നാൽപതിന്റെ നിറവിൽ എംജി സർവകലാശാല; ഓർമകൾ പങ്കുവച്ച് പ്രഗത്ഭർ
Mail This Article
കേരളത്തിലെ പരമ്പരാഗത സർവകലാശാലാ കാഴ്ചപ്പാടുകൾക്ക് തുടക്കം മുതൽ തിരുത്താണ് എംജി സർവകലാശാല. നാൽപതിന്റെ നിറവിലാണ് എംജി സർവകലാശാല. ഗാന്ധി സർവകലാശാലയായി 1983 ഒക്ടോബർ രണ്ടിനു തുടക്കം. പിന്നീടു മഹാത്മാഗാന്ധി സർവകലാശാല എന്ന പേരിലേക്കു വളർന്നു. വെറും ഗാന്ധിയിലെ ബഹുമാനക്കുറവു കണ്ട് ഡോ.യു.ആർ.അനന്തമൂർത്തി വൈസ് ചാൻസലറായിരിക്കുമ്പോഴാണ് ഈ പേരുമാറ്റം. കാലക്രമേണ എംജി എന്ന രണ്ടക്ഷരമായി.
ടി.എം.ജേക്കബ് വിദ്യാഭ്യാസ മന്ത്രിയായിരുന്നപ്പോൾ കേരള സർവകലാശാലയുടെ കീഴിലുള്ള 66 കോളജുകൾ ചേർത്താണു ഗാന്ധി സർവകലാശാല തുടങ്ങിയത്. ഒക്ടോബർ 26നു നാഗമ്പടത്തു രാഷ്ട്രപതി ഗ്യാനി സെയിൽസിങ് ഉദ്ഘാടനം ചെയ്തു. ബേക്കർ മെമ്മോറിയലായിരുന്നു ആദ്യ ആസ്ഥാനം. പിന്നീടാണ് അതിരമ്പുഴ പ്രിയദർശിനി ഹിൽസിലെ 110 ഏക്കറിൽ അക്ഷര ആസ്ഥാനം ഉറച്ചത്. ഡോ. എ.ടി.ദേവസ്യയാണ് ആദ്യ വൈസ് ചാൻസലർ. ടി.കെ.കോശി ആദ്യ പ്രോവൈസ് ചാൻസലറും. ഡോ. സി.ടി.അരവിന്ദകുമാർ ഇപ്പോൾ വിസി ചുമതല വഹിക്കുന്നു.
മികവിലേക്ക് എംജി വഴി
ലോകത്തിലെ മികച്ച ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളെ ഉൾപ്പെടുത്തിയുള്ള ടൈംസ് ഹയർ എജ്യുക്കേഷന്റെ ലോക സർവകലാശാല റാങ്കിങ്ങിൽ എംജി ഇടം നേടിയത് കഴിഞ്ഞയാഴ്ച. 501–600 റാങ്കിങ് വിഭാഗത്തിലാണ് എംജി. അക്കാദമിക രംഗത്തെ ‘എംജി ടച്ച്’ പങ്കുവയ്ക്കുന്നു മുൻ വൈസ് ചാൻസലർ ഡോ.സാബു തോമസ്
സയൻസിലും സോഷ്യൽ സയൻസിലും അഞ്ചുവർഷ ഇന്റഗ്രേറ്റഡ് പ്രോഗ്രാമും നാനോ ടെക്നോളജിയിൽ കണ്ണൂർ സർവകലാശാലയുമായി ചേർന്നു ജോയിന്റ് മാസ്റ്റേഴ്സ് പ്രോഗ്രാമും തുടങ്ങി. പുതിയതായി വികസിക്കുന്ന മേഖലകളിൽ കോഴ്സുകൾ തുടങ്ങി. ഉദാഹരണമായി ഊർജ മേഖലയിൽ എംഎസ്‌സി, എംടെക്, പിഎച്ച്ഡി പ്രോഗ്രാമുകൾ തുടങ്ങി. സോളർ വൈദ്യുതി, പോളിമർ സെല്ലുകൾ, ക്വാണ്ടം ബോക്സ് തുടങ്ങി പല വിഷയങ്ങളും ഇവിടെ പഠിപ്പിക്കുന്നു.
എംജിയു ഇന്നവേഷൻ ഫൗണ്ടേഷൻ എന്ന കമ്പനി തുടങ്ങി. പുതിയ ഗവേഷണങ്ങൾ ഉൽപന്നങ്ങളാക്കി മാറ്റുകയാണു ലക്ഷ്യം. പുറത്തുള്ളവർക്കും നല്ല ആശയങ്ങൾ കൊണ്ടുവരാം. നല്ലതാണെങ്കിൽ ഉൽപന്നമാക്കാൻ സഹായിക്കും.
ബ്രെയിൻ-ഗെയിൻ പദ്ധതി വിജയകരമായി നടപ്പാക്കുന്നു. വിദേശത്തും മറ്റുമുള്ള മലയാളി പ്രഗല്ഭരെ കൊണ്ടുവന്നു ക്ലാസെടുപ്പിക്കുന്നു.
സ്റ്റാർട്ടപ് ഇൻക്യുബേഷൻ തുടങ്ങി പേറ്റന്റുകൾ നേടുന്നതിനു സഹായിക്കുന്നു.
എംജിക്ക് 40 വയസ്സാകുമ്പോൾ, 2 പൂർവവിദ്യാർഥികൾ തങ്ങളുടെ സർവകലാശാലക്കാലം ഓർക്കുന്നു
സ്കൂൾ ഓഫ് ലെറ്റേഴ്സ് തിരുത്തൽ പാഠം
ബി.ഉണ്ണിക്കൃഷ്ണൻ
(തിരക്കഥാകൃത്ത്, സംവിധായകൻ)
അതിരമ്പുഴയിൽ ഹസൻ മൻസിൽ എന്ന കെട്ടിടത്തിലായിരുന്നു സ്കൂൾ ഓഫ് ലെറ്റേഴ്സിന്റെ തുടക്കം. പരമ്പരാഗത ക്ലാസ് മുറികളുടെ അപനിർമാണമായിരുന്നു സ്കൂൾ ഓഫ് ലെറ്റേഴ്സിൽ നടന്നിരുന്നത്. ഇംഗ്ലിഷും മലയാളവും കൈകോർത്തുള്ള ആശയസംവാദങ്ങൾ. പഠനങ്ങൾ, ധിഷണാശാലികളുടെ നിരന്തരസാന്നിധ്യം, സെമിനാറുകൾ, ഗംഭീര കൊടുക്കൽ - വാങ്ങലുകൾ എല്ലാം ചേർന്ന കാലം.
യു.ആർ.അനന്തമൂർത്തിയുടെ ദീർഘവീക്ഷണത്തിന്റെ ഫലമായിരുന്നു സ്കൂൾ ഓഫ് ലെറ്റേഴ്സ്. നരേന്ദ്രപ്രസാദ് സാറായിരുന്നു ആദ്യ ഡയറക്ടർ. ആദ്യ ഇംഗ്ലിഷ് ബാച്ചിൽ മൂന്നു വിദ്യാർഥികളും മൂന്ന് അധ്യാപകരും മാത്രം. മലയാളത്തിലും അതേ രീതി. പ്രശസ്ത വിവർത്തകൻ എ.ജെ.തോമസ്, രാജേശ്വരി, ഞാൻ എന്നിവർ ഇംഗ്ലിഷിലും കവി അൻവർ അലി, എഴുത്തുകാരി മ്യൂസ് മേരി ജോർജ്, റീന എന്നിവർ മലയാളത്തിലും വിദ്യാർഥികൾ. രാജേശ്വരി പിന്നീട് എന്റെ ഭാര്യയായി. ഒരു കേസിനെത്തുടർന്ന് അധ്യാപക നിയമനങ്ങൾ വഴിമുട്ടിയതും നല്ല ലൈബ്രറിയുടെ അഭാവവും തുടക്കത്തിൽ ചെറിയ ബുദ്ധിമുട്ടായി. ഈ പ്രതിസന്ധി മറികടക്കാനാണ് വി.സി.ഹാരിസിനെ അനന്തമൂർത്തി സാറും നരേന്ദ്രപ്രസാദ് സാറും ചേർന്നു ക്ലാസെടുക്കാൻ ‘അനൗദ്യോഗിക’മായി വരുത്തിയത്. ഇന്നായിരുന്നെങ്കിൽ അതെത്ര വലിയ വിവാദമാകുമായിരുന്നു!
നരേന്ദ്രപ്രസാദ് സാർ മുൻപ് യൂണിവേഴ്സിറ്റി കോളജിലും എന്റെ അധ്യാപകനായിരുന്നു. ചലച്ചിത്രങ്ങളിൽ വളരെ സജീവമായിരുന്ന കാലമായതിനാൽ അദ്ദേഹം സ്കൂൾ ഓഫ് ലെറ്റേഴ്സിൽ ദീർഘ അവധിയിലായിരുന്നു. അധ്യാപകനായിരുന്ന പി.ബാലചന്ദ്രന്റെ വലിയ സ്വാധീനവുമുണ്ടായി. എംഫിലിനു ശേഷം ഞാൻ അവിടെത്തന്നെ പിഎച്ച്ഡിക്കു റജിസ്റ്റർ ചെയ്തെങ്കിലും പിന്നീടു പലവഴിയിലേക്കും ഒടുവിൽ സിനിമയിലേക്കും കറങ്ങിത്തിരിഞ്ഞെത്തി.
ഹസൻ മൻസിലിൽ തന്നെയായിരുന്നു യൂണിവേഴ്സിറ്റിയുടെ പ്രസിദ്ധീകരണവിഭാഗം. ഒ.വി.ഉഷ ജോലി ചെയ്തിരുന്നത് അവിടെയാണ്. ഒ.വി.വിജയന്റെ സഹോദരി. പലപ്രാവശ്യം കോട്ടയത്തു വീട്ടിൽ പോയി വിജയനെ കണ്ടിട്ടുണ്ട്. വായനയുടെയും ചിന്തയുടെയുമെല്ലാം ഊർജസ്വലമായ നാളുകളായിരുന്നു സ്കൂൾ ഓഫ് ലെറ്റേഴ്സ് കാലം.
(സ്കൂൾ ഓഫ് ലെറ്റേഴ്സ് ഇംഗ്ലിഷ് ആദ്യ ബാച്ചിലെ ഒന്നാം റാങ്ക് ജേതാവാണ് ഉണ്ണിക്കൃഷ്ണൻ)
രണ്ടാം ജുബ്ബാക്കാലം
ഉണ്ണി ആർ. (എഴുത്തുകാരനും തിരക്കഥാകൃത്തും)
അന്ന് ഞങ്ങൾ കുട്ടികൾ ഗാന്ധി യൂണിവേഴ്സിറ്റി, മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റി, ഗാന്ധിജി യൂണിവേഴ്സിറ്റി എന്നീ പല പേരുകളിലാണ് യൂണിവേഴ്സിറ്റിയെക്കുറിച്ചു പറയുക. ഇന്നും പലരും പേരു ശരിയായിട്ടല്ല പറയുന്നതെന്നു ശ്രദ്ധിച്ചാൽ മനസ്സിലാവും. യു.ആർ.അനന്തമൂർത്തിയെന്ന വലിയ മനുഷ്യൻ വൈസ് ചാൻസലറായി വന്ന സമയത്താണ് എന്റെ വിദ്യാഭ്യാസ കാലം.
ഇന്ത്യയിലെ പ്രഗല്ഭരായ അധ്യാപകരെ ഒന്നിച്ചു കൊണ്ടുവരാൻ അദ്ദേഹത്തിനു കഴിഞ്ഞു. ജോൺ ഏബ്രഹാമിനും അരവിന്ദനും ശേഷമുള്ള ‘രണ്ടാം ജുബ്ബാക്കാലം’ കോട്ടയം നഗരത്തിലും അതിരമ്പുഴയിലും പുല്ലരിക്കുന്നിലുമെല്ലാം വീണ്ടും ഉയർത്തെഴുന്നേറ്റു! അനന്തമൂർത്തി സ്വപ്നം കണ്ടപോലെയുള്ള സർവകലാശാലയായി മാറിയോയെന്നു ചോദിക്കേണ്ട സമയമാണിത്. ഒരുപാടു പ്രതീക്ഷകളുമായെത്തിയ ബുദ്ധിജീവികളിൽ പലരും നിരാശരായി ഇവിടം വിട്ടുപോയതെന്തുകൊണ്ടെന്നും ആലോചിക്കണം. ഇടുങ്ങിയ രാഷ്ട്രീയ താൽപര്യങ്ങൾ നിറയൊഴിക്കുമ്പോൾ വീണ്ടും ഗാന്ധിജി കൊല്ലപ്പെടുന്നു.
(എംജി സർവകലാശാലയ്ക്കു കീഴിലുള്ള കോട്ടയം ബസേലിയസ്, സിഎംഎസ് കോളജുകളിൽ വിദ്യാർഥിയായിരുന്നു ഉണ്ണി)