ADVERTISEMENT

തിരുവനന്തപുരം ∙ സാങ്കേതിക സർവകലാശാലയുടെ (കെടിയു) ബിടെക് പരീക്ഷയിൽ 55.6% വിജയം. കഴിഞ്ഞ വർഷം 50.47% ആയിരുന്നു ജയം. കൊല്ലം ടികെഎം കോളജിലെ സിവിൽ വിദ്യാർഥി ആർ.ഐശ്വര്യ (സിജിപിഎ 9.98), പാറ്റൂർ ശ്രീബുദ്ധ കോളജിലെ സിവിൽ വിദ്യാർഥി എറിൻ മറിയം ഷാജി (9.96), എറണാകുളം പുത്തൻകുരിശ് മുത്തൂറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആൻഡ് സയൻസിലെ കംപ്യൂട്ടർ സയൻസ് വിദ്യാർഥി റോഹൻ മാത്യു ഫിലിപ്പ് (9.95) എന്നിവർ ആദ്യ മൂന്നു സ്ഥാനങ്ങളിലെത്തി.

Read Also : കേരള എംബിബിഎസ്, ബിഡിഎസ് പ്രവേശനം: ഓപ്ഷൻ സമർപ്പിക്കാം 31ന് രാവിലെ 10 വരെ...

141 എൻജിനീയറിങ് കോളജുകളിലായി പരീക്ഷയെഴുതിയ 28,059 വിദ്യാർഥികളിൽ 15,601 പേർ ജയിച്ചു. 30,178 പേരാണ് ഈ ബാച്ചിൽ പ്രവേശനം നേടിയിരുന്നത്. 7435 പേർക്കു ഡിസ്റ്റിങ്ഷനും 8121 പേർക്കു ഫസ്റ്റ് ക്ലാസുമുണ്ട്.

ഗവൺമെന്റ് കോളജുകളിൽ 73.85%, എയ്ഡഡിൽ 78.62%, സർക്കാർ സ്വാശ്രയ കോളജുകളിൽ 59.55%, സ്വകാര്യ സ്വാശ്രയ കോളജുകളിൽ 48.3% എന്നിങ്ങനെയാണു വിജയം. ബ്രാഞ്ചുകളിൽ ഇൻഡസ്ട്രിയൽ എൻജിനീയറിങ്ങാണു മുന്നിൽ– 84.84% വിജയം. ഫുഡ് ടെക്നോളജി (81.53%), പ്രൊഡക്‌ഷൻ (75.75%), ഇലക്ട്രോണിക്സ് ആൻഡ് ബയോമെഡിക്കൽ (70.58%), ഇൻസ്ട്രമെന്റേഷൻ ആൻഡ് കൺട്രോൾ (68.75%) എന്നിവയാണ് രണ്ടു മുതൽ അ‍ഞ്ചു വരെ സ്ഥാനങ്ങളിലുള്ളത്. ഇലക്ട്രോണിക്സ് 53.68, ഇലക്ട്രിക്കൽ 51.07, സിവിൽ 59.33, മെക്കാനിക്കൽ 43.34, കംപ്യൂട്ടർ സയൻസ് 64.27 എന്നിങ്ങനെയാണു മറ്റു ശാഖകളിലെ വിജയശതമാനം.

നൂതന ശാഖകളിലെ പ്രകടനം ഇങ്ങനെ: ബയോമെഡിക്കൽ 67.08, റോബട്ടിക്‌സ് ആൻഡ് ഓട്ടമേഷൻ 58.41, മെക്കട്രോണിക്‌സ് 46.15, നേവൽ ആർക്കിടെക്ചർ ആൻഡ് ഷിപ് ബിൽഡിങ് 36.38. എട്ട് സെമസ്റ്ററുകളിലായി 162 ക്രെഡിറ്റ് നേടിയവർക്കു ബിടെക്കും 8.5 മുകളിൽ ഗ്രേഡ് ലഭിക്കുകയും 20 അധിക ക്രെഡിറ്റുകൾകൂടി നേടുകയും ചെയ്തവർക്ക് ബിടെക് ഓണേഴ്സും ലഭിച്ചു. ജയിച്ച 15,601 പേരിൽ 466 പേർക്കാണ് ബിടെക് ഓണേഴ്സ് ലഭിച്ചത്. കൂടുതൽ ഓണേഴ്സ് നേടിയതു കൊല്ലം ടികെഎം (77), തിരുവനന്തപുരം സിഇടി (66), തൃശൂർ ഗവ.എൻജിനീയറിങ് കോളജ് (37) എന്നിവയാണ്.

ബിടെക്കിനൊപ്പം മറ്റൊരു വിഷയത്തിൽ മൈനർ ബിരുദം കൂടി നൽകുന്നതു നടപ്പാക്കിയശേഷമുള്ള ആദ്യ ബാച്ചാണിത്. 984 വിദ്യാർഥികൾ മൈനറിന് അർഹരായി. ഏറ്റവും കൂടുതൽ ബിടെക് മൈനർ നേടിയത് തിരുവനന്തപുരം സിഇടി (99), കോട്ടയം സെന്റ് ഗിറ്റ്സ് (80), കാഞ്ഞിരപ്പള്ളി അമൽ ജ്യോതി (61) എന്നിവയാണ്. 123 പേർ ഓണേഴ്സും മൈനറും ഒരുമിച്ചു നേടി. ഇതിൽ മുന്നിൽ സിഇടി (32), സെന്റ് ഗിറ്റ്സ്(15), അമൽജ്യോതി (11) എന്നിവയാണ്.

വിജയശതമാനത്തിൽ മുന്നിലുള്ള കോളജുകൾ ഇവ: സിഇടി 87.06%, കോട്ടയം രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി 83.64%, മുത്തൂറ്റ് ഇൻസ്റ്റിറ്റ്യൂട്ട് %. കൂടുതൽ വിദ്യാർഥികളെ പരീക്ഷയ്ക്കിരുത്തിയ ടികെഎം (804), എറണാകുളം രാജഗിരി (784) എന്നിവ യഥാക്രമം 79.48%, 68.62% വീതം വിജയം നേടി. മൂല്യനിർണയം പൂർത്തിയാക്കാൻ 36 ദിവസം മാത്രമാണ് എടുത്തത് എന്നു വൈസ് ചാൻസലർ ഡോ.സജി ഗോപിനാഥ് അറിയിച്ചു.

വിജയികളുടെ പ്രൊവിഷനൽ സർട്ടിഫിക്കറ്റുകളും ഗ്രേഡ് കാർഡുകളും വിദ്യാർഥികളുടെ പോർട്ടലിൽ ലഭ്യമാണ്.ഗ്രേഡ് കാർഡുകളും പോർട്ടലിൽ ലഭിക്കും.ബിരുദ സർട്ടിഫിക്കറ്റിനുള്ള അപേക്ഷ ഓഗസ്റ്റ് ഒന്ന് മുതൽ സ്വീകരിച്ചു തുടങ്ങും. ഡിഗ്രി സർട്ടിഫിക്കറ്റുകൾ ഡിജിലോക്കറിൽ ലഭ്യമാക്കും.

ബിആർക്: 53.45% വിജയം

തിരുവനന്തപുരം ∙ എട്ടു കോളജുകളിൽനിന്നു 406 വിദ്യാർഥികൾ ബിആർക് പരീക്ഷ എഴുതിയതിൽ 217 പേർ ജയിച്ചു. വിജയം 53.45%. പരീക്ഷയെഴുതിയ 265 പെൺകുട്ടികളിൽ 161 പേർ ജയിച്ചു. 141 ആൺകുട്ടികളിൽ 56 പേർ മാത്രമാണ് ജയിച്ചത്.

രാജധാനി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്‌മെന്റ് ആൻഡ് കേറ്ററിങ് ടെക്നോളജിയിൽ മാത്രമാണ് ബിഎച്ച്എംസിടി കോഴ്സ് ഉള്ളത്. 63 വിദ്യാർഥികളിൽ 52 പേർ ജയിച്ചു.  82.54 % വിജയം. പരീക്ഷയെഴുതിയ 5 പെൺകുട്ടികളും ജയിച്ചു. 58 ആൺകുട്ടികളിൽ 47 പേർ ജയം നേടി. എസ്.എസ്.സിദ്ധാർഥ്, എ.അനിത, എസ്.നസീം ഖാൻ എന്നിവർ യഥാക്രമം 9.53, 9.00, 8.87 ഗ്രേഡ് നേടി ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.

തിരുവനന്തപുരം കോളജ് ഓഫ് ആർക്കിടെക്ചറിലെ 38 വിദ്യാർഥികൾ ബിഡിസ് പരീക്ഷ എഴുതിയതിൽ 20 പേർ ജയിച്ചു. വിജയം 52.63%. ദേവിക അനിൽ (8.28),അന്ന ജോസഫ് (7.97),എം.വൃന്ദ (7.87) എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.

കെടിയു: പഠനിലവാരം ഉയർത്തുമെന്ന് വിസി

തിരുവനന്തപുരം∙ പ്രവേശന  പരീക്ഷ എഴുതാതെ  ബിടെക്കിനു ചേരുന്ന കുട്ടികളുടെയും പ്രവേശിപ്പിക്കുന്ന കോളജുകളുടെയും പഠന നിലവാരം ഉയർത്തേണ്ടതു സാങ്കേതിക സർവകലാശാലയുടെ (കെടിയു) ബാധ്യതയാണെന്നു വൈസ് ചാൻസലർ ഡോ.സജി ഗോപിനാഥ്. ഇതു സംബന്ധിച്ച സർക്കാരിന്റെ മാർഗ നിർദേശങ്ങൾ സർവകലാശാലയ്ക്കു ലഭിച്ചിട്ടില്ല. ലഭിക്കുന്ന മുറയ്ക്കു പഠന നിലവാരം ഉയർത്താൻ  ക്രമീകരണം ഒരുക്കും. ഇത്തരം കുട്ടികൾക്കായി ബ്രിജ് കോഴ്‌സുകൾ ആരംഭിക്കും. ഒഴിവുള്ള സീറ്റുകളിൽ പ്രവേശനത്തിനു പുതിയ മാർഗം കണ്ടെത്തിയില്ലെങ്കിൽ കോളജുകൾ പൂട്ടുമെന്നും ഇത് ഒഴിവാക്കുകയാണ് ഇപ്പോഴത്തെ നടപടിയിലൂടെ ലക്ഷ്യമിടുന്നതെന്നും സിൻഡിക്കറ്റ് അംഗം പ്രഫ.പി.ഒ.ജെ. ലബ്ബ  പറഞ്ഞു.

സർവകലാശാലയുടെ പഠന, ഗവേഷണ വകുപ്പുകൾ അടുത്ത അധ്യയന വർഷം  തുടങ്ങുമെന്നു വിസി അറിയിച്ചു. തിരുവനന്തപുരത്തു വിളപ്പിൽശാലയിലെ 50 ഏക്കർ സ്ഥലത്താണ് പ്രീഫാബ് സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള കെട്ടിടം ഒരുക്കുക. എംടെക് അടക്കമുള്ള പിജി കോഴ്‌സുകളും ഗവേഷണ വിഭാഗവുമുണ്ടാകും. ഏഴു സ്‌കൂളുകളാണ് അവിടെയുണ്ടാകുക, ഒരു സ്‌കൂളിന് ഒരു പ്രോഗ്രാം എന്ന നിലയിലാകും ക്രമീകരിക്കുക. പിജി കോഴ്‌സുകൾക്കു പുറമേ വിപുലമായ ഗവേഷണ വിഭാഗമാകും ഒരുക്കുക. റിസർച് സ്‌കോളർഷിപ്പും ഉണ്ടാകും. ആവശ്യമായ അധ്യാപക നിയമനങ്ങൾ ഉടൻ തുടങ്ങും. ഹോസ്റ്റലുകൾ ക്രമീകരിക്കും.

Content Summary : KTU B.Tech Result 2023 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com