ADVERTISEMENT

ധനകാര്യ മന്ത്രി കെ.എൻ.ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിച്ച 2024-25 ലെ ബജറ്റിൽ വിദ്യാഭ്യാസ മേഖലയിൽ ആഗോളതലത്തിലുള്ള മാറ്റങ്ങൾക്ക് അനുസരിച്ചുള്ള നിരവധി നിർദ്ദേശങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്. വിദ്യാഭ്യാസ മേഖലയിൽ കേരളം സ്വകാര്യ നിക്ഷേപവും സ്വകാര്യ വിദേശ പങ്കാളിത്തവും ലക്ഷ്യമിടുന്നു എന്നതിന്റെ സൂചനകൾ ബജറ്റിലുണ്ട്. ഉന്നത വിദ്യാഭ്യാസ മേഖലയിൽ സ്വകാര്യ സർവകലാശാലകളും ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ചുവടുപിടിച്ച് കേരളത്തിൽ വിദേശ സർവകലാശാലകളുടെ ക്യാംപസുകളും ആരംഭിക്കാനുള്ള നിർദേശങ്ങൾ ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തിൽനിന്നു പ്രതിവർഷം വിദേശത്തേക്കു പഠിക്കാൻ പോകുന്ന 40000 ത്തോളം വിദ്യാർഥികളുടെ എണ്ണത്തിൽ ഇതിലൂടെ നേരിയ കുറവ് വരുത്താൻ ഇടയാക്കും എന്ന് പ്രതീക്ഷിക്കാം. വിദേശ സർവകലാശാലകളുടെ ക്യാംപസുകൾ കേരളത്തിൽ വരുന്നതോടെ വിദ്യാർഥികൾക്ക് ഗുണനിലവാരമുള്ള വിദേശ വിദ്യാഭ്യാസം കേരളത്തിൽനിന്നുതന്നെ ലഭിക്കും.

കേരളത്തിൽനിന്ന് അയൽ സംസ്ഥാനങ്ങളിലെ സ്വകാര്യ സർവകലാശാലകളിലേക്ക് ഉപരിപഠനത്തിനു പോകുന്ന വിദ്യാർഥികളുടെ എണ്ണം പ്രതിവർഷം മുപ്പതിനായിരത്തിലധികമാണ്. സ്വകാര്യ സർവകലാശാലകൾ കേരളത്തിലേക്കു വരുന്നതോടുകൂടി വിദ്യാഭ്യാസ സംരംഭകത്വത്തിനും പ്രാധാന്യം ലഭിക്കും. നിരവധി സംരംഭകർ കേരളത്തിൽ സ്വകാര്യ സർവകലാശാലകൾ തുടങ്ങാൻ തയാറാണ്. ഇതുമായി ബന്ധപ്പെട്ട നയരൂപീകരണം ഉടൻ ഉണ്ടാകുമെന്നു പ്രതീക്ഷിക്കാം. കാലത്തിന്റെ മാറ്റങ്ങൾക്കനുസരിച്ചുള്ള ഇത്തരം നിർദേശങ്ങൾ കേരളത്തെ ഉന്നതവിദ്യാഭ്യാസ ഹബ്ബായി മറ്റും. ‍സർവകലാശാലകൾക്ക് വായ്പയെടുത്തു പുത്തൻ പദ്ധതികൾ തുടങ്ങാനുള്ള അനുമതി ബജറ്റിൽ നൽകിയിട്ടുണ്ട്. കേരള ഡിജിറ്റൽ സർവകലാശാലയ്ക്ക് 250 കോടി രൂപ അനുവദിച്ചിട്ടുണ്ട്. സാമ്പത്തിക ബാധ്യത അനുഭവിക്കുന്ന മറ്റ് സർവകലാശാലകൾക്കും ഈ രീതി പിന്തുടരാൻ സാധിക്കും. സർക്കാർ പലിശയിൽ ഇളവ് നൽകുന്ന രീതിയും അനുവർത്തിക്കും. 

Representative Image. Photo Credit : AshTproductions/Shutterstock
Representative Image. Photo Credit : AshTproductions/Shutterstock

രാജ്യത്തെ മെഡിക്കൽ ഹബ്ബാക്കി മാറ്റാനുള്ള തീരുമാനം ആരോഗ്യ മേഖലയിൽ മികച്ച തൊഴിലവസരങ്ങൾ സൃഷ്ടിക്കുവാനും അഭ്യസ്തവിദ്യരായ യുവതീയുവാക്കൾക്ക് ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട പുത്തൻ സാങ്കേതിക മേഖലകളിൽ പ്രവർത്തിക്കുവാനും അവസരമുണ്ടാക്കും. സൂര്യോദയ മേഖലകളെന്ന് വിശേഷിപ്പിച്ച് ഐടി, ടൂറിസം, ഫാക്ടറി നിർമാണ മേഖലകളിൽ കൂടുതൽ വളർച്ച കൈവരിക്കാനും കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കാനുമുള്ള പദ്ധതികൾ ബജറ്റ് വിഭാവനം ചെയ്യുന്നു. കേരള ഡിജിറ്റൽ സർവകലാശാലയ്ക്ക് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അടക്കമുള്ള നൂതന സാങ്കേതിക മേഖലകളിൽ പദ്ധതികൾ ആവിഷ്കരിക്കാനും സംസ്ഥാനത്ത് മൂന്ന് ക്യാംപസുകൾ തുടങ്ങാനും ബജറ്റിൽ അനുമതി നൽകിയിട്ടുണ്ട്. 

Photo Credit : Digital University
Photo Credit : Digital University

വിദ്യാർഥികളെ തൊഴിൽ ദാതാക്കളാക്കാൻ സഹായിക്കുന്ന സംരംഭകത്വ പദ്ധതികൾക്കും സ്റ്റാർട്ടപ്പുകൾക്കും ബജറ്റിൽ തുക വകയിരുത്തിയിട്ടുണ്ട്. വ്യവസായ, കാർഷിക, സേവന മേഖലകളിൽ ഊന്നിയുള്ള നിരവധി പദ്ധതികൾ പ്രഖ്യാപിച്ചിട്ടുണ്ട്. കാർഷിക മേഖലയിൽ ലോക ബാങ്കിന്റെ സഹായത്തോടെയുള്ള കേര പദ്ധതിയിൽ ഉൾപ്പെടുത്തി സ്റ്റാർട്ടപ്പുകൾ തുടങ്ങാനുള്ള സഹായവും ലഭിക്കുന്നതാണ്. വ്യവസായ, വിദ്യാഭ്യാസ, ടൂറിസം മേഖലകളിൽ സ്വകാര്യ നിക്ഷേപം അനുവദിക്കുന്നതിലൂടെ ഉന്നത വിദ്യാഭ്യാസ, തൊഴിൽ മേഖലകളിൽ ഏറെ വളർച്ച കൈവരിക്കും. നൈപുണ്യ വികസനം ലക്ഷ്യമിട്ടുള്ള നിരവധി പദ്ധതികൾ അഭ്യസ്തവിദ്യരായ യുവതീയുവാക്കളുടെ തൊഴിലില്ലായ്മ കുറയ്ക്കാനും തൊഴിൽ ലഭ്യത മികവ് വർദ്ധിപ്പിക്കാനും സഹായിക്കും. 

Representative image. Photo Credit : JLco - Julia Amaral/iStock
Representative image. Photo Credit : JLco - Julia Amaral/iStock

ഓക്സ്ഫഡ് അടക്കമുള്ള വിദേശ സർവകലാശാലകളുമായുള്ള അക്കാദമിക്, ഗവേഷണ പങ്കാളിത്തം കേരളത്തിലെ വിദ്യാർഥികൾക്ക് ഗുണകരമാകും. നിരവധി പുത്തൻ സാങ്കേതിക മേഖലകളിൽ സെന്റർ ഓഫ് എക്സലൻസ് തുടങ്ങുന്നതും ബ്രെയിൻ കംപ്യൂട്ടിങ് അടക്കമുള്ള ന്യൂറോ സയൻസ് മേഖലകളിൽ പുത്തൻ ഗവേഷണ രീതികൾ അവലംബിക്കുന്നതും കേരളത്തിലെ വിദ്യാർഥികൾക്ക് ഗുണകരമാകും. ട്രാൻസിലേഷനൽ ഗവേഷണം, മൾട്ടിഡിസിപ്ലിനറി ഗവേഷണം എന്നിവയിൽ കൂടുതൽ മികവിന്റെ കേന്ദ്രങ്ങൾ കേരളത്തിൽ ആരംഭിക്കുന്നത് ഗവേഷണ സൗകര്യം മെച്ചപ്പെടുത്താൻ സഹായിക്കും. 2024 ൽ ഉന്നത വിദ്യാഭ്യാസ മേഖലയിലെ മാറുന്ന പ്രവണതകളെക്കുറിച്ച് ആഗോള ഉച്ചകോടിയും കേരളത്തിൽ സംഘടിപ്പിക്കും. സംരംഭകത്വ മേഖലകളിൽ വെഞ്ചർ ക്യാപിറ്റൽ ഫണ്ടിങ്ങും സ്‌കൂൾ വിദ്യാഭ്യാസ മേഖലകളിൽ ഗുണനിലവാരം ലക്ഷ്യമിട്ട പദ്ധതികളും നടപ്പിലാക്കും. കാലത്തിന്റെ മാറ്റത്തിനനുസരിച്ച്, ആഗോള വിദ്യാഭ്യാസ നിലവാരത്തിലേക്കു മാറാനുള്ള ശ്രമമാണ് ബജറ്റ് നിർദേശങ്ങളിലൂടെ വ്യക്തമാകുന്നത്.
(വിദ്യാഭ്യാസ വിദഗ്ധനും ബെംഗളൂരുവിലെ ട്രാൻസ്‌ഡിസിപ്ലിനറി ഹെൽത്ത് യൂണിവേഴ്സിറ്റിയിലെ പ്രഫസറുമാണ് ലേഖകൻ)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com