ബിഎസ്‌സി നഴ്സിങ് : പ്രവേശനം എൻട്രൻസ് ഇല്ലെങ്കിൽ വിദ്യാർഥികളുടെ ഭാവിയെ ബാധിക്കും ; ഇന്ത്യൻ നഴ്സിങ് കൗൺസിൽ
Mail This Article
ന്യൂഡൽഹി ∙ ബിഎസ്‌സി നഴ്സിങ് പ്രവേശനത്തിന് എൻട്രൻസ് പരീക്ഷ നടത്തണമെന്ന നിർദേശം കേരളം നടപ്പാക്കാതിരുന്നാൽ വിദ്യാർഥികളുടെ ഭാവിയെ ഗുരുതരമായി ബാധിക്കുമെന്ന് ഇന്ത്യൻ നഴ്സിങ് കൗൺസിൽ മുന്നറിയിപ്പു നൽകി. വിദ്യാർഥികളുടെ റജിസ്ട്രേഷൻ റദ്ദാക്കപ്പെടാനും ജോലി ലഭിക്കാതിരിക്കാനും ഇതു വഴിവച്ചേക്കും. പരീക്ഷ നടത്തേണ്ടെന്ന തീരുമാനം കേരളം ഇതുവരെ ഒൗദ്യോഗികമായി അറിയിച്ചിട്ടില്ല. അറിയിപ്പ് ലഭിച്ചാൽ കൗൺസിൽ നിലപാടറിയിക്കും. അതിനുള്ള സംസ്ഥാനത്തിന്റെ മറുപടി അറിഞ്ഞ ശേഷം തുടർനടപടി സ്വീകരിക്കാനാണു നീക്കം. പരീക്ഷ നടത്താൻ ആവശ്യമായ സമയമില്ല എന്നതായിരുന്നു പ്രശ്നമെങ്കിൽ അതു നീട്ടിനൽകുമായിരുന്നുവെന്ന് കൗൺസിൽ അംഗം പ്രതികരിച്ചു.
പ്രവേശന പരീക്ഷയിലൂടെ വിദ്യാർഥികളുടെ അക്കാദമിക് നിലവാരം ഉറപ്പാക്കുക കൗൺസിലിന്റെ ചുമതലയാണ്. സുപ്രീം കോടതിയും ഇത് വ്യക്തമാക്കിയിട്ടുണ്ട്. 1983 മുതൽ 2007 വരെ കേരളം പൊതുപ്രവേശന പരീക്ഷ നടത്തിയിരുന്നു. പ്രവേശന നടപടികളിൽ മുൻപ് പരാതി കേട്ടിരുന്ന കർണാടക ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ പ്രവേശന പരീക്ഷ നടത്താൻ തീരുമാനിച്ചിട്ടുണ്ട്.
Read Also : മുൻനിര ജർമൻ സാങ്കേതിക കമ്പനികളിൽ മികച്ച ജോലി നേടണോ?
കോഴ്സ് അനുമതിയെ ബാധിക്കില്ലെന്ന് ആരോഗ്യ വകുപ്പ്
നഴ്സിങ് പ്രവേശനത്തിന് എൻട്രൻസ് പരീക്ഷ വേണ്ടെന്നുവച്ചത് കോഴ്സിന്റെ അനുമതി ഉൾപ്പെടെയുള്ള കാര്യങ്ങളെ ബാധിക്കില്ലെന്ന് ആരോഗ്യ വകുപ്പിലെ ഉദ്യോഗസ്ഥർ. അടുത്ത വർഷം മുതൽ എൻട്രൻസ് നടത്താമെന്ന് ഇന്ത്യൻ നഴ്സിങ് കൗൺസിലിനെ വൈകാതെ അറിയിക്കും. കോഴ്സ് പൂർത്തിയാക്കുന്നവർക്ക് അംഗീകാരം ലഭിക്കാത്ത സാഹചര്യം ഉണ്ടാകില്ല. കോഴ്സിന് അംഗീകാരം നൽകുന്നതും വിദ്യാർഥികൾക്ക് റജിസ്ട്രേഷൻ നൽകുന്നതും സംസ്ഥാന നഴ്സിങ് കൗൺസിലാണ്. എൻട്രൻസ് ഒരു വർഷത്തേക്ക് നീട്ടിവയ്ക്കാൻ ഇന്ത്യൻ കൗൺസിലിൽനിന്നു സ്വാഭാവിക അനുമതി ലഭിക്കുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
ജൂൺ 15ന് എൻട്രൻസ് പരീക്ഷ നടത്തി സെപ്റ്റംബർ 30നകം പ്രവേശന നടപടികൾ പൂർത്തിയാക്കണമെന്നാണ് കൗൺസിൽ നിർദേശിച്ചിരുന്നത്. മെറിറ്റും സംവരണവും ഉറപ്പാക്കാൻ എൻട്രൻസ് പരീക്ഷ നടത്തണമെന്നാണ് അവരുടെ നിലപാട്.
എൻട്രൻസ് വിയോജിപ്പ് സിപിഎം നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങൾക്ക് ഉൾപ്പെടെ
സിപിഎം നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളുടേതടക്കം വിവിധ മാനേജ്മെന്റുകളുടെ ആവശ്യപ്രകാരമാണ് ഈ വർഷം എൻട്രൻസ് പരീക്ഷ വേണ്ടെന്നുവയ്ക്കാൻ തീരുമാനിച്ചതെന്നാണു വിവരം. സിപിഎം നിയന്ത്രണത്തിലുള്ള സഹകരണ സ്ഥാപനങ്ങൾക്കു കീഴിൽ പത്തോളം നഴ്സിങ് കോളജുകൾ ഉണ്ട്. സ്വകാര്യ സ്വാശ്രയ മാനേജ്മെന്റ് അസോസിയേഷനിൽ നിന്നു തെറ്റിപ്പിരിഞ്ഞ 20 സ്ഥാപനങ്ങളുടെ മാനേജ്മെന്റുകളും എൻട്രൻസിനെ അനുകൂലിക്കുന്നില്ല. മെരിറ്റും സംവരണവും അട്ടിമറിക്കുന്നെന്ന് എസ്എഫ്ഐ മുതൽ സിപിഎം വരെ നിരന്തരം ഓർമിപ്പിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഇപ്പോഴത്തെ തീരുമാനം . ഇപ്പോൾ 50% സീറ്റിൽ സർക്കാരും 15% എൻആർഐ സീറ്റ് ഉൾപ്പെടെ 50% സീറ്റിൽ മാനേജ്മെന്റുകളുമാണ് പ്രവേശനം നടത്തുന്നത്. സ്വകാര്യ, ക്രിസ്ത്യൻ മാനേജ്മെന്റ് അസോസിയേഷനുകൾ തങ്ങൾക്കുള്ള 50% സീറ്റിലേക്കു പൊതു അപേക്ഷ ക്ഷണിച്ച് റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചശേഷം അതിൽ നിന്നു പ്രവേശനം നടത്തും. സിപിഎം നിയന്ത്രണത്തിലുള്ള കോളജുകളും അസോസിയേഷനുകളുടെ നിലപാടിനോടു വിയോജിപ്പുള്ള മാനേജ്മെന്റുകളും സ്വന്തം നിലയ്ക്കാണു പ്രവേശനം നടത്തുന്നത്.