ADVERTISEMENT

കാക്കനാട്∙ തമിഴ്നാട്ടിലെ കൃഷ്ണഗിരി ജില്ലയിലെ അങ്കണവാടിയിൽ ഔദ്യോഗിക കൃത്യനിർവഹണത്തിന്റെ ഭാഗമായി എത്തിയ കലക്ടർ സരയു മടങ്ങിയതു ഒൗദ്യോഗിക വാഹനത്തിൽ മകളെ മടിയിലിരുത്തിയാണ്. അപ്രതീക്ഷിതമായി അമ്മ എത്തിയപ്പോൾ രണ്ടു വയസ്സുകാരി മിഴി ആദ്യം ശ്രദ്ധകൊടുത്തില്ല. എന്നാൽ അമ്മ മടങ്ങുകയാണെന്നു കണ്ടതോടെ മിഴിക്ക് അമ്മയ്ക്കൊപ്പം പോകണം.

കൃഷ്ണഗിരി ജില്ലയിലെ കലക്ടറാണ് തൃക്കാക്കര സ്വദേശിനി സരയു. രണ്ടു വയസ്സുള്ള മകൾ പഠിക്കുന്ന അങ്കണവാടിയിൽ ഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായാണു കലക്ടർ എത്തിയത്. കൃഷ്ണഗിരി ജില്ലയിൽ ആയിരത്തോളം അങ്കണവാടികളുണ്ട്. നൂറോളം അങ്കണവാടികൾ കലക്ടർ ഇതിനകം പരിശോധന നടത്തി. 

ഇതിനിടെയാണ് മകളുടെ അങ്കണവാടിയിൽ കലക്ടറും ഉദ്യോഗസ്ഥരുമെത്തിയത്. പരിശോധന പൂർത്തിയാക്കി തന്നോടു മിണ്ടാതെ അമ്മ മടങ്ങുകയാണെന്ന് തോന്നിയപ്പോൾ മിഴികൾ നിറഞ്ഞൊഴുകി. എന്നെയും കൊണ്ടു പോകൂ എന്ന മട്ടിൽ ഒറ്റക്കരച്ചിൽ. അതോടെ മിഴിയുടെ അമ്മയുടെ റോളിലേക്കു കലക്ടർ മാറി. മിഴിയെ എടുത്ത് ഒക്കത്തിരുത്തിയപ്പോഴാണ് കലക്ടറുടെ മകൾ ഈ അങ്കണവാടിയിലുണ്ടെന്ന് ഒപ്പമുണ്ടായിരുന്ന ഉദ്യോഗസ്ഥർക്കു മനസിലായത്.

തൃക്കാക്കരയിലെ സാധാരണ സ്കൂളുകളിൽ പഠിച്ചു വളർന്ന സരയു തമിഴ്നാട് കൃഷ്ണഗിരി ജില്ലയിൽ കലക്ടറായി ചുമതലയേറ്റപ്പോൾ ആദ്യം തിരക്കിയത് തൊട്ടടുത്ത് അങ്കണവാടി ഉണ്ടോയെന്നാണ്. ‘കലക്ടറുടെ കുഞ്ഞ് അങ്കണവാടിയിലേക്കോ, നല്ല പ്ലേ സ്കൂളുകളുണ്ട് മാഡം’ – ഉദ്യോഗസ്ഥർ നിരുത്സാഹപ്പെടുത്തിയെങ്കിലും സരയു കുഞ്ഞിനെ അങ്കണവാടിയിൽ ചേർത്തു. തൃക്കാക്കര ദാറുസ്സലാം എൽപി സ്കൂളിലും കാർഡിനൽ ഹയർ സെക്കൻഡറി സ്കൂളിലും പഠിച്ചു വളർന്ന് ഐഎഎസ് നേടിയെടുത്ത സരയുവിനു തന്റെ മകൾ അങ്കണവാടിയിൽ തന്നെ അക്ഷരം പഠിക്കണമെന്ന് നിർബന്ധമായിരുന്നു. ഭർത്താവ് ഇപിഎഫ് റീജനൽ കമ്മിഷണർ നിനീഷും അതിനോടു യോജിച്ചു.

തൃക്കാക്കര ക്ഷേത്രത്തിനു സമീപം ഹരിത നഗറിൽ കുസാറ്റ് മുൻ ഉദ്യോഗസ്ഥനും അഭിഭാഷകനുമായ മോഹനചന്ദ്രന്റെയും സഹകരണ അസിസ്റ്റന്റ് റജിസ്ട്രാറായിരുന്ന ഖദീജയുടെയും മകളാണ് സരയു. 2009ൽ പ്ലസ്ടു കഴിഞ്ഞു കോതമംഗലം എംഎ കോളജിൽ നിന്ന് ബിടെക്കും (സിവിൽ) പൂർത്തിയാക്കിയാണ് സിവിൽ സർവീസിലേക്കുള്ള വഴി തേടിയത്. 

2015 ബാച്ചിലെ തമിഴ്നാട് കേഡർ ഐഎഎസ് ഉദ്യോഗസ്ഥയാണ്. ബെംഗളൂരുവിനോടു ചേർന്നു കിടക്കുന്ന കൃഷ്ണഗിരിയുടെ ഒരു ഭാഗം അതിവേഗം വികസിക്കുന്ന വ്യവസായ കേന്ദ്രമാണെങ്കിലും ഒരു താലൂക്ക് പൂർണമായും ആദിവാസി മേഖലയാണ്.  കൃഷ്ണഗിരിയുടെ രണ്ടാമത്തെ വനിത കലക്ടറായ സരയു നിലവിൽ തമിഴ്നാട്ടിലെ ഏറ്റവും പ്രായം കുറഞ്ഞ കലക്ടറുമാണ്. ആറു മാസം മുൻപാണ് ചുമതലയേറ്റത്.

Content Summary:

IAS Officer Sarayu Promotes Early Education, Enrolls Daughter in Anganwadi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com