‘ഗേറ്റ്’ അപേക്ഷ ഓഗസ്റ്റ് 30 മുതൽ
Mail This Article
കേന്ദ്രസർക്കാരിന്റെ ധനസഹായത്തോടെ പഠിക്കാവുന്ന എൻജിനീയറിങ്, ടെക്‌നോളജി, ആർക്കിടെക്ചർ വിഷയങ്ങളിലെ മാസ്റ്റേഴ്സ് / ഡോക്ടറൽ പ്രോഗ്രാമുകളിലെയും ആർട്സ്, സയൻസ് വിഷയങ്ങളിലെ ഡോക്ടറൽ പ്രോഗ്രാമുകളിലെയും പ്രവേശനത്തിന് അർഹത നിർണയിക്കുന്ന ദേശീയപരീക്ഷ ‘ഗേറ്റി’ന് (GATE: Graduate Aptitude Test in Engineering) നാളെമുതൽ അപേക്ഷിക്കാം. വെബ് : https://gate2024.iisc.ac.in. ഫെബ്രുവരി 3, 4, 10, 11 തീയതികളിലാണു പരീക്ഷ.
∙ എൻജിനീയറിങ്, ടെക്‌നോളജി, ആർക്കിടെക്ചർ, സയൻസ്, കൊമേഴ്സ്, ആർട്സ്, മാനവികവിഷയങ്ങൾ ഇവയൊന്നിൽ ബിരുദം നേടിയവർക്കും മൂന്നാം വർഷമെങ്കിലും പഠിക്കുന്നവർക്കും എഴുതാം. ഡെന്റൽ സർജറി, വെറ്ററിനറി സയൻസ്, അഗ്രികൾചർ, ഹോർട്ടികൾചർ, ഫോറസ്ട്രി ബാച്‌ലർ ബിരുദധാരികൾക്കും അപേക്ഷിക്കാം.
∙ നിർദിഷ്ട ബാച്‍ലർ ബിരുദത്തിനു തുല്യമായി കേന്ദ്രസർക്കാർ അംഗീകരിച്ച പ്രഫഷനൽ അംഗത്വമുള്ളവരെയും പരിഗണിക്കും. ഉയർന്ന യോഗ്യതകൾ േനടിയവർക്കും അപേക്ഷിക്കാം. എത്ര തവണ വേണമെങ്കിലും ഗേറ്റ് എഴുതാം.
Read Also : കൈനിറയെ ശമ്പളത്തോടെ ഇഷ്ടജോലി ചെയ്യാം; ഒപ്പം സ്വന്തമാക്കാം ആരോഗ്യമുള്ള മനസ്സും ശരീരവും
∙ ആകെ 30 സബ്ജക്ട് പേപ്പറുകൾ. ഇത്തവണ ‘ഡേറ്റാ സയൻസ് & ആർട്ടിഫിഷ്യൽ ഇന്റലിജൻസ്’ പേപ്പർ പുതുതായി ചേർത്തു. കംപ്യൂട്ടർ ഉപയോഗിച്ചാണു പരീക്ഷ.
∙ ഒബ്ജക്ടീവ് ചോദ്യങ്ങൾ മാത്രം (മൾട്ടിപ്പിൾ ചോയ്സ് / മൾട്ടിപ്പിൾ സിലക്ട് / ന്യൂമെറിക്കൽ ആൻസർ എന്നിങ്ങനെ 3 രീതികൾ). എല്ലാം 3 മണിക്കൂർ പേപ്പറുകൾ. മൾട്ടിപ്പിൾ ചോയ്സിൽ ശരിയുത്തരം ഒന്നു മാത്രം. മൾട്ടിപ്പിൾ സിലക്ടിൽ ഒന്നോ ഒന്നിലേറെയോ ശരിയാകാം. ന്യൂമെറിക്കൽ ആൻസർ രീതിയിൽ ചോദ്യങ്ങളുടെ ഉത്തരം മോണിറ്ററിലെ വെർച്വൽ കീപാഡ് ഉപയോഗിച്ച് അടിച്ചുചേർക്കണം.
∙ അഭിരുചി പരിശോധിക്കുന്ന 10 ചോദ്യങ്ങളും ബന്ധപ്പെട്ട വിഷയത്തിലെ 55 ചോദ്യങ്ങളും ഓരോ പേപ്പറിലും ഉണ്ടായിരിക്കും. അഭിരുചി 15, എൻജിനീയറിങ് മാത്‌സ് 13, ബന്ധപ്പെട്ട വിഷയം 72 എന്നിങ്ങനെ ആകെ 100 മാർക്ക്. 10 വിഷയങ്ങളിൽ മാത്‌സില്ല; അതിന്റെ മാർക്ക് കൂടി വിഷയത്തിനു നൽകും. മൾട്ടിപ്പിൾ ചോയ്സിൽ മാത്രം തെറ്റിനു മാർക്ക് കുറയ്ക്കും. 2007 മുതൽ 2023 വരെ നടന്ന പരീക്ഷകളിലെ ചോദ്യക്കടലാസുകൾ സൈറ്റിലുണ്ട്.
∙ ഒരു പേപ്പറോ രണ്ടു പേപ്പറോ ഇഷ്ടാനുസരണം എഴുതാം. രണ്ടെങ്കിൽ നിർദിഷ്ട കോംബിനേഷനുകളിൽനിന്നു തിരഞ്ഞെടുക്കണം. ബ്രോഷറിലെ പട്ടിക 4ൽ (14-ാം പുറം) അനുവദനീയമായ കോംബിനേഷനുകൾ കാണിച്ചിട്ടുണ്ട്. ഏതു പേപ്പർ വേണമെങ്കിലും തിരഞ്ഞെടുക്കാമെങ്കിലും നിങ്ങളുടെ ബിരുദവിഷയത്തിനു യോജിച്ച പേപ്പറുകൾ മാത്രം എടുക്കുക.
∙ അപേക്ഷകർക്കു പ്രായപരിധിയില്ല.
∙ ഫലപ്രഖ്യാപനം മുതൽ 3 വർഷത്തേക്ക് ഗേറ്റ് സ്കോറിനു പ്രാബല്യമുണ്ട്.
കേരളത്തിലെ പരീക്ഷാകേന്ദ്രങ്ങൾ
(1) ഐഐഎസ്‌സി ബെംഗളൂരു സോൺ: പത്തനംതിട്ട, അങ്കമാലി, തൃശൂർ, പാലക്കാട്, മലപ്പുറം, വടകര, കോഴിക്കോട്, കണ്ണൂർ, വയനാട്, പയ്യന്നൂർ, കാസർകോട്
(2) ഐഐടി മദ്രാസ് സോൺ: തിരുവനന്തപുരം, ആറ്റിങ്ങൽ, കൊല്ലം, ആലപ്പുഴ, ചെങ്ങന്നൂർ, കോട്ടയം, കാഞ്ഞിരപ്പള്ളി, മൂവാറ്റുപുഴ, കോതമംഗലം ആലുവ–എറണാകുളം.
Read Also : സെൽഫ് പ്രമോഷൻ നല്ലതോ ചീത്തയോ?; ജോലിയിൽ ഉയർച്ച ആഗ്രഹിക്കുന്നവർ തീർച്ചയായും അറിയണം
ഒരേ സോണിലെ 3 കേന്ദ്രങ്ങൾ തിരഞ്ഞെടുത്ത് അപേക്ഷയിൽ കാണിക്കാം. ഇന്ത്യയിൽ ഇരുനൂറോളം കേന്ദ്രങ്ങൾ. വിദേശത്ത് ഇത്തവണ കേന്ദ്രമില്ല. ഗേറ്റ് എന്നതു പ്രവേശനപരീക്ഷയല്ല. യോഗ്യത നിർണയിക്കുന്നതേയുള്ളൂ. പ്രവേശനത്തിനും ജോലിക്കും താൽപര്യമുള്ള സ്ഥാപനങ്ങളിൽ യഥാസമയം വേറെ അപേക്ഷിക്കണം. സിലബസും അപേക്ഷാരീതിയുമടക്കം പൂർണവിവരങ്ങൾ സൈറ്റിലുണ്ട്. ഈ വർഷത്തെ ഗേറ്റിന്റെ ചുമതല ബെംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിനാണ്. GATE-JAM Office, IISc, Bengaluru – 560 012; ഫോൺ: 080 22932644; helpdesk.gate@iisc.ac.in. നടത്തിപ്പിൽ 7 ഐഐടികളുടെ സഹകരണമുണ്ട്.
പൊതുമേഖലാ നിയമനങ്ങൾക്കും
പ്രമുഖ പൊതുമേഖലാസ്‌ഥാപനങ്ങളിലെ നിയമനങ്ങൾക്കും ഗേറ്റ് സ്കോർ പരിഗണിക്കും. മുൻവർഷങ്ങളിൽ ഇങ്ങനെ നിയമനം നൽകിയവയിൽ ഭാരത് ഹെവി ഇലക്ട്രിക്കൽസ്, കോൾ ഇന്ത്യ, ഐഒസിഎൽ, ബിഎസ്എൻഎൽ, ദാമോദർ വാലി കോർപറേഷൻ, ഇലക്ട്രോണിക്സ് കോർപറേഷൻ ഓഫ് ഇന്ത്യ, എൻജിനീയേഴ്സ് ഇന്ത്യ, ഗെയിൽ, നാഷനൽ അലുമിനിയം കമ്പനി, നാഷനൽ ഹൈവേയ്സ് അതോറിറ്റി ഓഫ് ഇന്ത്യ, എൻടിപിസി, ന്യൂക്ലിയർ പവർ കോർപറേഷൻ, ഒഎൻജിസി തുടങ്ങിയവയുണ്ട്. കേന്ദ്രസർക്കാരിലെ ഗ്രൂപ്പ് എ തസ്തികകളിൽ നേരിട്ടുള്ള നിയമനത്തിനും ഗേറ്റ് സ്കോർ ഉപയോഗിക്കുന്നു.
Read Also : ഗ്ലാമറും ഉയർന്ന ശമ്പളവുമുള്ള ജോലിയാണോ ലക്ഷ്യം?; കണ്ണുമടച്ച് തിരഞ്ഞെടുക്കാം 8 ജോലികൾ
പ്രധാന തീയതികൾ / അപേക്ഷാഫീ
∙ ഓൺലൈൻ അപേക്ഷ: ഓഗസ്റ്റ് 30 മുതൽ
∙ റഗുലർ അപേക്ഷ: സെപ്റ്റംബർ 29 വരെ
∙ ലേറ്റ് ഫീയോടെ അപേക്ഷ: ഒക്ടോബർ 13 വരെ
∙ അപേക്ഷയിൽ തിരുത്ത്: നവംബർ 7 മുതൽ 11 വരെ
∙ അഡ്മിറ്റ് കാർഡ്: 2024 ജനുവരി 3
∙ പരീക്ഷ (ശനി, ഞായർ): ഫെബ്രുവരി 3, 4, 10, 11 (രാവിലെ 9.30 – 12.30; ഉച്ചകഴിഞ്ഞ് 2.30 – 5.30 വരെ)
∙ ഫലം: മാർച്ച് 16
∙ സ്കോർ കാർഡ് ഡൗൺലോഡിങ്: മാർച്ച് 23 മുതൽ മേയ് 31 വരെ. 500 രൂപ ഫീയടച്ച് ഡിസംബർ 31 വരെയും
അപേക്ഷാഫീ ഓൺലൈനായി അടയ്‌ക്കാം. ഒരു പേപ്പറിന് 1800 രൂപ. പെൺകുട്ടികളും പട്ടിക, ഭിന്നശേഷി വിഭാഗക്കാരും 900 രൂപയടച്ചാൽ മതി. ലേറ്റ്ഫീ സഹിതം ഒക്ടോബർ 13 വരെ യഥാക്രമം 2300 / 1400 രൂപ അടച്ചും അപേക്ഷിക്കാം. ബാങ്ക് ചാർജ് പുറമേ. രണ്ടു പേപ്പറെഴുതാൻ ഇരട്ടി ഫീസ് നൽകണം. പക്ഷേ അപേക്ഷ ഒന്നു മതി.
Content Summary : Graduate Aptitude Test in Engineering 2024 - Apply Now