ആര്‍ട്ട് എജ്യുക്കേറ്റേഴ്സ് കോണ്‍ഫറന്‍സ് ഫെബ്രുവരി 16 നും 17 നും ബിനാലെ വേദിയില്‍
Mail This Article
ഇന്ത്യന്‍ ആര്‍ട്ട് ആന്‍ഡ് ഡിസൈന്‍ എജ്യുക്കേറ്റേഴ്സ് അസോസിയേഷന്‍റെ (ഐഎഡിഇഎ) ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന അഞ്ചാമത് വാര്‍ഷിക ആര്‍ട്ട് എജ്യുക്കേറ്റേഴ്സ് കോണ്‍ഫറന്‍സ് ഫെബ്രുവരി 16, 17 തീയതികളില്‍ കൊച്ചിയിലെ ബിനാലെ പവലിയനില്‍ നടക്കും. ക്യൂറേറ്റഡ് സന്ദര്‍ശനങ്ങളും ശില്‍പശാലകളും സ്പീക്കര്‍ സെഷനുകളും പാനല്‍ ചര്‍ച്ചകളും പിയര്‍ നെറ്റ്‌വര്‍ക്കിങ്ങും ഇതിന്‍റെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്.
ഐഎഡിഇഎ കോണ്‍ഫറന്‍സ് ക്യൂറേറ്ററും എഐഎസ്‌സി ഹൈസ്കൂള്‍ വിഷ്വല്‍ ആര്‍ട്സ് അധ്യാപികയുമായ സന്ധ്യ ഗോപിനാഥ്, ലേണിങ് ത്രൂ ആര്‍ട്സ്, നറേറ്റീവ് ആന്‍ഡ് ഡിസ്കോഴ്സ് (ലാന്‍ഡ്) സ്ഥാപകയും ഡയറക്ടറുമായ കൃതി സൂഡ്, പിരമല്‍ ഫൗണ്ടേഷന്‍ ഫോര്‍ എജ്യുക്കേഷന്‍ ലീഡര്‍ഷിപ്പ് സഹസ്ഥാപകയും ഡയറക്ടറുമായ മൊണാല്‍ ജയ്റാം, സിപിബി പ്രിസം സ്ഥാപക ട്രസ്റ്റിയും മേധാവിയുമായ ഗായത്രി നായര്‍, കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ ആര്‍ട്ട് ബൈ ചില്‍ഡ്രന്‍ പ്രോഗ്രാം ഡയറക്ടര്‍ ബ്ലെയ്സ് ജോസഫ്, ശില്‍പിയും ആര്‍ക്കിടെക്റ്റുമായ അസിം വാക്വിഫ്, ചിത്രകാരി ദേവി സീതാറാം, ഫൊട്ടോഗ്രഫര്‍ ദിപാന്വിത സാഹ, ഫൊട്ടോഗ്രഫറും ഛായാഗ്രാഹകനുമായ പളനി കുമാര്‍, ഫൊട്ടോഗ്രഫറും എഴുത്തുകാരനുമായ റിഷി കൊച്ചാര്‍, മിക്സഡ് മീഡിയ ആര്‍ടിസ്റ്റ് മേര്‍ചി തംഷാങ്ഫാ തുടങ്ങി കലാ അധ്യാപന രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും.
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള കലാ അധ്യാപകര്‍ കോണ്‍ഫറന്‍സിൽ പങ്കെടുക്കാൻ റജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു. പ്രാദേശിക കലാഅധ്യാപകരുടെ പ്രാതിനിധ്യം ഉറപ്പാക്കുന്നതിന് ഓരോ വര്‍ഷവും ഇന്ത്യയിൽ ഓരോ ഇടത്താണ് കോണ്‍ഫറന്‍സ് സംഘടിപ്പിക്കുന്നതെന്ന് ഐഎഡിഇഎ ഭാരവാഹികൾ പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഡല്‍ഹിയിലായിരുന്നു സമ്മേളനം.
ഇന്ത്യയിലെ കലാ പഠനത്തിന്‍റെ നിലവാരം മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ഐഎഡിഇഎ. സംഘടനയുടെ എല്ലാ പരിപാടികളും സബ്സിഡൈസ്ഡ് നിരക്കിലാണ് നടത്തുന്നതെന്ന് സ്ഥാപക സാറ വെട്ടത്ത് ചൂണ്ടിക്കാട്ടി. കലയും ഡിസൈനും സ്കൂളുകളിലേക്ക് എത്തിക്കുന്നതിനുള്ള പ്രയത്നത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന സാറ ന്യൂയോര്‍ക്കിലെ പാര്‍സണ്‍സ് സ്കൂള്‍ ഓഫ് ഡിസൈനില്‍ നിന്നാണ് ഡിസൈന്‍ ആന്‍ഡ് ടെക്നോളജിയില്‍ ബിരുദാനന്തരബിരുദം നേടിയത്. അതിനു ശേഷം അവിടെ ബിരുദ, ബിരുദാനന്തര കോഴ്സുകളിൽ അധ്യാപികയായ സാറ, ജര്‍മനിയിലെ ബോഹൗസില്‍ ആര്‍ട്ടിസ്റ്റ് ഇന്‍ റെസിഡന്‍സ് ആയും ക്ഷണിക്കപ്പെട്ടു.
ന്യൂയോര്‍ക്കിലെ കൂപ്പര്‍ ഹെവിറ്റ് മ്യൂസിയത്തില്‍ കലാ അധ്യാപകരെ പരിശീലിപ്പിച്ചിട്ടുള്ള സാറ, പാഠ്യപദ്ധതിയുടെ രൂപകൽപനയിൽ പിബിഎസ് കിഡ്സുമായും സഹകരിച്ചു. എ. രാമചന്ദ്രന്‍, രാം കുമാര്‍, കെ.ജി. സുബ്രമണ്യന്‍ തുടങ്ങിയ പ്രശസ്ത കലാകാരന്മാരുമായി ചേര്‍ന്ന് ആര്‍ട്സ് ഫോര്‍ കിഡ്സ് പരമ്പരയിലെ നിരവധി പുസ്തകങ്ങളും രചിച്ചിട്ടുണ്ട്. ഇന്ത്യയിലങ്ങോളമിങ്ങോളമുള്ള സ്കൂളുകളിലെ ആയിരക്കണക്കിനു വിദ്യാര്‍ഥികള്‍ക്ക് പരിവര്‍ത്തനാത്മകമായ വിഷ്വല്‍ ആര്‍ട്സ് പാഠ്യപദ്ധതി നല്‍കിയ റെയിന്‍ബോഫിഷ് സ്റ്റുഡിയോയുടെയും സ്ഥാപകയാണ് സാറ വെട്ടത്ത്. 2019ല്‍ ഹാര്‍വഡ് പ്രോജക്ട് സീറോ ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്നു പരിശീലനം നേടിയ സാറ സര്‍ഗ്ഗാത്മകരചനയ്ക്കും പഠനത്തിനുമുള്ള ഒരു അധ്യാപന ചട്ടക്കൂട് വികസിപ്പിച്ചെടുക്കുന്നതിലും പങ്കു വഹിച്ചിട്ടുണ്ട്.
ഐഎഡിഇഎ ആര്‍ട്ട് എജ്യുക്കേറ്റേര്‍സ് കോണ്‍ഫറന്‍സിന് റജിസ്റ്റര്‍ ചെയ്യാന്‍ സന്ദര്‍ശിക്കുക: www.arteducatorsindia.org,
ഇ – മെയിൽ : info@arteducatorsindia.org
വിശദവിവരങ്ങൾക്ക് : 9952018542 എന്ന നമ്പറിൽ വിളിക്കാം.
Content Summary : 5th Annual Indian Art and Design Educators Association (IADEA) Conference - Register Now