കേന്ദ്ര വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ സീറ്റുകൾ ‘ഡീ–റിസർവ് ’ ചെയ്യില്ല
Mail This Article
ന്യൂഡൽഹി∙ കേന്ദ്ര വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ സംവരണ സീറ്റുകൾ 'ഡീ–റിസർവ്' (സംവരണം ഒഴിവാക്കൽ) ചെയ്യില്ലെന്ന് യുജിസിയുടെ വിശദീകരണം. അധ്യാപക, അനധ്യാപക നിയമനങ്ങളിൽ സംവരണം നടപ്പാക്കുന്നതു സംബന്ധിച്ച പുതുക്കിയ കരടു മാർഗരേഖയിന്മേലുള്ള വിവാദങ്ങൾക്കാണു യുജിസി ചെയർമാൻ എം.ജഗദേഷ് കുമാറിന്റെ മറുപടി. മുൻപും ഇത്തരം സീറ്റുകൾ ഡീ–റിസർവ് ചെയ്തിട്ടില്ല. സംവരണ സീറ്റുകളിലെ ഒഴിവുകൾ കൂട്ടായ പരിശ്രമത്തിലൂടെ നികത്തണമെന്നും അദ്ദേഹം പറഞ്ഞു.
സംവരണ സീറ്റുകൾ അസാധാരണ സാഹചര്യങ്ങളിൽ ഡീ–റിസർവ് ചെയ്യാനുള്ള ചട്ടം ഡിസംബർ അവസാനം പുറത്തിറക്കിയ കരടുമാർഗരേഖയിൽ പരാമർശിക്കുന്നുണ്ട്. ഇതിനെതിരെ കോൺഗ്രസ്, ഓൾ ഇന്ത്യ ഒബിസി സ്റ്റുഡന്റ്സ് അസോസിയേഷൻ, ജെഎൻയു സ്റ്റുഡന്റ്സ് യൂണിയൻ അടക്കം രംഗത്തുവന്നിരുന്നു.
സംവരണ സീറ്റുകളിൽ അർഹരില്ലാതെ വരികയും എന്നാൽ തസ്തിക ഒഴിഞ്ഞുകിടക്കാൻ പറ്റാത്തതുമായ അപൂർവസാഹചര്യങ്ങളിലാണു ഡീ–റിസർവേഷൻ സാധ്യമാവുകയെന്നു മാർഗരേഖയിൽ പറയുന്നു.
ഗ്രൂപ്പ് എ, ബി തസ്തികകളിൽ ഡീ–റിസർവേഷനായി വിദ്യാഭ്യാസ മന്ത്രാലയത്തെ സമീപിക്കണം. ഗ്രൂപ്പ് സി, ഡി തസ്തികകളിൽ സർവകലാശാലയുടെ എക്സിക്യൂട്ടീവ് കൗൺസിലാണ് തീരുമാനിക്കേണ്ടത്.
കരടിന്മേൽ അഭിപ്രായം രേഖപ്പെടുത്താനുള്ള അവസാന തീയതി ഇന്നലെ അവസാനിച്ചിരുന്നു.