ഒന്നാം പാഠപുസ്തകത്തിലും അക്ഷരമാല മടങ്ങിയെത്തി; ഒരു പതിറ്റാണ്ടിന്റെ ഇടവേളയ്ക്കു ശേഷം...
Mail This Article
തിരുവനന്തപുരം∙ ഒരു പതിറ്റാണ്ടിന്റെ ഇടവേളയ്ക്കു ശേഷം ഒന്നാം ക്ലാസിലെ പാഠപുസ്തകത്തിലും മലയാളം അക്ഷരമാല മടങ്ങിയെത്തി. അക്ഷരമാല ഉൾപ്പെടുത്തിയ മലയാളം മൂന്നാം വോള്യം പുസ്തകം ക്രിസ്മസ് അവധിക്കു ശേഷം ഇന്നലെ സ്കൂൾ തുറന്നപ്പോൾ കുട്ടികൾക്കു ലഭിച്ചു. സർക്കാർ നിയോഗിച്ച ഭാഷാ പരിഷ്കരണ സമിതി നിർദേശിച്ച പ്രകാരമുള്ള അക്ഷരമാലയാണ് പുസ്തകത്തിന്റെ അവസാന പേജിൽ ചേർത്തിരിക്കുന്നത്. രണ്ടാം ക്ലാസിലെ മലയാളം പുസ്തകത്തിന്റെ രണ്ടാം വോള്യത്തിൽ തന്നെ അക്ഷരമാല ഉൾപ്പെടുത്തിയിരുന്നു. അതേസമയം കഴിഞ്ഞ വർഷം അച്ചടിച്ചതിൽ ബാക്കി വന്ന മൂന്നാം വോള്യം പുസ്തകം വിതരണം ചെയ്തപ്പോൾ പല സ്കൂളുകളിലും അക്ഷരമാലയില്ലാത്തതാണു ലഭിച്ചത്.
പഴയ സ്റ്റോക്കിലെ പുസ്തകങ്ങൾ വിതരണം ചെയ്യുമ്പോൾ അക്ഷരമാലയുടെ പ്രത്യേകം തയാറാക്കിയ പേജ് അതിൽ ഒട്ടിച്ചു നൽകണമെന്നു ജില്ലകളിലെ പാഠപുസ്തക ഹബ്ബുകൾക്കു നിർദേശം നൽകിയിരുന്നതായി സംസ്ഥാന പാഠപുസ്തക ഓഫിസർ ടോണി ജോൺസൺ പറഞ്ഞു. വീഴ്ച വന്നിടങ്ങളിൽ പേജ് ഉടൻ തന്നെ പുസ്തകത്തിനൊപ്പം ഒട്ടിക്കാനുള്ള നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
2013ൽ പാഠ്യപദ്ധതിയും പാഠപുസ്തകവും പരിഷ്കരിച്ചപ്പോഴാണ് അക്ഷരമാല പുറത്തായത്. പുസ്തകങ്ങളിൽ അക്ഷരമാല മടക്കിക്കൊണ്ടു വരണമെന്ന് എഴുത്തുകാരും ഭാഷാവിദഗ്ധരുമടക്കം സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. പരിഷ്കരിക്കുന്ന പാഠ്യപദ്ധതി അനുസരിച്ചുള്ള പുതിയ പാഠപുസ്തകം 2024ൽ മാത്രമേ നിലവിൽ വരികയുള്ളൂ. ഈ സാഹചര്യത്തിൽ മന്ത്രി വി.ശിവൻകുട്ടിയുടെ നിർദേശം അനുസരിച്ചാണ് നിലവിലുള്ള പുസ്തകത്തിൽ തന്നെ പ്രത്യേക പേജായി അക്ഷരമാല ചേർത്തത്. അടുത്ത അധ്യയന വർഷം മുതൽ 1,2 ക്ലാസുകളിലെ മലയാളം പാഠപുസ്തകത്തിന്റെ ആദ്യ വോള്യത്തിൽ തന്നെ അക്ഷരമാലയും ഉൾപ്പെടുത്തും.
Content Summary : Malayalam alphabet back in school textbooks