വീണ്ടും ‘ആധാർ’ പ്രതിസന്ധി; തസ്തികനിർണയം പാളുന്നു
Mail This Article
തിരുവനന്തപുരം∙ സംസ്ഥാനത്തെ സ്കൂളുകളിൽ ഈ അധ്യയന വർഷത്തെ തസ്തികനിർണയം നിശ്ചിത സമയം കഴിഞ്ഞിട്ടും പൂർണതോതിൽ പൂർത്തിയാക്കാനായില്ല. ഇരുപതിനായിരത്തിലേറെ കുട്ടികളുടെ യുഐഡി (ആധാർ നമ്പർ) സ്കൂളുകളിൽ നിന്നു ഹാജരാക്കാത്തതും പതിമൂവായിരത്തോളം കുട്ടികളുടെ യുഐഡി രേഖകളിലെ പൊരുത്തക്കേട് പരിഹരിക്കാനാകാത്തതുമാണ് പ്രതിസന്ധി.
Read Also : വയസ്സ് 50, എന്നിട്ടും ജോലി മാറുന്നതിനെക്കുറിച്ചാണോ ചിന്ത?; 7 കാര്യങ്ങൾ ശ്രദ്ധിക്കാം
കഴിഞ്ഞവർഷം യുഐഡി ഇല്ലാത്ത കുട്ടികളെയും പ്രധാനാധ്യാപകർ നൽകുന്ന സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തിൽ തസ്തിക നിർണയത്തിനു പരിഗണിച്ചിരുന്നു. ഇത്തവണ പക്ഷേ യുഐഡി ഉള്ള കുട്ടികളെ മാത്രമേ പരിഗണിച്ചുള്ളൂ. യുഐഡി ഇല്ലാത്ത ഇത്രയേറെ കുട്ടികളെ പരിഗണിക്കാതെയാണ് കഴിഞ്ഞ 21ന് തസ്തിക നിർണയം താൽക്കാലികമായി പൂർത്തിയാക്കിയത്. പൊതു വിദ്യാലയങ്ങളിൽ കഴിഞ്ഞ അധ്യയന വർഷത്തെക്കാൾ 94,639 കുട്ടികൾ ഈ അധ്യയന വർഷം കുറഞ്ഞതായാണ് കണക്ക്. ഇതിനൊപ്പം യുഐഡി ഇല്ലാത്ത കുട്ടികളെ തസ്തിക നിർണയത്തിൽ പരിഗണിക്കാതെയും വന്നതോടെ തസ്തികകളിൽ കാര്യമായ കുറവ് വന്നിട്ടുണ്ട്.
അധ്യയനവർഷത്തെ 6–ാം പ്രവൃത്തി ദിനം തന്നെ കുട്ടികളുടെ കണക്കെടുപ്പ് നടന്നെങ്കിലും മുപ്പത്തി അയ്യായിരത്തോളം കുട്ടികളുടെ യുഐഡി ഉണ്ടായിരുന്നില്ല. നാൽപതിനായിരത്തോളം കുട്ടികളുടെ യുഐഡികളിലെ വിവരങ്ങളും സ്കൂൾ റജിസ്റ്ററിലെ രേഖകളും തമ്മിൽ പൊരുത്തക്കേടുമുണ്ടായിരുന്നു. ഇതു പരിഹരിക്കാൻ 4 അവസരം നൽകിയതായി പൊതു വിദ്യാഭ്യാസ ഡയറക്ടർ എസ്.ഷാനവാസ് അറിയിച്ചു. ചില സ്കൂളുകൾ കുട്ടികളുടെ എണ്ണം പെരുപ്പിച്ചു കാട്ടിയതായും സംശയിക്കുന്നുണ്ട്.
Read Also : 1.60 കോടി രൂപയുടെ സ്കോളർഷിപ് സ്വന്തമാക്കി റിജു എസ്. റോബിൻ
എന്നാൽ കൂട്ടത്തോടെ അധ്യാപക തസ്തികകൾ വെട്ടിക്കുറയ്ക്കാനുള്ള നീക്കമാണ് സർക്കാർ നടത്തുന്നതെന്ന് അധ്യാപക സംഘടനയായ കെപിഎസ്ടിഎ കുറ്റപ്പെടുത്തി. ഒന്നോ രണ്ടോ കുട്ടികൾക്ക് യുഐഡി ഇല്ലാത്തതു മൂലം ഒരു സ്കൂളിൽ തന്നെ ഒന്നിലധികം തസ്തികകൾ നഷ്ടപ്പെട്ടതായും 1:40 അനുപാതം എടുത്തു കളഞ്ഞതു വ്യാപകമായി തസ്തിക നഷ്ടത്തിനു കാരണമായെന്നും സംസ്ഥാന പ്രസിഡന്റ് കെ.അബ്ദുൽ മജീദ് ചൂണ്ടിക്കാട്ടി.
കഴിഞ്ഞ അധ്യയന വർഷം തസ്തിക നിർണയം ഈ മാർച്ചിലാണ് പൂർത്തിയായത്. ഫലത്തിൽ അതുകൊണ്ട് പ്രയോജനമില്ലാതായി. ഇനി ഇപ്പോഴത്തെ തസ്തിക നിർണയം അനുസരിച്ചാണ് ഈ വർഷം അധ്യാപക പുനർ വിന്യാസവും നിയമനവും നടത്തേണ്ടത്. ഇരുപതിനായിരത്തിലേറെ കുട്ടികളുടെ ആധാർ നമ്പർ ലഭിച്ചില്ല; പതിമൂവായിരത്തോളം രേഖകളിൽ പൊരുത്തക്കേടും തസ്തിക നിർണയം ഇനിയും നീട്ടിക്കൊണ്ടു പോകാനാകില്ല. യുഐഡി ഉള്ള കുട്ടികളുടെ എണ്ണം അനുസരിച്ച് 21ന് പൂർത്തിയാക്കിയ തസ്തിക നിർണയം അനുസരിച്ചുള്ള നടപടികളുമായി മുന്നോട്ടു പോകും. ഇല്ലെങ്കിൽ അതു നിയമപ്രശ്നം ഉൾപ്പെടെ സൃഷ്ടിച്ചേക്കും. ബാക്കിയുള്ള കുട്ടികളുടെ യുഐഡിയിലെ പ്രശ്നങ്ങൾ പരിഹരിക്കുന്ന മുറയ്ക്ക് അതും പരിഗണിക്കും.
∙ വി.ശിവൻകുട്ടി,
വിദ്യാഭ്യാസ മന്ത്രി
Content Summary : Public Schools Face Post Determination Crisis: 94,639 Children Missing From this Academic Year