ADVERTISEMENT

ന്യൂഡൽഹി / തിരുവനന്തപുരം ∙ ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷ (നീറ്റ് യുജി) മണിപ്പുരൊഴികെ മറ്റിടങ്ങളിൽ പൂർത്തിയായി. സംസ്ഥാനത്ത് 1.20 ലക്ഷം വിദ്യാർഥികൾ നീറ്റ് യുജി എഴുതി. 1.28 ലക്ഷം പേരാണ് റജിസ്റ്റർ ചെയ്തിരുന്നത്. ഭേദപ്പെട്ട നിലവാരമുള്ള ചോദ്യങ്ങളായിരുന്നു ഭൂരിഭാഗവും. അതികഠിനമായവ കുറവാണെന്നാണു വിലയിരുത്തൽ. മണിപ്പുരിലെ കലാപം കാരണം അവിടെ 22 കേന്ദ്രങ്ങളിൽ നടക്കേണ്ടിയിരുന്ന പരീക്ഷ മാറ്റി. അവിടെ  8700 വിദ്യാർഥികളാണു റജിസ്റ്റർ ചെയ്തത്. സ്ഥിതിഗതികൾ ശാന്തമായ ശേഷം  പരീക്ഷ നടത്തും. ഈ വർഷം രാജ്യത്താകെ 20.8 ലക്ഷം പേരാണു നീറ്റിനു റജിസ്റ്റർ ചെയ്തത്. നീറ്റ് പരീക്ഷയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന റജിസ്ട്രേഷനാണിത്. രാജ്യത്താകെ 1.4 ലക്ഷം എംബിബിഎസ്, ബിഡിഎസ് സീറ്റാണുള്ളത്.

കോഴിക്കോട്ട് പരീക്ഷ കഴിഞ്ഞത് രാത്രി 7.20ന്

കോഴിക്കോട് ∙ ഈങ്ങാപ്പുഴ മാർ ബസേലിയോസ് ഇംഗ്ലിഷ് മീഡിയം സ്കൂളിലെ പരീക്ഷാ കേന്ദ്രത്തിൽ ആവശ്യത്തിനു ചോദ്യക്കടലാസുകൾ ലഭിക്കാത്തതിനാൽ ഒരു ഹാളിൽ പരീക്ഷ തീർന്നത് രാത്രി 7.20ന്.

ഉച്ചയ്ക്ക് 1.25ന് ചോദ്യക്കടലാസ് കെട്ടുകൾ പൊട്ടിക്കുമ്പോഴാണ് എണ്ണക്കുറവ് ശ്രദ്ധയിൽപെട്ടത്. തുടർന്ന് ജില്ലയിൽ കുട്ടികൾ ഹാജരാകാത്ത പരീക്ഷാ കേന്ദ്രങ്ങളിൽനിന്ന് ചോദ്യക്കടലാസ് എത്തിച്ചു. ഇതുകാരണം പല ഹാളിലും പല സമയങ്ങളിലാണു പരീക്ഷ തുടങ്ങിയത്.

 

20 ക്ലാസ് മുറികളിലാണ് ഇവിടെ പരീക്ഷ നടന്നത്. അതിൽ 4 മുതൽ 20 വരെ നമ്പർ ക്ലാസ് മുറികളിൽ 2.05നു പരീക്ഷ തുടങ്ങി. എന്നാൽ 2, 3 നമ്പർ ക്ലാസ് മുറികളിൽ അര മണിക്കൂർ വൈകിയാണു തുടങ്ങിയത്. ഒന്നാം നമ്പർ ഹാളിൽ ഒന്നര മണിക്കൂറോളം വൈകി 3.25നാണ് ആരംഭിച്ചത്. 40 പേർ എഴുതിയ ഈ ഹാളിലാണു രാത്രി 7.20 വരെ പരീക്ഷ നീണ്ടത്.

 

ഫറോക്ക് അൽ ഫാറൂഖ് റസിഡൻഷ്യൽ സ്കൂളിൽ ഒഎംആർ ഷീറ്റ് മാറിയതുമായി ബന്ധപ്പെട്ട് തർക്കമുണ്ടായി. ഏതാനും കുട്ടികൾ ഹാജരാവാതിരുന്ന ഈ സെന്ററിൽ ഇതു ശ്രദ്ധിക്കാതെ ഒഎംആർ ഷീറ്റ് വിതരണം ചെയ്തപ്പോൾ പരസ്പരം മാറുകയായിരുന്നു. ഇതു പരിഹരിച്ചെന്നാണ് അധികൃതരുടെ വിശദീകരണം.

 

പരീക്ഷാകേന്ദ്രം തെറ്റ്; എഴുതാനാകാതെ 2 പേർ

 

ആലപ്പുഴ ∙ അഡ്മിറ്റ് കാർഡിൽ പരീക്ഷാ കേന്ദ്രം തെറ്റായി രേഖപ്പെടുത്തിയതിനാൽ 2 വിദ്യാർഥികൾക്കു നീറ്റ് എഴുതാൻ കഴിഞ്ഞില്ല. ചെങ്ങന്നൂർ സ്വദേശികളായ 2 പെൺകുട്ടികൾക്ക് ചേർത്തല ഗവ. ഗേൾസ് സ്കൂൾ എന്നാണ് അഡ്മിറ്റ് കാർഡിൽ പരീക്ഷാകേന്ദ്രം രേഖപ്പെടുത്തിയിരുന്നത്. എന്നാൽ, ആ സ്കൂൾ പരീക്ഷാകേന്ദ്രമായിരുന്നില്ല. 

 വിദ്യാർഥികൾ ഏറ്റവും അടുത്തുള്ള 2 പരീക്ഷാകേന്ദ്രങ്ങളിലെത്തി അന്വേഷിച്ചെങ്കിലും അവിടെ ഇവരുടെ വിവരങ്ങൾ ഇല്ലാത്തതിനാൽ എഴുതാൻ കഴിഞ്ഞില്ല.

 

കോട്ടയം ജില്ലയിൽ ബയോമെട്രിക് പഞ്ചിങ്ങിലെ അപാകത കാരണം ചാന്നാനിക്കാട് ശ്രീനാരായണ പബ്ലിക് സ്കൂളിൽ നീറ്റ് തുടങ്ങിയത് രണ്ടു മണിക്കു ശേഷമാണെന്നു വിദ്യാർഥികൾ പരാതിപ്പെട്ടു. 480 വിദ്യാർഥികളിൽ 140 പേർക്ക് ആദ്യം പഞ്ചിങ് നടത്താനായില്ല. ഇവരുടെ വിവരം രേഖപ്പെടുത്തിയതു പരീക്ഷയ്ക്കു ശേഷമാണ്. രക്ഷിതാക്കളും അധികൃതരുമായി വാക്കേറ്റമുണ്ടായി.

 

Content Summary : NEET UG 2023 Exam Analysis

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com