കേരളത്തിൽ ജോലിസാധ്യത വളരെ മോശമെന്ന് സർവേ
Mail This Article
തിരുവനന്തപുരം ∙ സംസ്ഥാനത്തെ ജോലിസാധ്യതകൾ നിലവിൽ വളരെ മോശമാണെന്ന് ഐസിടി അക്കാദമി ഓഫ് കേരളയുടെ (ICT Academy of Kerala) സർവേ. തൊഴിൽ അന്വേഷകരുടെ മുൻഗണനകളും ജോലിയെ സ്വാധീനിക്കുന്ന ഘടകങ്ങളും കണ്ടെത്താൻ നടത്തിയ സർവേയിൽ പങ്കെടുത്ത 47% പേർ സംസ്ഥാനത്ത് തൊഴിലവസരങ്ങൾ കുറവാണെന്ന് അഭിപ്രായപ്പെട്ടു.
Read Also : ഇന്ത്യയിൽ നിന്ന് ക്ഷണം ലഭിച്ച ഏക സ്റ്റാർട്ടപ്പ് ‘എഡ്ടെക്ക്’ ഫിൻലൻഡിൽ ശ്രദ്ധേയമായ നേട്ടം
മികച്ച അവസരങ്ങളുണ്ടെന്ന് 27% പേരും അവസരങ്ങളെപ്പറ്റി അറിയില്ലെന്ന് 24% പേരും പറഞ്ഞു. ഐടി ജോലികൾക്കു കേരളത്തിൽ ശമ്പളം കുറവാണെന്നും വൈദഗ്ധ്യം നോക്കിയല്ല ജോലി ലഭിക്കുന്നതെന്നും അഭിപ്രായപ്പെട്ടവരുണ്ട്. യുവജനങ്ങൾക്കു സർക്കാർ ജോലികളെക്കാൾ പ്രിയം ബഹുരാഷ്ട്ര കമ്പനികളാണ്. സർക്കാർ നിയമനരീതി സുതാര്യവും കാര്യക്ഷമവുമാക്കണമെന്നും അഭിപ്രായമുണ്ട്.
വിദേശത്തു സ്ഥിരതാമസത്തിന് ആഗ്രഹമുണ്ടെന്നു 45.4% പേർ അഭിപ്രായപ്പെട്ടു. 43.4% പേർക്കു കേരളത്തോടാണ് താൽപര്യം. മറ്റു സംസ്ഥാനങ്ങൾ തിരഞ്ഞെടുത്തത് 11.2% പേർ. 46.6% പേർ കേരളത്തിലോ മറ്റു സംസ്ഥാനങ്ങളിലോ വിദേശത്തോ ജോലി ചെയ്യാൻ തയാറാണെന്ന അഭിപ്രായമുള്ളവരാണ്. 16% പേർ വിദേശ രാജ്യങ്ങളിൽ ജോലി ചെയ്യാനാണ് ആഗ്രഹിക്കുന്നത്. 21% പേർ കേരളത്തിനുള്ളിലും 8.8% പേർ വീടിന് അടുത്തുള്ള സ്ഥലങ്ങളിൽ ജോലി വേണമെന്നും അഭിപ്രായപ്പെട്ടു.
Read Also : ബിഎസ്‌സി ഫിസിക്സിനുശേഷം എന്തൊക്കെ പഠിക്കാം
മറ്റു പ്രധാന കണ്ടെത്തലുകൾ
∙ പ്രധാന മുൻഗണന ശമ്പളത്തിനെന്ന് 73% പേർ. കരിയർ വളർച്ച, സുരക്ഷിത ജോലി എന്നിവയ്ക്കാണ് രണ്ടും മൂന്നും സ്ഥാനങ്ങൾ.
∙ കരിയർ തിരഞ്ഞെടുക്കാൻ ഏറ്റവും കൂടുതൽ സഹായിക്കുന്നത് അധ്യാപകർ.
∙ 85% പേർക്കും മുഴുവൻ സമയ ജോലി വേണമെന്ന അഭിപ്രായക്കാരാണ്. പാർട് ടൈം ജോലിക്കൊപ്പം ഫ്രീലാൻസ് ജോലികൾക്കും ആവശ്യക്കാർ ഏറെ.
Content Summary : ICT Academy of Kerala (ICTAK) - Survey Report