ഐഐഎം അഹമ്മദാബാദില്‍ ഹൈബ്രിഡ് മോഡിലുള്ള രണ്ട് വര്‍ഷ എംബിഎ കോഴ്‌സ് ആരംഭിച്ചു
Mail This Article
വര്‍ക്കിങ് പ്രഫഷണലുകള്‍ക്കും സംരംഭകര്‍ക്കുമായി ഇന്ത്യയിലെ മുന്‍നിര മാനേജ്‌മെന്റ് സ്ഥാപനമായ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് (ഐഐഎം) അഹമ്മദാബാദ് രണ്ട് വര്‍ഷ ഓണ്‍ലൈന്‍ എംബിഎ കോഴ്‌സ് ആരംഭിച്ചു. ഓണ്‍-ക്യാംപസ്, ഇന്‍-പേര്‍സണ്‍ സെഷനുകള്‍, ലൈവ് ഇന്ററാക്ടീവ് ഓണ്‍ലൈന്‍ സെഷനുകള്‍ എന്നിവ സമന്വയിപ്പിച്ച ഹൈബ്രിഡ് മോഡിലാണ് കോഴ്‌സ് നടത്തുക. മൂന്ന് വര്‍ഷം തൊഴില്‍ പരിചയമുള്ള പ്രഫഷണലുകള്‍ക്കും സംരംഭകര്‍ക്കും കോഴ്‌സിന് അപേക്ഷിക്കാം. ബിരുദമോ തത്തുല്യ ഡിഗ്രിയോ ആണ് കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത. ഐഐഎം അഹമ്മദാബാദ് പ്രവേശന പരീക്ഷ(ഐഎടി), ക്യാറ്റ്, ജിമാറ്റ്, ജിആര്‍ഇ എന്നിവയില്‍ ഏതെങ്കിലും പ്രവേശന പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് പ്രവേശനം.
അഞ്ച് ഓണ്‍-ക്യാംപസ് മൊഡ്യൂളുകളാണ് കോഴ്‌സില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഐഐഎം അഹമ്മദാബാദിന്റെ അധ്യയന സമ്പ്രദായം അനുസരിച്ച് പ്രായോഗിക പഠനത്തിലൂന്നിയ കേസ്-അധിഷ്ഠിത സമീപനമാണ് കോഴ്‌സ് പിന്തുടരുക. ഇന്നത്തെ ചലനാത്മക ബിസിനസ്സ് അന്തരീക്ഷത്തില്‍ വിജയിക്കാനാവശ്യമായ വിജ്ഞാനവും ശേഷികളും വിദ്യാര്‍ഥികള്‍ക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ഈ സമീപനം സഹായിക്കും. ഓണ്‍ലൈന്‍ പഠനത്തിന്റെ വഴക്കവും ഓണ്‍ ക്യാംപസ് ഇടപെടലുകളുടെ സമ്പന്നതയും ഇഴചേര്‍ക്കുന്ന ഈ നൂതന പ്രോഗ്രാം തങ്ങളുടെ കരിയറുകളില്‍ വിജയിക്കാവാശ്യമായ ശേഷികളും അറിവും വിദ്യാര്‍ഥികള്‍ക്ക് പ്രദാനം ചെയ്യുമെന്ന് പുതിയ പ്രോഗ്രാം പ്രഖ്യാപിച്ചു കൊണ്ട് ഐഐഎം അഹമ്മദാബാദ് ഡയറക്ടര്‍ പ്രഫ. ഭരത് ഭാസ്‌കര്‍ പറഞ്ഞു. ഓണ്‍ലൈന്‍ എംബിഎ പ്രോഗ്രാമിലൂടെ പ്രഫഷണലുകള്‍ക്ക് ലോകത്തിലേക്കും വച്ച് തന്നെ ഏറ്റവും മികച്ച നേതാക്കളും മാനേജര്‍മാരുമായി മാറാന്‍ സാധിക്കുമെന്ന് ഐഐഎം അഹമ്മദാബാദ് പ്രോഗ്രാംസ് ഡീന്‍ പ്രഫ. പ്രദ്യുമ്‌ന ഖോക്ലേ പ്രതീക്ഷ പ്രകടിപ്പിച്ചു.
വെല്ലുവിളികള്‍ നിറഞ്ഞ ബിസിനസ്സ് ലോകത്ത് പ്രവര്‍ത്തനപരവും സംഘടനാപരവുമായ ശേഷികള്‍ വളര്‍ത്താന്‍ വിദ്യാര്‍ഥികളെ സഹായിക്കുന്നതാണ് ഓണ്‍ലൈന്‍ എംബിഎയുടെ പാഠ്യക്രമമെന്ന് കോഴ്‌സ് ചെയര്‍പേഴ്‌സണ്‍ പ്രഫ. ജോഷി ജേക്കബ് പറയുന്നു. മനുഷ്യരുടെ പ്രവര്‍ത്തനരീതിയിലും, സമ്പത്തിലും ധനവ്യവഹാരങ്ങളിലും അധിഷ്ഠിതമായ മാനേജീരിയല്‍ തീരുമാനങ്ങള്‍ എടുക്കാനുള്ള പരിശീലനവും കോഴ്‌സ് നല്‍കും. ഓണ്‍ലൈന്‍ എംബിഎ കോഴ്‌സിനെയും അപേക്ഷ പ്രക്രിയയെയും സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ക്ക് ഐഐഎം അഹമ്മദാബാദ് വെബ്‌സൈറ്റ് സന്ദര്‍ശിക്കാം : https://www.iima.ac.in/academics/onlinemba