നാറ്റാ: ബിആർക് പ്രവേശനത്തിന് അഭിരുചി പരീക്ഷ 3 തവണ
Mail This Article
കേന്ദ്രസർക്കാർ സ്ഥാപനമായ കൗൺസിൽ ഓഫ് ആർക്കിടെക്ചറിന്റെ (www.coa.gov.in) കീഴിൽ 5 വർഷ ബിആർക് (ബാച്‌ലർ ഓഫ് ആർക്കിടെക്ചർ) പ്രോഗ്രാം പ്രവേശനത്തിനുള്ള അഭിരുചി പരീക്ഷയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം. നാറ്റാ (NATA-നാഷനൽ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇൻ ആർക്കിടെക്ചർ) എന്ന അഭിരുചി പരീക്ഷ ഈ വർഷം 3 തവണയുണ്ട്. കംപ്യൂട്ടർ ഉപയോഗിച്ചാണു പരീക്ഷ. വെബ്: www.nata.in
ഹെൽപ് ഡെസ്ക്: nata2023.helpdesk@gmail.com. ഫോൺ: 74066 92922
താൽപര്യമനുസരിച്ച് ഒന്നോ രണ്ടോ മൂന്നോ ടെസ്റ്റിന് റജിസ്റ്റർ ചെയ്യാം. പരിഗണിക്കുന്ന സ്കോർ ഇങ്ങനെ:
∙ ഒരു ടെസ്റ്റെഴുതിയാൽ, അതിലെ സ്കോർ
∙ 2 ടെസ്റ്റെഴുതിയാൽ, 2 സ്കോറുകളിൽ മെച്ചമായത്
∙ 3 ടെസ്റ്റെഴുതിയാൽ, മെച്ചമായ 2 സ്കോറുകളുടെ ശരാശരി
180 മിനിറ്റ് നേരത്തെ ടെസ്റ്റ് രാവിലെ 10നും ഉച്ചകഴിഞ്ഞ് 2.30നും തുടങ്ങും. 125 ചോദ്യങ്ങൾ. ചോദ്യമനുസരിച്ച് ഒന്നോ രണ്ടോ മൂന്നോ മാർക്ക്. ആകെ 200 മാർക്ക്. യോഗ്യതയ്ക്ക് 70 മാർക്കെങ്കിലും നേടണം.
5 രീതിയിലായിരിക്കും ചോദ്യങ്ങൾ :
∙ മൾട്ടിപ്പിൾ ചോയ്സ്– MCQ
∙ മൾട്ടിപ്പിൾ സിലക്ട്– MSQ
∙ പ്രിഫറൻഷ്യൽ ചോയ്സ്– PCQ
∙ ന്യൂമെറിക്കൽ ആൻസർ– NAQ
∙ മാച്ച് ദ് ഫോളോയിങ് (ചേരുംപടി ചേർക്കുക) – MFQ
മാധ്യമം മുഖ്യമായും ഇംഗ്ലിഷാണെങ്കിലും ചില ചോദ്യങ്ങൾ പ്രാദേശികഭാഷകളിലും നൽകും. 7 തരം റീസണിങ് സങ്കേതങ്ങൾ പ്രയോഗിക്കുന്ന ചോദ്യങ്ങൾവഴി വിവിധ കഴിവുകൾ പരിശോധിക്കും
1. ഡയഗ്രമാറ്റിക് റീസണിങ് : ചിത്രങ്ങളും സാഹചര്യങ്ങളും അടിസ്ഥാനമാക്കിയുള്ള യുക്തി
2. ന്യൂമെറിക്കൽ റീസണിങ് : ലളിതമായ കണക്കുകൾ ഉപയോഗിച്ചുള്ള ഗണിതശേഷി
3. വെർബൽ റീസണിങ് : വാക്കുകളുടെ പ്രയോഗം വഴി യുക്തി
4. ഇൻഡെക്ടിവ് റീസണിങ് : പാറ്റേണുകൾ ഗ്രഹിച്ച് വിവരങ്ങൾ വിശകലനം ചെയ്യാനുള്ള ശേഷി
5. സിറ്റുവേഷനൽ ജഡ്ജ്മെന്റ് : പ്രശ്ന നിർധാരണശേഷി
6. ലോജിക്കൽ റീസണിങ് : പാറ്റേണുകൾ, പരമ്പരകൾ, രൂപങ്ങളും പ്രതിബിംബങ്ങളും തമ്മിലുള്ള ബന്ധം എന്നിവ തിരിച്ചറിയാനുള്ള ശേഷി
7. അബ്സ്ട്രാക്റ്റ് റീസണിങ് : വിവരങ്ങൾ മനസ്സിലാക്കി പുതിയ സാഹചര്യങ്ങളിൽ പ്രയോഗിക്കാനുള്ള കഴിവ്.
പൂർവാനുഭവങ്ങളുടെ വെളിച്ചത്തിൽ സാഹചര്യത്തെളിവുകൾ അപഗ്രഥിച്ച് നിഗമനങ്ങളിലെത്താനും തീർപ്പു കൽപിക്കാനുമുള്ള ശേഷിയും പരിശോധിക്കുന്നുണ്ട്.
ജ്യോമട്രിയടക്കം മാത്തമാറ്റിക്സ്, ഫിസിക്സ്, ഭാഷയും വ്യാഖ്യാനവും, രൂപകൽപനയുടെ പ്രാഥമികതത്വങ്ങൾ, സൗന്ദര്യബോധം, വർണ സിദ്ധാന്തങ്ങൾ, പുതുചിന്ത, ദൃശ്യബോധം, ചിത്രാലങ്കാരങ്ങൾ, കെട്ടിടങ്ങളുടെ ഘടന, കെട്ടിടംപണിയുടെ ബാലപാഠം, നിർമാണ പദാർഥങ്ങൾ, ആർക്കിടെക്ചറിലെ പദസമ്പത്ത് എന്നുതുടങ്ങി വൈവിധ്യമാർന്ന മേഖലകളിൽ നിന്നു ചോദ്യം വരും. ആനുകാലിക സംഭവങ്ങളടക്കമുള്ള പൊതുവിജ്ഞാനവും ഉണ്ടായിരിക്കും.
മുൻ പരീക്ഷകളുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകിയുള്ള പരിശീലനം പ്രധാനം. ചോദ്യോത്തരങ്ങൾ നൽകുന്ന സഹായക ഗ്രന്ഥങ്ങളും വെബ് സൈറ്റുകളും പ്രയോജനപ്പെടുത്താം. പഠിച്ചുണ്ടാക്കിയ അറിവു പരിശോധിക്കുകയല്ല, സ്വാഭാവിക അഭിരുചി വിലയിരുത്തുകയാണ് എന്നു നാറ്റാ ഇൻഫർമേഷൻ ബ്രോഷറിലുണ്ടെങ്കിലും, മുൻ ചോദ്യങ്ങളുമായുള്ള പരിചയം നിശ്ചയമായും സഹായകമായിരിക്കും. ആവർത്തിച്ചുള്ള ഡ്രില്ലിങ് ഗുണം ചെയ്യും.
അപേക്ഷ
നാറ്റാ അപേക്ഷ സമർപ്പിക്കാനുള്ള രീതി ബ്രോഷറിന്റെ 11-15 പുറങ്ങളിലുണ്ട്. അപേക്ഷാഫീ ഒരു ടെസ്റ്റിന് 2000 രൂപ, 2 ടെസ്റ്റിന് 4000 രൂപ. 3 ടെസ്റ്റിനും ചേർത്ത് 5400 രൂപ. പട്ടിക, ഭിന്നശേഷി, വനിത (എല്ലാ വിഭാഗങ്ങളിലെയും), ട്രാൻസ്ജെൻഡർ വിഭാഗക്കാർ യഥാക്രമം 1500 / 3000/ 4050 രൂപ. വിദേശത്ത് പരീക്ഷയെഴുതാൻ യഥാക്രമം 10,000 / 20,000 /27,000 രൂപ. പ്രോസസിങ് ചാർജും ജിഎസ്ടിയും പുറമേ. ഇഷ്ടപ്പെട്ട 3 പരീക്ഷാകേന്ദ്രങ്ങളുടെ മുൻഗണനാക്രമം അപേക്ഷയിൽ നൽകണം.
പരീക്ഷാകേന്ദ്രങ്ങൾ
തിരുവനന്തപുരം, കൊല്ലം, കോട്ടയം, ആലപ്പുഴ, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ ഉൾപ്പെടെ ഇന്ത്യയിലെ 157 കേന്ദ്രങ്ങൾക്കു പുറമേ ദുബായ്, മനാമ (ബഹ്റൈൻ), ദോഹ, കുവൈത്ത്, മസ്കത്ത്, റിയാദ് എന്നിവിടങ്ങളിലും കേന്ദ്രങ്ങളുണ്ട്. വേണ്ടത്ര അപേക്ഷകരുണ്ടെങ്കിൽ നേപ്പാൾ, ശ്രീലങ്ക, ദക്ഷിണാഫ്രിക്ക, സിംഗപ്പൂർ എന്നിവിടങ്ങളിലും പരീക്ഷ നടത്തിയേക്കാം.
പ്രവേശനയോഗ്യത
ബിആർക് പ്രവേശനത്തിന് മാത്‌സ്, ഫിസിക്സ്, കെമിസ്ട്രി എന്നിവയ്ക്കു മൊത്തമായും പ്ലസ്ടു പരീക്ഷയിൽ എല്ലാ വിഷയങ്ങളും ചേർത്തും 50% വീതം മാർക്ക് വേണം. മാത്‌സ് ഉൾപ്പെട്ട 3 വർഷ ഡിപ്ലോമയിൽ മൊത്തം 50% മാർക്കായാലും മതി. ഇപ്പോൾ യോഗ്യതാപരീക്ഷ എഴുതുന്നവർക്കും അപേക്ഷിക്കാം. ബിആർക്കിനു ലാറ്ററൽ എൻട്രിയില്ല.
നാറ്റായിൽ സ്കോർ നേടിയതുകൊണ്ടുമാത്രം ബിആർക് പ്രവേശനം കിട്ടില്ല. പ്രവേശനാധികാരികൾ പുറപ്പെടുവിക്കുന്ന വിജ്ഞാപനപ്രകാരം യഥാസമയം അപേക്ഷിക്കണം. വിശേഷ യോഗ്യതകൾ നിർദേശിച്ചിട്ടുണ്ടെങ്കിൽ അവ പാലിക്കുകയും വേണം. കേരളത്തിലെ പ്രവേശനത്തിന് ജൂൺ 30ന് അകം നാറ്റാ സ്കോർ എൻട്രൻസ് പരീക്ഷാ കമ്മിഷണറുടെ സൈറ്റിൽ അപ്‌ലോഡ് ചെയ്യേണ്ടിവരും.
എൻഐടി / ഐഐടി പ്രവേശനത്തിന് നാറ്റാ സ്കോർ ഉപകരിക്കില്ല. അതിനു ജെഇഇ മെയിൻ / അഡ്വാൻസ്ഡ് പരീക്ഷകളോടൊപ്പമുള്ള അഭിരുചിപരീക്ഷകളിൽ മികവു തെളിയിക്കേണ്ടതുണ്ട്.
Content Summary : National Aptitude Test in Architecture (NATA) - Apply Now