ടം ഉണ്ടാകുന്നുണ്ട് എന്നത് രേഖപ്പെടുത്തുന്ന ‘ഗ്രീന്‍ അക്കൗണ്ടിങ്’ ആശയം കുട്ടികളില്‍ എത്തിക്കാവുന്നതാണ്. പരിസ്ഥിതി വിദ്യാഭ്യാസം കേവലം വിവരണത്തിന്‍റെ അടിസ്ഥാനത്തിലാകരുത്, അതിന് പ്രയോജനപ്പെടും വിധം വിവരസാങ്കേതിക വിദ്യകള്‍ പരമാവധി പ്രയോജനപ്പെടുത്തണം.

 

സെമസ്റ്റര്‍ പരീക്ഷാസംവിധാനം രൂപവല്‍ക്കരിക്കുന്നത് നന്നായിരിക്കും. സി ഇ മാര്‍ക്ക് നല്‍കുന്നത് പ്രഹസനമാകാതെ കാര്യക്ഷമമായി നല്‍കാന്‍ വേണ്ട പ്രായോഗിക നടപടികള്‍ എടുക്കുക. വിദ്യാര്‍ഥികളുടെ ബൗദ്ധിക വളര്‍ച്ച തുടര്‍ച്ചയായി ട്രാക്ക് ചെയ്യപ്പെടേണ്ടതുണ്ട്. അതിനനുസൃതമായി അവരുടെ കഴിവുകളും താല്‍പര്യ മേഖലകളും മനസ്സിലാക്കി മികച്ച കോഴ്സുകള്‍ തിരഞ്ഞെടുക്കാന്‍ കഴിയുന്ന സോഫ്റ്റ്‌വെയറുകള്‍ വികസിപ്പിക്കേണ്ടത് അതിപ്രധാനമാണ്.

 

ഇന്ത്യന്‍ ഭരണഘടനയെക്കുറിച്ചും ഒരു ഇന്ത്യന്‍ പൗരന്‍ എന്ന നിലയില്‍ ഓരോരുത്തരും ചെയ്യേണ്ട കടമകളെക്കുറിച്ചും വളരെ ലളിതമായ രീതിയില്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തേണ്ടത് സാമൂഹികബോധമുള്ള ഒരു തലമുറയെ വാര്‍ത്തെടുക്കാൻ ആവശ്യമാണ്. ലളിത ജീവിതവും ഉയര്‍ന്ന ചിന്തയും കൈമുതലാക്കി പ്രവര്‍ത്തിച്ചവരുടെ ജീവിത ദര്‍ശനങ്ങള്‍ വിദ്യാർഥികൾക്കു പരിചയപ്പെടുത്തണം. 

 

ചെറിയ ക്ലാസുകള്‍ മുതല്‍ കുട്ടികളുടെ പ്രായത്തിനനുസൃതമായ ലൈംഗിക വിദ്യാഭ്യാസം തികച്ചും ശാസ്ത്രീയമായ രീതിയില്‍ നല്‍കണം. ലൈംഗിക അതിക്രമങ്ങളുടെ ശിക്ഷയെപ്പറ്റി അവരെ ബോധവാന്മാരാക്കണം. ലഹരി ഉപയോഗത്തിന്‍റെ ദൂഷ്യവശങ്ങളെക്കുറിച്ചും കുറ്റകൃത്യങ്ങളെ കുറിച്ചും വ്യക്തമായി ചെറിയ ക്ലാസുകള്‍ മുതല്‍ കുട്ടികളെ പറഞ്ഞു മനസ്സിലാക്കണം, അതിനു സഹായിക്കുന്ന കാര്യങ്ങള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണം.

 

മൂല്യ വിദ്യാഭ്യാസത്തിന് ക്ലാസ് ആവശ്യമാണ്. അതിന് ഐസിടി സംവിധാനങ്ങളും ഉപയോഗിക്കാവുന്നതാണ്.എല്ലാ അധ്യാപകരും നല്ലൊരു കൗണ്‍സിലര്‍ കൂടിയായി മാറേണ്ടതാണ്. ലിംഗ വ്യത്യാസമില്ലാതെ എല്ലാ ജോലിയും ആര്‍ക്കും ചെയ്യാമെന്ന ആശയം ഉള്‍ക്കൊള്ളുന്ന പ്രവര്‍ത്തനങ്ങള്‍ പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തണം. സിലബസിലും പാഠപുസ്തകങ്ങളിലും കാലാനുസൃതമായ മാറ്റം വരുത്തണം. എല്ലാ വിഷയങ്ങളും സാങ്കേതിക വിദ്യകളുടെ സഹായത്തോടെ പഠിപ്പിക്കാവുന്നതാണ്,അങ്ങനെ വരുമ്പോള്‍ സ്കൂള്‍തലത്തില്‍ ഐടി എന്നൊരു വിഷയം പ്രത്യേകമായി പഠിപ്പിക്കേണ്ട ആവശ്യമില്ല.

 

കലാകായിക പ്രവര്‍ത്തനങ്ങള്‍ക്ക് അര്‍ഹമായ പ്രാധാന്യം കൊടുത്തെങ്കില്‍ മാത്രമേ വിദ്യാഭ്യാസം പൂര്‍ണമാവുകയുള്ളൂ. സിനിമകളും പഠനയാത്രകളും ഫീല്‍ഡ് ട്രിപ്പുകളുമൊക്കെ ഗൗരവത്തോടെ പഠന വിഷയങ്ങളുമായി ബന്ധിപ്പിക്കണം. ഏതു ജോലിയുടെയും മഹത്വത്തെപ്പറ്റി വിദ്യാര്‍ഥികളില്‍ അവബോധം സൃഷ്ടിക്കണം. നമ്മുടെ നാട്ടില്‍ പല ജോലിയും ചെയ്യാന്‍ മടിക്കുന്നവര്‍ വിദേശത്ത് ചെല്ലുമ്പോള്‍ ഏതു ജോലിയും ചെയ്യാന്‍ തയാറാകുന്നു. അതിനു കാരണമായി പറയപ്പെടുന്നത് അവിടെ ഏത് ജോലി ചെയ്യുന്നവരെയും ബഹുമാനിക്കുന്നു എന്നതാണ്. തുടര്‍ സാക്ഷരതാ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കേണ്ടതുണ്ട്. 

 

ഭിന്ന ശേഷിക്കാരുടെ വിദ്യാഭ്യാസത്തിനായി പ്രത്യേക ശ്രദ്ധ കൊടുക്കേണ്ടതുണ്ട്. ഭിന്നശേഷി സൗഹൃദ ശുചിമുറികള്‍ ഉറപ്പാക്കണം. ബദല്‍ വിദ്യാഭ്യാസത്തിനായി ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ കാര്യക്ഷമമാക്കണം. കേരളത്തില്‍ ദൈനംദിനം കൂടിവരുന്ന അതിഥിത്തൊഴിലാളികളുടെ കുട്ടികള്‍ക്കായി വിദ്യാഭ്യാസ നയങ്ങള്‍ ആവിഷ്കരിക്കണം. ലക്ഷ്യബോധമുള്ള, നിയമങ്ങള്‍ അനുസരിക്കുന്നതില്‍ അഭിമാനം കൊള്ളുന്ന, എല്ലാ തൊഴിലിനെയും ബഹുമാനിക്കുന്ന, മൂല്യബോധമുള്ള, രാജ്യസ്നേഹം തുളുമ്പുന്ന ഒരു ജനതയെ വാര്‍ത്തെടുക്കാന്‍ നമുക്കൊരുമിച്ച് പ്രവര്‍ത്തിക്കാം.

 

Content Summary : Some suggestions regarding curriculum revision

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com