കേരളത്തിന്റെ പഠനനിലവാരം: കേന്ദ്ര സർവേ നവംബർ 3ന്
Mail This Article
തിരുവനന്തപുരം ∙ സംസ്ഥാനത്തെ സ്കൂൾ വിദ്യാർഥികളുടെ പഠന നിലവാരം അളക്കാൻ കേന്ദ്ര സർക്കാർ സർവേ നടത്തുന്നു. 4,7,9 ക്ലാസുകളിലെ കുട്ടികളെ ഉൾപ്പെടുത്തിയുള്ള സ്റ്റേറ്റ് എജ്യുക്കേഷൻ അച്ചീവ്മെന്റ് സർവേ (എസ്‌ഇഎഎസ്) നവംബർ 3നു നടക്കും. 4–ാം ക്ലാസിൽ ഭാഷ, ഗണിതം, 7–ാം ക്ലാസിൽ ഭാഷ, ഗണിതം, സയൻസ്, 9–ാം ക്ലാസിൽ ഇംഗ്ലിഷ്, ഗണിതം, സയൻസ്, സോഷ്യൽ സയൻസ് എന്നീ വിഷയങ്ങളിലെ പഠന മികവാണ് അളക്കുന്നത്.
Read Also : ഇഷ്ടജോലി കിട്ടാൻ ഇന്റേൺഷിപ് എങ്ങനെ ചെയ്യണം
പതിനായിരത്തിലേറെ സ്കൂളുകളിലെ 3.23 ലക്ഷം കുട്ടികൾ പരീക്ഷാ മാതൃകയിലുള്ള സർവേയിൽ പങ്കെടുക്കും. എൻസിഇആർടിക്കു കീഴിലുള്ള ഏജൻസിയായ പരാഖ് ആണ് സർവേ സംഘടിപ്പിക്കുന്നത്. സർവേക്കായി സ്കൂളുകളെയും കുട്ടികളെയും പ്രത്യേക മാനദണ്ഡങ്ങളില്ലാതെ (റാൻഡം സിലക്‌ഷൻ) തിരഞ്ഞെടുക്കുന്നതും ഈ ഏജൻസിയായിരിക്കും.
ഓപ്ഷനുകളിൽനിന്നു ശരിയുത്തരം അടയാളപ്പെടുത്തുന്ന ഒഎംആർ രീതിയിലാകും പരീക്ഷ. ഉത്തരക്കടലാസ് സ്കാൻ ചെയ്ത് കേന്ദ്ര പോർട്ടലിലേക്ക് അയയ്ക്കും. വ്യക്തിഗത ഫലപ്രഖ്യാപനം ഉണ്ടാകില്ലെങ്കിലും സംസ്ഥാനത്തെ പൊതുവായ പഠനനിലവാരം റിപ്പോർട്ടായി നൽകും. ദേശീയ വിദ്യാഭ്യാസ നയരൂപീകരണത്തിന് ഇത് ഉപയോഗിക്കുകയും ചെയ്യും.
അടുത്ത വർഷം നടക്കുന്ന നാഷനൽ അച്ചീവ്മെന്റ് സർവേക്കു മുന്നോടിയായാണ് സംസ്ഥാന തലത്തിൽ കേന്ദ്രം സർവേ സംഘടിപ്പിക്കുന്നത്. ആദ്യമായാണ് സംസ്ഥാന തലത്തിൽ പഠന നിലവാരം അളക്കാൻ കേന്ദ്രം പരീക്ഷാ സർവേ സംഘടിപ്പിക്കുന്നത്. മാതൃകാ ചോദ്യപേപ്പർ ഒക്ടോബർ ഏഴിന് അധ്യാപകർക്കുള്ള ക്ലസ്റ്റർ പരിശീലനത്തിൽ പങ്കുവയ്ക്കും.
Content Summary : Central Government to Conduct Statewide Survey on Student Academic Performance