ഇന്ത്യയിൽ വിപുലീകരണത്തിനൊരുങ്ങി അഡെസോ; കൊച്ചി ഇൻഫോപാർക്കിൽ പുതിയ ഡെലിവറി സെന്റർ പ്രവർത്തനമാരംഭിച്ചു
Mail This Article
കൊച്ചി ∙ ഡിജിറ്റൽ ട്രാൻസ്ഫോർമേഷനിലും ടെക്‌നോളജി സൊല്യൂഷനിലും ആഗോള തലത്തിൽ മുൻനിരയിൽ പ്രവർത്തിക്കുന്ന അഡെസോയുടെ പുതിയ ഡെലിവറി സെന്റർ കൊച്ചിയിൽ പ്രവർത്തനമാരംഭിച്ചു. അന്താരാഷ്ട്ര തലത്തിൽ കമ്പനി വിപുലീകരണത്തിന്റെ ഭാഗമായാണ് അഡെസോ ഗ്രൂപ്പ് കൊച്ചി ഇൻഫോപാർക്കിലാണ് പുതിയ ഡെലിവറിന്റെ സെന്റർ സ്ഥാപിക്കുന്നത്. കമ്പനിയുടെ ഇന്ത്യയിലെ രണ്ടാമത്തെ ഡെലിവറി സെന്ററാണിത്. ഇതിലൂടെ ട്രാൻസ്‌ഫോർമേഷൻ കേപ്പബിലിറ്റി ശക്തിപ്പെടുത്തുകയും ആഗോള ഡിജിറ്റലൈസേഷൻ പങ്കാളിയെന്ന നിലയിൽ അഡെസോയുടെ ആകർഷണം വർദ്ധിപ്പിക്കുകയും ചെയ്യുന്നു.
കേരളത്തിലെ പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം അഡെസോ എക്സിക്യുട്ടീവ് ബോർഡ് അംഗം ടോർസ്റ്റണ്‍ വെഗ്നർ നിർവഹിച്ചു. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ ആഗോള ഉപഭോക്താക്കൾക്ക് സേവനം നല്‍കുന്നതിനായി പുതിയ കേന്ദ്രത്തിലേക്ക് 600-ലധികം ജീവനക്കാരെ നിയമിക്കാനാണ് അഡെസോ ലക്ഷ്യമിടുന്നത്. കൊച്ചിയിലേക്കുള്ള ഈ വിപുലീകരണം ഇന്ത്യൻ വിപണിയോടുള്ള അഡെസോയുടെ പ്രതിബദ്ധതയുടെയും ലോകമെമ്പാടുമുള്ള ബിസിനസുകൾക്കും സ്ഥാപനങ്ങൾക്കും നൂതന ഡിജിറ്റൽ സൊല്യൂഷനുകൾ എത്തിക്കുകയെന്ന ലക്ഷ്യത്തിന്റെയും തെളിവാണ്.
വിപുലീകരണത്തോടെ, സോഫ്റ്റ്‌വെയർ വികസനത്തിലെ കഴിവുകളുടെയും നൈപുണ്യത്തിന്റെയും കുറവുകൾ പരിഹരിക്കുന്നതിനുള്ള സ്മാർട്ട്‌ഷോർ സമീപനത്തെ അഡെസോ ശക്തിപ്പെടുത്തുന്നു. അങ്ങനെ ലോകത്താകമാനം 15 രാജ്യങ്ങളിലെ 64-ലധികം അഡെസോ കേന്ദ്രങ്ങളിൽ നിന്ന് വിവിധ ഐടി പ്രോജക്റ്റുകളിൽ പ്രവർത്തിക്കുന്ന ഗ്ലോബൽ ടീമുകളെ വിന്യസിക്കുന്നതിനുള്ള ശ്രമത്തിലാണ് അഡെസോ.
കൊച്ചിയിലെ ഞങ്ങളുടെ പുതിയ ഓഫീസും തങ്ങളുടെ വളരുന്ന ടീമിനെയും കാണാൻ സാധിച്ചതിൽ താൻ സന്തോഷിക്കുന്നുവെന്ന് പറഞ്ഞ അഡെസോ എക്സിക്യുട്ടീവ് ബോർഡ് അംഗം ടോർസ്റ്റൺ വെഗ്നർ, വികസിച്ചുകൊണ്ടിരിക്കുന്ന ഐ.ടി ഇക്കോസിസ്റ്റവും വൈദഗ്ധ്യമുള്ള ടാലന്റ് പൂളും കൊച്ചിയെ അഡെസോയ്ക്ക് അനുയോജ്യമായ സ്ഥലമാക്കി മാറ്റിയെന്നും കൂട്ടിച്ചേർത്തു. ‘‘കൊച്ചിയിൽ ആരംഭിച്ച ഓഫീസ് നിലവിലുള്ള സ്മാർട്ട്ഷോർ സൗകര്യങ്ങളുടെ വലിയ ശൃംഖലയിൽ ചേരുകയും, വൈവിധ്യമാർന്ന ടാലന്റ് പൂളിലേക്കുള്ള വഴി തുറക്കും. വേഗത്തിലുള്ള സമയ-വിപണി, പ്രവർത്തന തടസ്സങ്ങളുടെ അപകടസാധ്യത എന്നിവ മനസിലാക്കി ഉപഭോക്തൃ ബിസിനസ്സ് ഫലങ്ങൾ കൈവരിക്കാൻ ഞങ്ങളെ പ്രാപ്തമാക്കും’’ - അദ്ദേഹം പറഞ്ഞു.
പുതുതായി ഉദ്ഘാടനം ചെയ്ത കൊച്ചി ഓഫീസ് ഇന്ത്യയിലെ അഡെസോയുടെ വളർച്ചയ്ക്ക് അടിത്തറയായി പ്രവർത്തിക്കുകയും ഡിജിറ്റൽ പ്ലാറ്റ്ഫോം, ക്ലൗഡ്, ഡാറ്റ, അനലിറ്റിക്‌സ് എന്നിവയെ സ്വാധീനിക്കുന്ന സേവനങ്ങളുടെ ശ്രേണിയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് സാമ്പത്തിക സേവനങ്ങൾ, ഓട്ടോമോട്ടീവ്, റീട്ടെയിൽ, ഉല്‍പ്പാദനം, ഊർജം, യൂട്ടിലിറ്റികൾ തുടങ്ങിയ മേഖലകളിലെ ക്ലയന്റുകളുടെ ബിസിനസ്സ്, സാങ്കേതികവിദ്യ, ഡിജിറ്റൽ പ്ലാറ്റ്ഫോം, ക്ലൗഡ്, ഡാറ്റ ആൻഡ് അനലിറ്റിക്സ്, നിയന്ത്രിത സേവനങ്ങൾ എന്നിവയ്ക്ക് കേന്ദ്രമായി പ്രവർത്തിക്കുകയും ചെയ്യുമെന്ന് അഡെസോ ഇന്ത്യ മാനേജിംഗ് ഡയറക്ടർ പ്രമോദ് മുരളീധരൻ പറഞ്ഞു.
കമ്പനിയുടെ ഭാവിയും ഇന്ത്യൻ വിപണിയോടുള്ള പ്രതിബദ്ധതയും ഉയർത്തിക്കാട്ടി ഗ്ലോബൽ ലീഡർഷിപ്പ് ടീമിൽ നിന്നുള്ളവർ പരിപാടിയിൽ സംസാരിച്ചു. ഐ.ടി മേഖലയിലെ വിവിധ പ്രാദേശിക വ്യവസായ പ്രമുഖരും പങ്കാളികളും അഡെസോയിൽ നിന്നുള്ള യൂറോപ്യൻ പ്രതിനിധികളും പരിപാടിയുടെ ഭാഗമായി.