ADVERTISEMENT

തിരുവനന്തപുരം ∙ ജില്ലാ അടിസ്ഥാനത്തിലുള്ള സ്കൂൾ പഠനമികവു വിലയിരുത്താനുള്ള കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പെർഫോമൻസ് ഗ്രേഡിങ് ഇൻഡക്സ് ഫോർ ഡിസ്ട്രിക്ടിൽ (പിജിഐ–ഡി) തൃശൂരിന് സംസ്ഥാനത്ത് ഒന്നാം സ്ഥാനം. പഠനമികവ്, അടിസ്ഥാനസൗകര്യങ്ങൾ, സ്കൂളിലെ സുരക്ഷ, ഇന്റർനെറ്റ് ഉൾപ്പെടെയുള്ള സൗകര്യങ്ങൾ, ഫണ്ട് വിനിയോഗം എന്നിവയുടെ അടിസ്ഥാനത്തിലാണു മികവു നിർണയിച്ചത്. 2021–22 അധ്യയനവർഷത്തിലെ റിപ്പോർട്ടനുസരിച്ച് 442 പോയിന്റ് നേടിയാണു തൃശൂർ ഒന്നാം സ്ഥാനത്ത് എത്തിയത്. തൊട്ടുമുൻപത്തെ വർഷം തിരുവനന്തപുരവും കൊല്ലവും രാജ്യത്തുതന്നെ ഒന്നാമതെത്തിയിരുന്നു (476 പോയിന്റ്).

ജില്ലകൾക്ക് ഉൽകർഷ് (81–90%), അത്യുത്തമം (71–80%), ഉത്തമം (61–70%), പ്രചേഷ്ട–1 (51–60%), പ്രചേഷ്ട–2 (41–50%), പ്രചേഷ്ട–3 (31–40%), ആകാംക്ഷി–1 (21–30%), ആകാംക്ഷി–2 (11–20%), ആകാംക്ഷി–3 (10 % വരെ) എന്നിങ്ങനെയാണു ഗ്രേഡ് നൽകിയത്. ഇക്കുറിയും ഉൽകർഷ് വിഭാഗത്തിൽ ജില്ലകൾ ഒന്നും ഉൾപ്പെട്ടിട്ടില്ല. 2020–21 അധ്യയനവർഷം രാജ്യത്തെ 124 ജില്ലകൾ 71–80% ഗ്രേഡുള്ള അത്യുത്തമത്തിൽ ഉൾപ്പെട്ടിരുന്നുവെങ്കിൽ 2021–22 അധ്യയന വർഷം ഇത് 51 ആയി കുറഞ്ഞു. 2020-21 വർഷം കേരളത്തിലെ എല്ലാ ജില്ലകളും അത്യുത്തമ വിഭാഗത്തിലായിരുന്നുവെങ്കിൽ ഇക്കുറി ആലപ്പുഴ, ഇടുക്കി ജില്ലകൾ ഉത്തമ വിഭാഗത്തിലായി. ബാക്കി 12 ജില്ലകളും അത്യുത്തമ വിഭാഗത്തിൽ തുടർന്നു. 

കേരളത്തിലെ മികച്ച 12 ജില്ലകൾ 

വിവിധ വിഭാഗങ്ങളിൽ രാജ്യത്ത് ഏറ്റവും മുന്നിലെത്തിയ 12 ജില്ലകളുടെ പട്ടികയിൽ ഇടം നേടിയ കേരളത്തിലെ ജില്ലകൾ: 

അടിസ്ഥാനസൗകര്യവും വിദ്യാർഥികളുടെ അധികാരാവകാശങ്ങളും: തൃശൂർ (സ്കോർ – 49), കണ്ണൂർ (48), വയനാട് (47).

ഡിജിറ്റൽ ലേണിങ്: തൃശൂർ, പാലക്കാട് (സ്കോർ 33 വീതം), തിരുവനന്തപുരം (32).

ഭരണനിർവഹണം: പത്തനംതിട്ട, തൃശൂർ, കണ്ണൂർ (സ്കോർ 82 വീതം). പുതുച്ചേരിയുടെ ഭാഗമായ മാഹിയും (82) ഈ പട്ടികയിലുണ്ട്.

Content Summary : Ministry of Education releases report on Performance Grading Index 2.0 for States/UTs for the year 2021-22

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com