ഹാജർ പ്രശ്നം: ബിഫാം വിദ്യാർഥികൾക്ക് പരീക്ഷ എഴുതാൻ കഴിയില്ലെന്ന് സർവകലാശാല
Mail This Article
തൃശൂർ ∙ ഹൈക്കോടതിയെ സമീപിച്ച് ക്ലാസിൽ ഇരിക്കാൻ അനുമതി നേടിയ ബിഫാം വിദ്യാർഥികൾക്ക് ഹാജർ കുറവായതിനാൽ പരീക്ഷ എഴുതാൻ കഴിയില്ലെന്ന് ആരോഗ്യ സർവകലാശാല അറിയിച്ചു. സർക്കാർ മേഖലയിലെ 4 ഉൾപ്പെടെ 35 മെഡിക്കൽ കോളജുകളിലെ ആയിരത്തിൽപരം ബിഫാം 5, 7 സെമസ്റ്റർ വിദ്യാർഥികളാണ് പ്രതിസന്ധിയിലായത്. 23ന് തുടങ്ങുന്ന അഞ്ചാം സെമസ്റ്റർ പരീക്ഷ 2019 ൽ പ്രവേശനം നേടിയവരിൽ ഹാജർ ഇല്ലാത്തവർക്കും ഫെബ്രുവരി 13ന് ആരംഭിക്കുന്ന ഏഴാം സെമസ്റ്റർ പരീക്ഷ 2018ൽ പ്രവേശനം നേടി ഹാജർ ഇല്ലാത്തവർക്കും എഴുതാൻ കഴിയില്ല.
ഒന്നും രണ്ടും സെമസ്റ്റർ പൂർത്തിയാക്കിയവർക്കു മാത്രമേ അഞ്ചാം സെമസ്റ്ററിൽ പഠിക്കാനാകൂ എന്നും 4 വരെയുള്ള മുഴുവൻ സെമസ്റ്ററുകളും പൂർത്തിയാക്കിയാലേ ഏഴാം സെമസ്റ്ററിൽ പഠിക്കാനാകൂ എന്നുമുള്ള നിർദേശത്തെ തുടർന്ന് ക്ലാസിൽ നിന്നു പുറത്തായവർ ഒന്നര മാസത്തോളം ആരോഗ്യ സർവകലാശാലാ ആസ്ഥാനത്തും തുടർന്ന് സെക്രട്ടേറിയറ്റിലും സമരം നടത്തിയിരുന്നു. ക്ലാസിൽ പ്രവേശിപ്പിക്കുന്നത് സർവകലാശാലയുടെ അധികാരത്തിൽ പ്പെടുന്ന കാര്യമാണെന്ന് ഫാർമസി കൗൺസിൽ ഹൈക്കോടതിയെ അറിയിച്ചതിനെത്തുടർന്ന് നവംബർ 21ന് ഇവരെ ക്ലാസിൽ ഇരുത്താൻ അനുമതി നൽകി. എന്നാൽ, പരീക്ഷയ്ക്ക് ഇരുത്തുന്നതിന് വിധി ബാധകമല്ലെന്ന് പ്രത്യേകം പരാമർശിച്ചിരുന്നു.
Content Summary : less attendance B.Pharm. students are not allowed to write examinations