ഒഇടി: ക്രമക്കേട് കണ്ടെത്തിയാൽ നടപടി
Mail This Article
കൊച്ചി ∙ ആരോഗ്യമേഖലയിൽ വിദേശജോലി നോക്കുന്നവർക്കുള്ള ഒക്യുപേഷനൽ ഇംഗ്ലിഷ് ടെസ്റ്റിൽ (ഒഇടി) ക്രമക്കേടു നടത്തുന്നവരെ കണ്ടെത്താനും പരീക്ഷയിൽ നിന്നു വിലക്കാനും സംവിധാനമുണ്ടെന്ന് ഒഇടി ചീഫ് എക്സ്പീരിയൻസ് ഓഫിസർ മാർകോ ഡെൽഗാഡോ വ്യക്തമാക്കി. ‘‘പരീക്ഷത്തട്ടിപ്പു നടക്കുന്നുണ്ട്. കേരളത്തിലെ നഴ്സുമാരും ഇരകളാണ്. ചോദ്യപ്പേപ്പർ ചോരുന്നതു പോലുള്ള കാര്യങ്ങൾ ഒഴിവാക്കാൻ ശക്തമായ സുരക്ഷാ നടപടികൾ സ്വീകരിക്കുന്നു’’– അദ്ദേഹം മനോരമയോടു പറഞ്ഞു. ഓസ്ട്രേലിയയിലെ കേംബ്രിജ് ഇംഗ്ലിഷ്, ബോക്സ്ഹിൽ ഇൻസ്റ്റിറ്റ്യൂട്ട് എന്നിവയുടെ സംരംഭമായ കേംബ്രിജ് ബോക്സ്ഹിൽ ലാംഗ്വിജ് അസസ്മെന്റ് യൂണിറ്റ് ട്രസ്റ്റാണ് ഒഇടി പരീക്ഷയും പരിശീലനവും സംഘടിപ്പിക്കുന്നത്.
ഡോക്ടർമാരെക്കാൾ നഴ്സുമാർ
ഇന്ത്യയിൽ ഒഇടിയുടെ 6 പ്രീമിയം കേന്ദ്രങ്ങളിൽ നാലും കേരളത്തിലാണെന്നു മാർകോ ഡെൽഗാഡോ പറഞ്ഞു. കോട്ടയം, എറണാകുളം അങ്കമാലി എന്നിവിടങ്ങളിലാണ് ഇവ. 11 സർട്ടിഫൈഡ് സ്ഥാപനങ്ങൾ ഉൾപ്പെടെ 17 കേന്ദ്രങ്ങളാണ് ഇന്ത്യയിലുള്ളത്. പ്രീമിയം കേന്ദ്രങ്ങളിലെ പരിശീലകർ ഒഇടിയുടെ നേരിട്ടുള്ള പരിശീലനം നേടിയവരാണ്.
ഇന്ത്യയിൽനിന്നു വിദേശത്ത് എത്തുന്നത് ഡോക്ടർമാരെക്കാൾ നഴ്സുമാരാണ്. മറ്റ് ഏഷ്യൻ രാജ്യങ്ങളിൽ നിന്നു ഡോക്ടർമാരാണ് കൂടുതൽ. ശമ്പളം, ആനുകൂല്യങ്ങൾ, ജീവിത സൗകര്യങ്ങൾ എന്നിവയിലെ വ്യത്യാസമാണു കാരണം. ഏകദേശം 2.5 ലക്ഷം പേർ ഇന്ത്യയിൽ ഓരോ വർഷവും പരീക്ഷ എഴുതുന്നു. ഇതിൽ കൂടുതലും നഴ്സുമാരാണ്. 90 ശതമാനവും മലയാളികളാണെന്നും ഡെൽഗാഡോ പറഞ്ഞു.
165 രാജ്യങ്ങളിൽ പരിശീലനം നൽകുന്നതിനു പുറമേ ആരോഗ്യപ്രവർത്തകർക്കു മെച്ചപ്പെട്ട അവസരങ്ങൾ കണ്ടെത്താൻ സഹായിക്കുന്ന ഓൺലൈൻ റിക്രൂട്മെന്റ് പ്ലാറ്റ്ഫോം ‘ഒഇടി കരിയർ’ ആരംഭിച്ചു. യുകെ, ഓസ്ട്രേലിയ, ന്യൂസീലൻഡ് തുടങ്ങിയ രാജ്യങ്ങളിൽ ഒഇടി സ്കോറിന്റെ അടിസ്ഥാനത്തിലാണ് റിക്രൂട്മെന്റ്. ന്യൂസീലൻഡ്, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങൾ ഇപ്പോൾ പെർമനന്റ് റസിഡൻസി നൽകുന്നുണ്ട്– അദ്ദേഹം പറഞ്ഞു.