കുസാറ്റുമായി സഹകരിക്കാൻ 18 യുഎസ് സർവകലാശാലകൾ
Mail This Article
കൊച്ചി ∙ കുസാറ്റിന്റെ അരനൂറ്റാണ്ടു നീളുന്ന ചരിത്രത്തിലാദ്യമായി സർവകലാശാലയുമായി സഹകരിച്ചു പ്രവർത്തിക്കാൻ 18 അമേരിക്കൻ സർവകലാശാലകൾ സന്നദ്ധത അറിയിച്ചു. 18 സർവകലാശാലകളുടെയും പ്രതിനിധികൾ (യുഎസ് എജ്യുക്കേഷൻ ട്രേഡ് ഡെലിഗേഷൻ) യുഎസ് കോൺസുലേറ്റ് ജനറൽ ക്രിസ്റ്റഫർ ഡബ്ല്യു. ഹോഡ്ജസിന്റെ നേതൃത്വത്തിൽ കുസാറ്റിലെത്തി. സഹകരണത്തിന്റെ ഭാഗമായി കുസാറ്റിൽ സ്ഥാപിക്കുന്ന ‘അമേരിക്കൻ കോർണറു’മായി ബന്ധപ്പെട്ട ധാരണാപത്രം ഒപ്പിട്ടു. വൈസ്ചാൻസലർ ഡോ.പി.ജി.ശങ്കരൻ അധ്യക്ഷത വഹിച്ചു.
അമേരിക്കൻ കോർണർ തുറക്കാൻ സാധിക്കുന്നതിലൂടെ കേരളീയർക്കു അമേരിക്കയുമായി അടുത്ത ബന്ധം സ്ഥാപിക്കാൻ കഴിയുമെന്ന് കോൺസുലേറ്റ് ജനറൽ ക്രിസ്റ്റഫർ ഡബ്ല്യു.ഹോഡ്ജസ് പറഞ്ഞു. കോൺസുലേറ്റ് കൾചറൽ അഫയേഴ്സ് ഓഫിസർ സ്കോട്ട് ഹാർട്ട്മാൻ, കുസാറ്റ് റജിസ്ട്രാർ ഡോ.വി.മീര, ഇന്റേണൽ പ്രിൻസിപ്പൽ കൊമേഴ്സ്യൽ ഓഫിസർ കാരി അരുൺ, ഇന്റേണൽ ക്വാളിറ്റി അഷ്വറൻസ് സെൽ ഡയറക്ടർ ഡോ.സാം തോമസ്, ഇന്റർനാഷനൽ റിലേഷൻസ് ഡയറക്ടർ ഡോ.ഹരീഷ് എൻ.രാമാനന്ദൻ എന്നിവർ പ്രസംഗിച്ചു.
അമേരിക്കൻ കോർണർ എഴുന്നൂറോളം അമേരിക്കൻ സ്പേസ് സെന്ററുകളുടെ ആഗോള ശൃംഖലയുടെ ഭാഗമായി മാറും. പ്രോഗ്രാമിങ്ങിനും ഉപകരണങ്ങൾക്കുമായുള്ള ധനസഹായം, ജീവനക്കാർക്കുള്ള പരിശീലനം, ഡിജിറ്റൽ ഗവേഷണ ഡേറ്റ ബേസുകളിലേക്കുള്ള സൗജന്യ പ്രവേശനം എന്നിവ സഹകരണത്തിനുള്ള പുതിയ വാതിലുകൾ തുറക്കും. യുഎസിലെ സ്വകാര്യ, പൊതുമേഖലാ സ്ഥാപനങ്ങൾക്കൊപ്പം പ്രവർത്തിക്കാൻ അവസരമുണ്ടാകും.
ജോർജ് വാഷിങ്ടൻ, സണി ബഫലോ, യൂണിവേഴ്സിറ്റി ഓഫ് ടെക്സസ് അറ്റ് സാൻ അന്റോണിയോ, സെന്റ് മേരീസ് യൂണിവേഴ്സിറ്റി, സിറ്റി യൂണിവേഴ്സിറ്റി ഓഫ് സിയാറ്റിൽ, ക്ലാർക്സൺ യൂണിവേഴ്സിറ്റി, പാർക്ക് യൂണിവേഴ്സിറ്റി, ബ്രയന്റ് യൂണിവേഴ്സിറ്റി, അരിസോന സ്റ്റേറ്റ് യൂണിവേഴ്സിറ്റി, യൂണിവേഴ്സിറ്റി ഓഫ് വിസ്‌കോൻസെൻ സ്റ്റൗട്ട് , പെൻ കോളജ് ഓഫ് ടെക്നോളജി, യൂണിവേഴ്സിറ്റി ഓഫ് അർക്കൻസാ, കാത്തലിക് യൂണിവേഴ്സിറ്റി ഓഫ് അമേരിക്ക, കെന്നിസോ സ്റ്റേറ്റ് യൂണിവേഴ്സിറ്റി, മേരിമൗണ്ട് യൂണിവേഴ്സിറ്റി, യൂണിവേഴ്സിറ്റി ഓഫ് യൂട്ടാ, യൂണിവേഴ്സിറ്റി ഓഫ് സാൻഡിയാഗോ, സെന്റ് ലൂയിസ് യൂണിവേഴ്സിറ്റി എന്നിവിടങ്ങളിൽ നിന്നുള്ള പ്രതിനിധികളാണ് കുസാറ്റിലെത്തിയത്.