മെഡിക്കൽ കോളജ് അല്ലാത്ത സർക്കാർ ആശുപത്രികളിലും ഇനി മെഡിക്കൽ പിജി
Mail This Article
ന്യൂഡൽഹി ∙ രാജ്യത്തെ മെഡിക്കൽ കോളജുകളല്ലാത്ത സർക്കാർ ആശുപത്രികൾക്കും മെഡിക്കൽ പിജി കോഴ്സ് തുടങ്ങാൻ അനുമതി. നിശ്ചിത നിബന്ധനകൾ പാലിച്ചാൽ ബിരുദ മെഡിക്കൽ കോഴ്സുകൾ ഇല്ലാതെയും പിജി കോഴ്സ് അനുവദിക്കാമെന്നു ദേശീയ മെഡിക്കൽ കമ്മിഷന്റെ (എൻഎംസി) പുതിയ നിബന്ധനകളിൽ പറയുന്നു. നിലവിലുള്ളതോ പുതുതായി സ്ഥാപിക്കാൻ ഒരുങ്ങുന്നതോ ആയ സർക്കാർ ആശുപത്രികൾക്ക് കോഴ്സ് തുടങ്ങാം.
ജില്ലാ ആശുപത്രികളിൽ കൂടുതൽ പിജി ഡോക്ടർമാരെ സൃഷ്ടിക്കുകയാണ് ലക്ഷ്യം. ആദ്യം അനുമതി, പിന്നീട് അംഗീകാരം എന്ന രീതിക്കു പകരം ഇനിമുതൽ ഒറ്റ ഘട്ടം മാത്രമാക്കും. വർഷംതോറുമുള്ളതിനു പകരം ആശുപത്രി പരിശോധന ആവശ്യാനുസരണം മാത്രമാക്കും.
∙ കോഴ്സ് തുടങ്ങി ഒരു വർഷം പിന്നിട്ട മെഡിക്കൽ കോളജുകൾക്കെല്ലാം പിജി കോഴ്സുകൾക്ക് അപേക്ഷിക്കാം. 3 ബാച്ചുകളെങ്കിലും പ്രവേശനം നേടിയശേഷമാണ് ഇതുവരെ പുതിയ മെഡിക്കൽ കോളജുകൾക്ക് പിജി ബാച്ച് അനുവദിച്ചിരുന്നത്.
∙ നിലവിലുള്ളതു തുടരാമെങ്കിലും പുതിയ ഡിപ്ലോമ കോഴ്സുകളോ സീറ്റ് വർധനയോ അനുവദിക്കില്ല. നിബന്ധനകൾ പാലിക്കുമെങ്കിൽ ഡിപ്ലോമ കോഴ്സ് സൗകര്യം ബിരുദ കോഴ്സുകളാക്കി മാറ്റാം. 2 വർഷ ഫെല്ലോഷിപ് പ്രോഗ്രാം തുടങ്ങുന്നതിനും തടസ്സമില്ല.
∙ 2016 ലെ ഭിന്നശേഷി അവകാശ നിയമം അനുസരിച്ച് സർക്കാർ അല്ലെങ്കിൽ സർക്കാർ-എയ്ഡഡ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ 5% സീറ്റുകൾ ഭിന്നശേഷിക്കാർക്കായി സംവരണം ചെയ്യും.
പിജി മെഡിക്കൽ കോഴ്സുകളിലെ നിലവാരം ഉറപ്പാക്കുന്നതിനുള്ള പുതിയ മാനദണ്ഡങ്ങളിൽ വീഴ്ച വരുത്തിയാൽ സ്ഥാപനങ്ങളിൽ നിന്ന് ഒരു കോടി രൂപ പിഴ ഈടാക്കും.