ADVERTISEMENT

ന്യൂഡൽഹി ∙ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കൂടുതൽ നിയന്ത്രണങ്ങൾക്ക് ആലോചനയില്ലെന്നു യുജിസി ചെയർമാൻ പ്രഫ. എം.ജഗദേഷ് കുമാർ. സ്ഥാപനങ്ങളുടെ പ്രവർത്തനത്തിനുള്ള അടിസ്ഥാന മാനദണ്ഡങ്ങൾ നിശ്ചയിച്ചിട്ടുണ്ട്. ഇതിന്റെ ലംഘനം ശ്രദ്ധയിൽപെട്ടാൽ യുജിസിയുടെ നിലപാടു കൃത്യമായി അറിയിക്കാറുണ്ടെന്നും മലയാള മനോരമയുമായുള്ള അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി.

∙ ദേശീയ വിദ്യാഭ്യാസനയം (എൻഇപി) നടപ്പാക്കുന്നതിനു പല സംസ്ഥാനങ്ങളും വിമുഖത അറിയിച്ചിട്ടുണ്ടല്ലോ. കർണാടക പിന്മാറി. കേരളം ഭേദഗതികളോടെയാണു നടപ്പാക്കുന്നത് ?
മിക്ക സംസ്ഥാനങ്ങളും 4 വർഷ ബിരുദവും മൾട്ടിപ്പിൾ എൻട്രി എക്സിറ്റ് രീതിയുമെല്ലാം നടപ്പാക്കിക്കഴിഞ്ഞു. ഒരു സംസ്ഥാനമോ സ്ഥാപനമോ മാറിനിന്നാൽ അവരെയാകും അതു ബാധിക്കുക. വിദ്യാർഥികൾ കൂടുതൽ അവസരങ്ങളുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ തിരഞ്ഞെടുക്കും. എൻഇപിയുടെ ഭാഗമായി ആരംഭിച്ച ദേശീയ ബിരുദ എൻട്രൻസ് ‘സിയുഇടി യുജി’ക്കു ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ കൂടുതൽ റജിസ്ട്രേഷൻ കേരളത്തിലാണ്.

∙ വിദേശ സർവകലാശാലകൾക്കു രാജ്യത്തു ക്യാംപസ് ആരംഭിക്കാൻ അനുമതി നൽകിയല്ലോ. എത്ര സ്ഥാപനങ്ങൾ അപേക്ഷിച്ചു ?
യുകെ, യുഎസ്, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ള സ്ഥാപനങ്ങൾ താൽപര്യം അറിയിച്ചിട്ടുണ്ട്. ഇവർക്ക് അപേക്ഷ നൽകാൻ വെബ്സൈറ്റ് ആരംഭിച്ചു. എവിടെ, എങ്ങനെ ക്യാംപസ് ആരംഭിക്കണമെന്നത് സ്ഥാപനങ്ങളുടെ ചോയ്സാണ്. വിദേശത്തേക്കു പഠിക്കാൻ പോകുന്ന വിദ്യാർഥികൾ ഏറ്റവുമധികം തിരഞ്ഞെടുക്കുന്ന കോഴ്സുകളാകും ഇവിടെയും ആരംഭിക്കുക. 2–3 വർഷത്തിനുള്ളിൽ പല സ്ഥാപനങ്ങളും വരുമെന്നുറപ്പാണ്.

∙ ഡീംഡ്, സ്വയംഭരണ, സ്വകാര്യ സർവകലാശാലകളെയെല്ലാം പ്രോത്സാഹിപ്പിക്കുന്നതാണു യുജിസി നയം. അതേസമയം കേരളം ഉൾപ്പെടെ പല സംസ്ഥാനങ്ങളും സ്വകാര്യ സർവകലാശാലകളെയാണു പ്രോത്സാഹിപ്പിക്കുന്നത്?
പുതിയ വിദ്യാഭ്യാസ നയം അനുസരിച്ച് ഇത്തരം സ്ഥാപനങ്ങൾ തമ്മിൽ വലിയ വ്യത്യാസമില്ല. ഡീംഡ് ടു ബി യൂണിവേഴ്സിറ്റി സ്ഥാപിക്കാൻ ഇപ്പോൾ സംസ്ഥാനങ്ങളുടെ അനുമതി വേണ്ട. സ്വകാര്യ സർവകലാശാലയെ ഒരു സംസ്ഥാനം പ്രോത്സാഹിപ്പിക്കുന്നുവെങ്കിൽ അത് അവരുടെ നയമാണ്. പക്ഷേ, നിലവാരം ഉറപ്പാക്കണം. അതുപോലെ സംസ്ഥാന സർവകലാശാലകളിൽ ഒട്ടേറെ ഒഴിവുകൾ ശ്രദ്ധയിൽപെട്ടിട്ടുണ്ട്. ഇവ നികത്താൻ  ശ്രദ്ധിക്കണം.  കരാർ അധ്യാപകർക്കു ഗവേഷണത്തിൽ താൽപര്യമുണ്ടാകില്ല. ഗവേഷണ പദ്ധതികളില്ലാതെ വന്നാൽ എൻഐആർഎഫ് റാങ്കിങ്ങിനെയും ഫണ്ടിങ്ങിനെയും ബാധിക്കും. സ്വകാര്യ സർവകലാശാലകൾ കൂടുതലായി ഗവേഷണത്തിൽ ശ്രദ്ധിക്കണം. ഇതിൽ കൂടുതൽ നിക്ഷേപവും നടത്തണം.

∙ ബിരുദ പ്രവേശനത്തിൽ പല സർവകലാശാലകൾക്കും വ്യത്യസ്ത മാനദണ്ഡങ്ങളാണ്. സിയുഇടിയുടെ ഭാഗമായി പൊതുപ്രവേശന രീതി പരിഗണനയിലുണ്ടോ ?
പ്രവേശന മാനദണ്ഡങ്ങൾ സുതാര്യമാക്കണമെന്നു സർവകലാശാലകളോടു പറയാറുണ്ട്. പ്ലസ്ടുവിനു ഹ്യുമാനിറ്റീസ് പഠിച്ച ഒരാൾക്കു കൊമേഴ്സ് ബിരുദത്തിനു ചേരാനാണ് ആഗ്രഹമെങ്കിൽ അതിനു സാധിക്കണം. നിലവിലെ സർവകലാശാലാ ചട്ടം അത് അനുവദിക്കുന്നില്ലെങ്കിലും വിദ്യാഭ്യാസ നയത്തിൽ അതിനു വ്യവസ്ഥയുണ്ട്. പല വിസിമാരും ഇക്കാര്യത്തിൽ അനുകൂലമായി പ്രതികരിച്ചിട്ടുണ്ട്. സിയുഇടിയിൽ യോഗ്യത നേടിയാൽ പ്രവേശനം നൽകണം. പഠനത്തിൽ പിന്നിലാണെന്നു തോന്നിയാൽ ബ്രിജ് കോഴ്സുകൾ ഒരുക്കാം. സർവകലാശാലകൾ സ്വയംഭരണ സ്ഥാപനങ്ങളാണ്. പ്രവേശനത്തിൽ അവർക്കു പൂർണസ്വാതന്ത്ര്യമുണ്ട്. എങ്കിലും ഇത്തരം തടസ്സങ്ങൾ വൈകാതെ ഒഴിവാക്കുമെന്നു കരുതാം.

∙ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ഉന്നതവിദ്യാഭ്യാസ മേഖലയിലെ സർക്കാർ ഇടപെടലുകൾ വിവാദമാകുന്നുണ്ട്. ഇക്കാര്യങ്ങൾ യുജിസി ശ്രദ്ധിക്കാറുണ്ടോ ?
വിദ്യാഭ്യാസ സ്ഥാപനങ്ങളെ നിയന്ത്രിക്കാൻ യുജിസിക്കു താൽപര്യമില്ല. ഒരു റഗുലേറ്റർ എന്ന നിലയിൽ അടിസ്ഥാനമൊരുക്കുക മാത്രമാണു ചെയ്യുന്നത്. സ്വയംഭരണത്തിലൂടെ മാത്രമേ വിദ്യാഭ്യാസ സ്ഥാപനത്തിനു വളർച്ചയുണ്ടാകൂ. അതേസമയം അധ്യാപക, വൈസ് ചാൻസലർ നിയമനങ്ങളിൽ ഉൾപ്പെടെ അടിസ്ഥാന യോഗ്യത ഉറപ്പാക്കാനുള്ള എല്ലാ നിർദേശങ്ങളും നൽകിയിട്ടുണ്ട്. ലംഘനം ശ്രദ്ധയിൽപെട്ടാൽ സർവകലാശാലകളോടു സംസാരിക്കാറുണ്ട്. കോടതിയിലും അക്കാര്യം വ്യക്തമാക്കും. ചട്ടങ്ങൾ പാലിക്കുകയെന്നതു സർവകലാശാലകളുടെ ധാർമിക ഉത്തരവാദിത്തമാണ്.

∙ ‘പ്രഫസർ ഓഫ് പ്രാക്ടിസ്’* പദ്ധതിയോടു സ്ഥാപനങ്ങളുടെ പ്രതികരണം എങ്ങനെ ? ടിസിഎസ് മുൻ സിഇഒ രാജേഷ് ഗോപിനാഥ് ഐഐടി ബോംബെയിൽ ഈയിടെ അധ്യാപകനായി ചേർന്നല്ലോ ?
ഇതുവരെ 32 സ്ഥാപനങ്ങൾ 152 പേരെ ഇത്തരത്തിൽ നിയമിച്ചു. ഇതിൽ സർക്കാർ കോളജുകളുമുണ്ട്. ഭാവിയിൽ കൂടുതൽ സ്ഥാപനങ്ങളിൽ കൂടുതൽ പേർ വരുമെന്ന് ഉറപ്പാണ്.

(*വിവിധ മേഖലകളിൽ 15 വർഷമെങ്കിലും പ്രവൃത്തിപരിചയമുള്ളവരെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അധ്യാപകരായി നിയമിക്കുന്ന പദ്ധതിയാണ് ‘പ്രഫസർ ഓഫ് പ്രാക്ടിസ്’)

സിയുഇടി: ഇക്കുറി കൂടുതൽ കേന്ദ്രങ്ങൾ
ബിരുദ എൻട്രൻസ് സിയുഇടി തുടങ്ങിയിട്ട് 2 വർഷമായി. പല പരാതികളും ഉയർന്നിരുന്നു. ഈ വർഷം എന്തൊക്കെ നടപടികളാകും സ്വീകരിക്കുക?

ആദ്യ വർഷം സാങ്കേതിക പ്രശ്നങ്ങളുണ്ടായെങ്കിലും അതെല്ലാം പരിഹരിച്ചു. കഴിഞ്ഞ പരീക്ഷയ്ക്കു 19 ലക്ഷം വിദ്യാർഥികളാണു റജിസ്റ്റർ ചെയ്തത്. പലരും ഒന്നിലേറെ വിഷയങ്ങളിൽ പരീക്ഷ എഴുതിയതിനാൽ 46 ലക്ഷം സീറ്റുകൾ ക്രമീകരിക്കേണ്ടിവന്നു. കശ്മീർ, ജാർഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്നുള്ള റജിസ്ട്രേഷൻ പതിന്മടങ്ങു കൂടി. പലർക്കും സെന്റർ മറ്റു സംസ്ഥാനങ്ങളിലാകാൻ കാരണം ഇതായിരുന്നു. ഇക്കുറി പരീക്ഷാ നഗരങ്ങളും സെന്ററുകളും കൂട്ടും.  കൂടുതൽ റജിസ്ട്രേഷൻ പ്രതീക്ഷിച്ചാണു നടപടികൾ സ്വീകരിക്കുന്നത്.

Content Summary:

UGC Chairman Clears Air on Higher Education: No New Restrictions Ahead

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com