ക്രിസ്മസ് പരീക്ഷാ ചോദ്യങ്ങൾ യൂട്യൂബിൽ : വിശദ അന്വേഷണത്തിനൊരുങ്ങി വിദ്യാഭ്യാസ വകുപ്പ്
Mail This Article
കോഴിക്കോട് ∙ പത്താം ക്ലാസ് ക്രിസ്മസ് പരീക്ഷകളുടെ ചോദ്യപ്പേപ്പറുകൾ ചോർന്നുവെന്ന വിവാദത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പ് അന്വേഷണത്തിനൊരുങ്ങുന്നു. പരീക്ഷയുടെ തലേദിവസം രാത്രി യുട്യൂബ് ചാനലിൽ അവതരിപ്പിച്ച ചോദ്യങ്ങൾ തന്നെ പരീക്ഷയിൽ ആവർത്തിച്ച സാഹചര്യത്തിലാണ് അന്വേഷണം.
ഇതുവരെ നടന്ന എല്ലാ പരീക്ഷകളുടെയും 40 മാർക്ക് വരെയുള്ള ചോദ്യങ്ങളാണ് വ്ലോഗർമാർ പുറത്തുവിട്ടത്. ഓൺലൈൻ ക്ലാസിൽ പങ്കെടുക്കുന്നവർക്കായാണ് യുട്യൂബ് ചാനലുകളിൽ ‘പ്രെഡിക്‌ഷൻ’ എന്ന പേരിൽ ചോദ്യങ്ങൾ അവതരിപ്പിക്കുന്നത്. എല്ലാ ചോദ്യപ്പേപ്പറിലെയും ചോദ്യങ്ങൾ കൃത്യമായി മാർക്ക് സഹിതം പ്രവചിക്കുക അസാധ്യമാണെന്നും ചോദ്യപ്പേപ്പർ ചോർന്നതാണെന്നും കെപിഎസ്ടിഎ, എൻടിയു തുടങ്ങിയ അധ്യാപക സംഘടനകൾ ആരോപിച്ചിരുന്നു. ‘മനോരമ’ വാർത്തയെത്തുടർന്ന് സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് പൊതുവിദ്യാഭ്യാസ മന്ത്രിക്കും വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്കും വകുപ്പ് ഡയറക്ടർക്കും കെഎസ്‌യു പരാതി നൽകിയിരുന്നു.