‘ടീച്ചർ’ വിളി: ഉത്തരവ് തള്ളി മേൽനോട്ട സമിതി; കുട്ടികൾക്ക് ഇഷ്ടമുള്ളത് വിളിക്കാം
Mail This Article
തിരുവനന്തപുരം∙ സ്കൂളുകളിലെ അധ്യാപകരെ വിദ്യാർഥികൾ ലിംഗഭേദമില്ലാതെ ‘ടീച്ചർ’ എന്ന് അഭിസംബോധന ചെയ്യണമെന്ന സംസ്ഥാന ബാലാവകാശ കമ്മിഷൻ ഉത്തരവ് തള്ളി അധ്യാപക സംഘടനകൾ ഉൾപ്പെട്ട ക്യുഐപി മേൽനോട്ട സമിതി. കുട്ടികൾക്ക് ഇഷ്ടമുള്ളതു പോലെ അധ്യാപകരെ അഭിസംബോധന ചെയ്യാമെന്നും ഇക്കാര്യത്തിൽ സർക്കാർ പ്രത്യേക നിർദേശമൊന്നും നൽകേണ്ടെന്നും യോഗം ഐകകണ്ഠ്യേന തീരുമാനിച്ചു. അധ്യാപകരുടെ സംബോധനയിൽ ലിംഗ വിവേചനം പ്രതിഫലിക്കുന്ന നിർദേശങ്ങളൊന്നും വകുപ്പ് നൽകിയിട്ടില്ലെന്ന് കമ്മിഷനു മറുപടി നൽകും.
Read Also : ഓണപ്പരീക്ഷ 16 മുതൽ 24 വരെ; ഓണാഘോഷത്തോടെ 25ന് സ്കൂളടയ്ക്കും
മാഡം, സർ, മാഷ് എന്നിങ്ങനെ വിളിക്കുന്നത് ഒഴിവാക്കണമെന്നായിരുന്നു കഴിഞ്ഞ ജനുവരിയിൽ കമ്മിഷൻ ഉത്തരവിട്ടത്. അധ്യാപകരെ ആദര സൂചകമായി അഭിസംബോധന ചെയ്യാൻ കഴിയുന്ന അനുയോജ്യമായ പദം ‘ടീച്ചർ’ എന്നാണെന്നും അതിനാൽ അങ്ങനെ വിളിക്കാൻ സ്കൂളുകൾക്ക് നിർദേശം നൽകണമെന്നും പൊതു വിദ്യാഭ്യാസ ഡയറക്ടറോട് നിർദേശിക്കുകയും ചെയ്തു.
എന്നാൽ ഇതിനെതിരെ വകുപ്പ് മന്ത്രി വി.ശിവൻകുട്ടിയും അധ്യാപക സംഘടനകളും രംഗത്തു വന്നതോടെ തുടർ നടപടികൾ ഉണ്ടായില്ല. ഈ വിഷയം ക്യുഐപി യോഗത്തിൽ ചർച്ചയായപ്പോഴും എല്ലാവരും ഒരേ സ്വരത്തിൽ എതിർപ്പ് വ്യക്തമാക്കുകയായിരുന്നു.
Content Summary : How do students address teachers?