10 വർഷത്തെ സർവീസ് ഉള്ളവർക്ക് സ്ഥാനക്കയറ്റം: ‘സെറ്റ്’ ഇളവ്: ഭാഗികമായി പിൻവലിച്ചു
Mail This Article
തിരുവനന്തപുരം ∙ ഹൈസ്കൂൾ തലത്തിൽ 10 വർഷം സർവീസുള്ളവർക്കു ഹയർ സെക്കൻഡറി അധ്യാപകരായി സ്ഥാനക്കയറ്റം ലഭിക്കാൻ ‘സെറ്റ്’ യോഗ്യത വേണ്ടെന്ന വ്യവസ്ഥ ഭാഗികമായി പിൻവലിച്ചു. ഇനി ‘സെറ്റ്’ യോഗ്യതയുള്ള അധ്യാപകരും അനധ്യാപകരും ഇല്ലെങ്കിൽ മാത്രമേ 10 വർഷത്തെ സർവീസിന്റെ അടിസ്ഥാനത്തിൽ ഹൈസ്കൂൾ അധ്യാപകർക്കു സ്ഥാനക്കയറ്റം നൽകൂ. ഹയർ സെക്കൻഡറി വിഭാഗത്തിലെ മിനിസ്റ്റീരിയൽ സ്റ്റാഫും ലാബ് അസിസ്റ്റന്റുമാരുമാണ് അനധ്യാപക വിഭാഗത്തിൽ സ്ഥാനക്കയറ്റത്തിന് അർഹതയുള്ളവർ.
സ്കൂളുകളിൽ ഹയർ സെക്കൻഡറി വിഭാഗം ആരംഭിച്ചപ്പോൾ ‘സെറ്റ്’ യോഗ്യതയുള്ളവർ കുറവായിരുന്ന സാഹചര്യത്തിലാണ് ഹൈസ്കൂൾ അധ്യാപകർക്കു യോഗ്യതയിൽ ഇളവു നൽകിയിരുന്നത്. എന്നാൽ, നിലവിൽ സെറ്റ് യോഗ്യതയുള്ളവരുടെ എണ്ണം വർധിച്ചിട്ടുണ്ട്. ഇത്തരത്തിൽ ഇളവു നൽകി നിയമനം നൽകുന്നത് അധ്യാപന നിലവാരത്തിൽ ഇടിവു വരുത്തുന്നുവെന്ന പരാതികളുടെ അടിസ്ഥാനത്തിലാണ് സർക്കാർ പുതിയ ഉത്തരവിറക്കിയത്. ഇതനുസരിച്ച് കേരള വിദ്യാഭ്യാസ ചട്ടങ്ങളിലും (കെഇആർ) ഭേദഗതി വരുത്തും.