ലക്ഷങ്ങൾ ശമ്പളം കിട്ടുന്ന ജോലിയുപേക്ഷിച്ചത് കണക്കു പഠിപ്പിക്കാൻ; അദ്ഭുതപ്പെടുത്തും ഈ ജീവിതം
Mail This Article
ഏറ്റവും മികച്ച സ്ഥാപനത്തിൽ പഠനം പൂർത്തിയാക്കി മികച്ച ശമ്പളവും വാങ്ങി സ്വസ്ഥമായി ജീവിക്കുക എന്നതാണ് മിക്കവരുടെയും ആഗ്രഹം. മികച്ച സ്ഥാപനത്തിൽ പ്രവേശനം കിട്ടാനാണ് ആദ്യത്തെ പരിശ്രമങ്ങൾ. പഠനം വിജയകരമായി പൂർത്തിയാക്കുക അടുത്ത ലക്ഷ്യം. കോഴ്സ് കഴിയുന്നതോടെ ജോലിയായി സ്വപ്നം. സാധാരണക്കാർ ഈ ജീവിതചക്രം കൃത്യമായി പൂരിപ്പിക്കാൻ ശ്രമിക്കുകയും ഈ ലക്ഷ്യങ്ങൾ നേടുന്നതോടെ സംതൃപ്തരാകുകയും ചെയ്യുന്നു. എന്നാൽ എല്ലാവരും ഇങ്ങനെയല്ല. ഇങ്ങനെയുള്ള സ്വപ്നങ്ങൾ സംതൃപ്തിപ്പെടുത്താത്തവരും ഈ ലോകത്തും രാജ്യത്തുമുണ്ട്. അവരുടെ മാതൃകകകൾ കുറഞ്ഞുകൊണ്ടിരിക്കുകയാണ്. എന്നാൽ തീർത്തും ഇല്ലാതായിട്ടില്ല എന്നു തെളിയിക്കുന്നു ശ്രാവൺ എന്ന മനുഷ്യന്റെ നിസ്വാർഥമായ ജീവിതം.
Read Also : ഓട്ടോറിക്ഷ ഓടിച്ച് പഠിച്ചു നേടിയത് സർക്കാർ ജോലി
ജെഇഇ പരീക്ഷ വിജയിച്ചാണ് ശ്രാവൺ ഐഐടി ഗുവാഹത്തിയിൽ പ്രവേശനം നേടുന്നത്. കോഴ്സ് പൂർത്തിയാക്കിയതോടെ ബഹുരാഷ്ട്ര കമ്പനികൾ ആരും മോഹിക്കുന്ന ജോലി വാഗ്ദാനം ചെയ്തു. എന്നാൽ, സ്വസ്ഥമായും അല്ലലില്ലാതെയും ജീവിക്കാനുള്ള അവസരം ഉപേക്ഷിച്ച് സ്വന്തം സ്വപ്നകരിയർ പടുത്തുയർത്താനാണ് അദ്ദേഹം ശ്രമിച്ചത്. ഗണിതശാസ്ത്രത്തിൽ ഗവേഷണവും അധ്യാപനവും. രാഹുൽ രാജ് എന്ന സുഹൃത്താണ് ശ്രാവണിന്റെ സമാനതകളില്ലാത്ത ജീവിതം സമൂഹ മാധ്യമത്തിലൂടെ പങ്കുവച്ചത്. ഗണിതശാസ്ത്ര പ്രതിഭ എന്നാണ് അദ്ദേഹം ശ്രാവണിനെ വിശേഷിപ്പിക്കുന്നതും.
ഗണിതശാസ്ത്രം പഠിപ്പിക്കാൻ വേണ്ടി ശ്രാവൺ നിലവിൽ ഒരു യൂ ട്യൂബ് ചാനലും നടത്തുന്നുണ്ട്. സാധാരണക്കാരെപ്പോലെയല്ല അദ്ദേഹം ജീവിക്കുന്നത്. ഒരു സന്യാസിയെപ്പോലുള്ള തപസ്യ. ഒരിടത്തും സ്ഥിരമായി വാസമുറപ്പിക്കാതെ അലഞ്ഞുതിരിയുന്ന ജിപ്സികളെപ്പോലെ. എല്ലാം ഗണിതശാസ്ത്രം മികച്ച നിലയിൽ പഠിപ്പിക്കാൻ വേണ്ടി. വലിയ തുക കൊടുത്ത് പഠിക്കാനാവാത്തതിന്റെ പേരിൽ ഒരു കുട്ടിയും നിരാശപ്പെടരുത് എന്ന ലക്ഷ്യം പൂർത്തിയാക്കാൻ വേണ്ടി. കോച്ചിങ് ക്ലാസ്സുകൾ ഇന്ന് രാജ്യത്തെ എല്ലാ മുക്കിലും മൂലയിലുമുണ്ട്. എന്നാൽ, വേഗമേറിയ പഠനവും പരീക്ഷ മാത്രം ലക്ഷ്യമെന്ന നിലപാടും ഗണിതശാസ്ത്ര ക്ലാസ്സുകളിലെ എല്ലാ ആഹ്ലാദവും ചോർത്തിക്കളയുകയാണ്. ഇതിനൊരു പരിഹാരം കൂടിയാണ് ശ്രാവണിന്റെ ക്ലാസ്സുകൾ.
ജെഇഇ പരിശീലനം നൽകുന്ന ഏതു കോച്ചിങ് ക്ലാസ്സിലും ഉയർന്ന ശമ്പളത്തിൽ ശ്രാവണിനു ജോലിക്കു കയറാം. മാസാമാസം ലക്ഷങ്ങൾ സമ്പാദിക്കാം. എന്നാൽ ശ്രാവൺ ഇത്തരം ഒരു സ്വപ്നവും താലോലിക്കുന്നില്ല. ക്യാപ്സൂൾ രൂപത്തിൽ നടത്തുന്ന പഠനം വിഷയത്തെ മനസ്സിലാക്കുകയോ ആഴത്തിൽ ഉൾക്കൊള്ളുകയോ ചെയ്യുന്നില്ലെന്നാണ് അദ്ദേഹത്തിന്റെ പരാതി. വിഷയത്തെ അറിഞ്ഞുവേണം പഠിക്കാൻ. അതിന് സമർപ്പണവും ഇഛാശക്തിയും വേണം.
10 ലക്ഷത്തിലേറെപ്പേരാണ് രാഹുൽ രാജിന്റെ ട്വീറ്റിന് കയ്യടിച്ചിരിക്കുന്നത്. 18, 000 പേർ കുറഞ്ഞ സമയത്തിനുള്ളിൽ ലൈക്ക് അടിച്ചു. ഓൺലൈൻ ക്ലാസ്സുകൾ സജീവമായതോടെ ഓരോ പ്രദേശത്തും ജീവിച്ചിരിക്കുന്ന ഇഷ്ട വിഷയത്തെ പിന്തുടരുന്ന അധ്യാപകരെ ആർക്കും വേണ്ടാതായി എന്നതാണ് സത്യമെന്ന് ഈ ട്വീറ്റിനു മറുപടിയായി പലരും ചൂണ്ടിക്കാട്ടി. ശ്രാവണിനു ഗവേഷണം തുടരാൻ ആഗ്രഹമുണ്ടെങ്കിൽ ലോകത്തെ മുൻ നിര സ്ഥാപനങ്ങളെത്തന്നെ കണ്ടെത്തണമെന്ന് മറ്റൊരാൾ കമന്റിൽ എഴുതി.
അദ്ഭുതകരമായ മാതൃകയാണ് ശ്രാവണിന്റേതെന്ന് എല്ലാവരും ഏകാഭിപ്രായം രേഖപ്പെടുത്തുന്നു. പ്രചോദനാത്മ കമാണ് അദ്ദേഹത്തിന്റെ ജീവിതകഥയെന്ന് സാക്ഷ്യപ്പെടുത്തുന്നവരും ഒട്ടേറെയുണ്ട്. സമൂഹ മാധ്യമ ലോകത്ത് ഇപ്പോഴും ശ്രാവണിന്റെ സൂപ്പർ ഹിറ്റ് കഥ ഷെയർ ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നു. എന്നാൽ ഇതൊന്നും ശ്രദ്ധിക്കാതെ വിവിധ ക്ലാസ്സുകളിലെ തന്റെ കുട്ടികൾക്കു വേണ്ടി പുതിയ പാഠം തയാറാക്കുന്ന തിരക്കിലാണ് ശ്രാവൺ. ഇങ്ങനെയുള്ള മനുഷ്യർ കൂടിയാണ് അധ്യാപനത്തിന്റെയും പഠനത്തിന്റെയും ആത്മാർഥതയും സമർപ്പണവും നിലനിർത്തുന്നതെന്ന് ഓർമിപ്പിച്ചുകൊണ്ട്.
Content Summary : IITian Quit His High-Paying Job For His Passion For Math And Teaching