ഉദ്യോഗാർഥികളെ മാനസികമായി തളർത്താൻ ലക്ഷ്യമിട്ട് 10–15 ചോദ്യങ്ങൾ; യൂണിവേഴ്സിറ്റി എൽജിഎസ് മൂന്നാം ഘട്ടം വലച്ചു
Mail This Article
വിവിധ സർവകലാശാലകളിലെ ലാസ്റ്റ് ഗ്രേഡ് തസ്തികയിലേക്ക് (എൽജിഎസ്) പിഎസ്‌സി നടത്തുന്ന പ്രിലിമിനറി പരീക്ഷയുടെ മൂന്നാം ഘട്ടവും കഴിഞ്ഞു. ആദ്യ ഘട്ടങ്ങളിലേതിനെക്കാൾ കടുപ്പമായിരുന്നു ഈ പരീക്ഷ. പത്താം ക്ലാസ് യോഗ്യത വേണ്ട തസ്തികകളിലേക്കു കഴിഞ്ഞവർഷം നടത്തിയ പ്രിലിമിനറി പരീക്ഷയിൽ ആകെയുള്ള 5 ഘട്ടങ്ങളിൽ 3,5 ഘട്ടക്കാരാണു പരീക്ഷണം നേരിട്ടതെങ്കിൽ യൂണിവേഴ്സിറ്റി എൽജിഎസ് പരീക്ഷയിൽ മൂന്നാം ഘട്ടക്കാരാണ് ഇരകളായത്. പിഎസ്‍സിയുടെ നോർമലൈസേഷനും സ്റ്റാൻഡഡൈസേഷനും പൂർത്തിയായാലേ കട്ട് ഓഫ് മാർക്കും മെയിൻ പരീക്ഷയ്ക്കുള്ള യോഗ്യതയും സംബന്ധിച്ച അന്തിമ ചിത്രം വ്യക്തമാകൂ.
Read Also : ഫ്രാൻസിൽ ഉപരിപഠനം: മലയാളിക്ക് ചാർപാക് മാസ്റ്റേഴ്‌സ് സ്‌കോളർഷിപ്
ഉദ്യോഗാർഥികളെ മാനസികമായി തളർത്തുക എന്ന ഉദ്ദേശത്തോടെയുള്ള 10–15 ചോദ്യങ്ങൾ ഇക്കുറിയുണ്ടായിരുന്നു. ചില ചോദ്യങ്ങൾക്ക് ഉത്തരമേ ഉണ്ടായിരുന്നില്ല. ഉത്തരത്തിനു തലപുകച്ച് ഒരുപാടുപേർ സമയം കളഞ്ഞു. ‘ലക്ഷദ്വീപ് സമൂഹത്തിലെ ഏറ്റവും വലിയ ദ്വീപ് ഏത്’ എന്ന ചോദ്യത്തിന് ‘ആന്ത്രോത്ത്’ ആണു ശരിയുത്തരം. എന്നാൽ ഓപ്ഷനുകളിൽ അങ്ങനെയൊരു ചോയ്സ് ഇല്ല. പക്ഷേ രണ്ടാമത്തെ വലിയ ദ്വീപായ മിനിക്കോയ് ഉണ്ടായിരുന്നു. അത് എഴുതണോ എന്നാലോചിച്ച് ഒരുപാടു പേർ സമയം നഷ്ടപ്പെടുത്തി.
മറ്റൊരു ചോദ്യം ‘ദക്ഷിണേന്ത്യയിലെ രണ്ടാമത്തെ ഉയരം കൂടിയ കൊടുമുടി ഏത്?’ എന്നതായിരുന്നു. അതിനും കൃത്യമായ ഉത്തരം ഓപ്ഷനിൽ നൽകിയിട്ടില്ല. ‘മീശപ്പുലിമല’ എന്ന ഉത്തരമില്ലെങ്കിലും ‘ദൊഡാ ബെട്ട’ എന്ന ഓപ്ഷൻ വേണമെങ്കിൽ ഉത്തരമായി പരിഗണിക്കാവുന്നതായിരുന്നു.
നെഗറ്റീവ് മാർക്കിൽ കുടുക്കാൻ കണക്കാക്കിയുള്ള ചില ചോദ്യങ്ങളുണ്ടായിരുന്നു. ‘വേട്ടക്കാരൻ നക്ഷത്ര ഗണത്തിന്റെ വലതു ചുമലിന്റെ സ്ഥാനത്തു ചുവന്നു കാണുന്ന നക്ഷത്രം ഏത്?’ എന്ന ചോദ്യം അത്തരത്തിലുള്ളതായിരുന്നു. ശരാശരി ഉദ്യോഗാർഥികൾ ഒരിക്കലും വായിച്ചെത്താൻ സാധ്യതയില്ലാത്ത ഭാഗത്തുനിന്നുള്ള ചോദ്യമായിരുന്നു അത്. കറക്കിക്കുത്തി നെഗറ്റീവ് മാർക്ക് നേടാതെ ഇത്തരം ചോദ്യങ്ങൾ ഒഴിവാക്കുകയാണു നല്ലത്.
Read Also : കേരള മെഡിക്കൽ പിജി: പ്രവേശന വ്യവസ്ഥകൾ പരിഷ്കരിച്ചു
കഴിഞ്ഞ ഘട്ടക്കാർക്കെല്ലാം മാത്‌സ്, മെന്റൽ എബിലിറ്റി ഭാഗം വളരെ എളുപ്പമായിരുന്നു. അവർക്ക് 20ൽ 15–18 മാർക്ക് വാങ്ങാൻ ഒട്ടും പ്രയാസമുണ്ടായിരുന്നില്ല. എന്നാൽ ഈ ഘട്ടത്തിൽ ശരാശരി ഉദ്യോഗാർഥിക്ക് 10–12 മാർക്കേ പരമാവധി നേടാൻ കഴിയൂ. പരീക്ഷയുടെ കടുപ്പം നോക്കിയാൽ 32 ചോദ്യങ്ങളെങ്കിലും ഒഴിവാക്കേണ്ടവയായിരുന്നു. കഴിഞ്ഞ ഘട്ടങ്ങളിൽ 80 മാർക്ക് വരെ നേടാൻ കഴിഞ്ഞെങ്കിൽ ഈ ഘട്ടത്തിൽ 68 വരെ മാർക്കേ നേടാൻ കഴിയൂ.അടുത്ത ഘട്ടത്തിൽ പരീക്ഷ എഴുതാനുള്ളവർ ഇതുവരെയുള്ള പരീക്ഷകളുടെ ചോദ്യപ്പേപ്പറുകൾ പഠിച്ച് പരിശീലനം നടത്തുക.
Content Summary : PSC Preliminary Exam Update: Tougher Third Phase Raises Bar for Last Grade Post Applicants