നവോദയ ആറാം ക്ലാസ് പ്രവേശനം : അപേക്ഷിക്കാം ഓഗസ്റ്റ് 10 വരെ
Mail This Article
ജവഹർ നവോദയ വിദ്യാലയങ്ങളിൽ അടുത്ത അധ്യയനവർഷം ആറാം ക്ലാസിലേക്കുള്ള പ്രവേശനത്തിന് ഓഗസ്റ്റ് 10 വരെ ഓൺലൈനായി റജിസ്റ്റർ ചെയ്യാം. അപേക്ഷാഫീയില്ല. അംഗീകൃത സ്കൂളിൽ 3, 4 ക്ലാസുകളിൽ പഠിച്ച്, ഇപ്പോൾ അഞ്ചാം ക്ലാസിൽ പഠിക്കുന്ന കുട്ടികളായിരിക്കണം. നേരത്തേ അഞ്ചാം ക്ലാസ് ജയിച്ചവരും രണ്ടാം ചാൻസിൽ ജയിക്കുന്നവരും അപേക്ഷിക്കേണ്ട. അംഗീകൃത ഓപ്പൺ സ്കൂളുകാർ ‘ബി’ സർട്ടിഫിക്കറ്റ് ഹാജരാക്കണം. 6 മുതൽ 12 വരെ ക്ലാസുകളിലേക്കു സിബിഎസ്‌ഇ സിലബസ് അനുസരിച്ചാണു പഠനം. എട്ടു വരെ മലയാളമാധ്യമം. തുടർന്ന് മാത്‌സും സയൻസും ഇംഗ്ലിഷിലും, സോഷ്യൽ സയൻസ് ഹിന്ദിയിലും.
Read Also : കേരള എൻട്രൻസ്, മനസ്സിനിണങ്ങിയ ശാഖയിൽ പ്രവേശനം കിട്ടുമോ? അറിയാം
സ്‌കൂളിൽ തന്നെ താമസിക്കണം. പഠനം, താമസം, ഭക്ഷണം, യൂണിഫോം, പാഠപുസ്‌തകങ്ങൾ എന്നിവ സൗജന്യം. 9–12 ക്ലാസുകളിൽ മാത്രം 600 രൂപ പ്രതിമാസ ഫീസുണ്ട്. ദാരിദ്ര്യരേഖയ്‌ക്കു താഴെയുള്ളവർ, പെൺകുട്ടികൾ, പട്ടികവിഭാഗക്കാർ എന്നിവർക്ക് ഈ ഫീസുമില്ല. സർക്കാർ ജീവനക്കാരുടെ കുട്ടികൾക്കു വേറെ നിരക്കുണ്ട്. സ്കൂൾ നിലകൊള്ളുന്ന ജില്ലയിലെ സ്ഥിരതാമസക്കാരെ മാത്രമേ പരിഗണിക്കൂ.
ജനനം 2012 മേയ് ഒന്നിനു മുൻപോ 2014 ജൂലൈ 31നു ശേഷമോ ആകരുത്. പട്ടികവിഭാഗക്കാരടക്കം ആർക്കും പ്രായത്തിൽ ഇളവില്ല. ഫോമിനും പ്രോസ്‌പെക്‌ടസിനും വെബ്സൈറ്റ്: www.navodaya.gov.in
ഗ്രാമങ്ങളിൽ 3, 4, 5 ക്ലാസ് പഠിച്ചവർക്കായി 75% ഗ്രാമീണ ക്വോട്ടയുണ്ട്. ഒരു ദിവസമെങ്കിലും നഗരത്തിൽ പഠിച്ചവരെ ഇതിനു പരിഗണിക്കില്ല. ശേഷിച്ച 25% സീറ്റിലേക്ക് നഗരപ്രദേശക്കാരോടൊപ്പം ഗ്രാമീണരെയും പരിഗണിക്കും.
കേരളത്തിലെ 14 ജില്ലകളിലായി 14 സ്കൂളുകളുണ്ട്. ഓരോ സ്കൂളിലും 80 സീറ്റ്. മൂന്നിലൊന്നു സീറ്റുകളെങ്കിലും പെൺകുട്ടികൾക്കാണ്. ജില്ലയിലെ ജനസംഖ്യയ്ക്ക് ആനുപാതികമായി പട്ടികജാതി / വർഗ സംവരണമുണ്ട്. പക്ഷേ യഥാക്രമം 15 / 7.5 ശതമാനത്തിൽ കുറയില്ല; 50 ശതമാനത്തിൽ കൂടുകയുമില്ല.
പിന്നാക്കവിഭാഗത്തിന് 27% സംവരണമുണ്ട്. കേന്ദ്രസർക്കാർ മാനദണ്ഡപ്രകാരം ഭിന്നശേഷിസംവരണവുമുണ്ട്. 9–ാം ക്ലാസിലേക്കു കടക്കുന്ന കുട്ടികൾ ഹിന്ദി മേഖലയിലെ സ്‌കൂളിൽ ഒരു വർഷം പഠിക്കേണ്ടിവരും.
പരീക്ഷ ജനുവരി 20ന്
2024 ജനുവരി 20നു രാവിലെ 11.30നു നടത്തുന്ന ഒഎംആർ ടെസ്‌റ്റിലെ പ്രകടനം ആധാരമാക്കിയാണ് സിലക്‌ഷൻ. ടെസ്റ്റ് ഘടനയിങ്ങനെ:
∙ മാനസികശേഷി: 40 ചോദ്യം, 50 മാർക്ക്, 60 മിനിറ്റ്
∙ അരിത്‌മെറ്റിക്: 20 ചോദ്യം, 25 മാർക്ക്, 30 മിനിറ്റ്
∙ ഭാഷ: 20 ചോദ്യം, 25 മാർക്ക്, 30 മിനിറ്റ്
ആകെ: 80 ഒബ്‌ജക്‌ടീവ് ചോദ്യം, 100 മാർക്ക്, 120 മിനിറ്റ്.
തെറ്റിനു മാർക്ക് കുറയ്‌ക്കില്ല. കുട്ടി അഞ്ചാം ക്ലാസിൽ പഠിച്ച ഭാഷയിൽ പരീക്ഷയെഴുതാം. ഈ പരീക്ഷ ഒരു പ്രാവശ്യം മാത്രമേ എഴുതാൻ അനുവാദമുള്ളൂ. ഫലം മാർച്ച്–ഏപ്രിൽ സമയത്തു വെബ്സൈറ്റിൽ വരും. ടെസ്‌റ്റിലെ ചോദ്യമാതൃകകൾ ഉൾപ്പെടെ കൂടുതൽ വിവരങ്ങൾക്കു പ്രോസ്പെക്ടസ് നോക്കുക. മുൻവർഷങ്ങളിലെ ചോദ്യങ്ങൾ പരിശീലിക്കുന്നതു നന്ന്.
Content Summary : NVS Class 6th Admissions 2024: Application process commences, check how to apply