വിദേശ സര്‍വകലാശാലകളുടെ പ്രവര്‍ത്തനവും സംസ്ഥാന സര്‍ക്കാരിന്റെ റോളും
Mail This Article
കേരളത്തിന്റെ ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ അവതരിപ്പിച്ച ബജറ്റില്‍ ഏറെ വിവാദമാവുകയും ചര്‍ച്ചയാവുകയും ചെയ്ത നിര്‍ദേശമായിരുന്നല്ലോ വിദേശ സര്‍വകലാശാലകളുടെ ക്യാംപസുകള്‍ കേരളത്തില്‍ തുറക്കുന്നതിനുള്ള സാധ്യതകള്‍ പരിശോധിക്കുമെന്നത്. ഇതിനെ വിദ്യാഭ്യാസ രംഗത്തെ പ്രമുഖര്‍ പിന്തുണച്ചും വിദ്യാർഥി പ്രസ്ഥാനങ്ങള്‍ എതിര്‍ത്തും രംഗത്തെത്തിയത് നാം കണ്ടതാണ്. ഇവിടെയാണ് ചില വസ്തുതകള്‍ പരിശോധിക്കേണ്ടത്. വിദേശ സര്‍വകലാശാലകളുടെ ക്യാംപസ് തുറക്കുന്നതിന് സംസ്ഥാന സര്‍ക്കാരിന്റെ അനുമതി ആവശ്യമുണ്ടോ? വിദേശ സര്‍വകലാശാലകളുമായി സംബന്ധിച്ചുള്ള കാര്യങ്ങള്‍ ഏത് സര്‍ക്കാരിന്റെ പരിധിയില്‍ വരുന്നതാണ്?. ഇതിന്റെ നിയമ വശങ്ങള്‍ എന്തെല്ലാം? സംസ്ഥാന സര്‍ക്കാരിന്റെ റോള്‍ എന്താണ്? ഇത്തരം പല ചോദ്യങ്ങള്‍ക്കുമുള്ള ഉത്തരം പലപ്പോഴും മാധ്യമങ്ങളിലൂടെ പോലും അറിയാന്‍ സാധിക്കുന്നില്ല എന്നതാണ് വസ്തുത. വിദേശ സര്‍വകലാശാലയുമായി സംബന്ധിച്ചുള്ള ചില നിയമ വശങ്ങള്‍ നമുക്ക് ആദ്യം പരിശോധിക്കാം.
ഇന്ത്യയില്‍ വിദേശ സര്‍വകലാശാലകള്‍ തുറക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍?
വിദേശ സര്‍വകലാശാലകള്‍ക്ക് ഇന്ത്യയില്‍ ക്യാംപസ് തുറക്കണമെന്നുണ്ടെങ്കില്‍ യൂണിവേഴ്സിറ്റി ഗ്രാന്റ് കമ്മിഷന്റെ അനുമതി വാങ്ങേണ്ടതുണ്ട്. ഇതിനായി യുജിസി മുന്നോട്ട് വയ്ക്കുന്ന നിര്‍ദ്ദേശങ്ങള്‍:
1. യുജിസി അംഗീകരിച്ച പട്ടിക പ്രകാരം ലോകത്തെ മികച്ച 500 സര്‍വകലാശാലകളില്‍പ്പെടണം.
2. യുജിസി അംഗീകരിച്ച പട്ടിക പ്രകാരം ഏതെങ്കിലും ഒരു പ്രത്യേക വിഷയത്തില്‍ ലോകത്തെ മികച്ച 500 സര്‍വകലാശാലകളില്‍പ്പെടണം.
3. യുജിസി നിര്‍ദ്ദേശിച്ചിട്ടുള്ള ഒരു പ്രത്യേക മേഖലയില്‍ അസാമാന്യമായ വൈദഗ്ധ്യം ഉണ്ടാകണം.
ഈ മൂന്ന് മാനദണ്ഡങ്ങളില്‍ ഏതെങ്കിലുമൊന്ന് പാലിക്കുന്ന വിദേശ സര്‍വകലാശാലകള്‍ക്ക് ഇന്ത്യയില്‍ ക്യാംപസ് തുറക്കുന്നതിനായി അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. നിശ്ചിത ഫീസിനൊപ്പം നല്‍കുന്ന അപേക്ഷയില്‍ അക്കാദമിക് സൗകര്യങ്ങൾ, രാജ്യത്തിന്റെ വിദ്യാഭ്യാസ രംഗത്ത് അവര്‍ നല്‍കുന്ന സംഭാവന, സ്ഥാപനത്തിന്റെ പ്രസക്തി എന്നീ കാര്യങ്ങള്‍ പരിഗണിച്ച് അന്തിമ തീരുമാനം യുജിസി കൈക്കൊള്ളും.
വിദേശ സര്‍വകലാശാല ക്യാംപസുകള്‍ തുറക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ അനുമതി ആവശ്യമുണ്ടോ ?
ഉന്നത നിലവാരത്തിലുള്ള വിദ്യാഭ്യാസം ഇന്ത്യയില്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ 2020 ല്‍ പരിഷ്‌കരിച്ച വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി വിദേശ സര്‍വകലാശാലകള്‍ക്ക് യുജിസി അനുമതി ലഭിച്ചാല്‍ ഇന്ത്യയില്‍ എവിടെയും ക്യാംപസ് തുറക്കാം. 2023 നവംബറില്‍ യുജിസി വിജ്ഞാപനത്തില്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഇക്കാര്യത്തില്‍ പ്രത്യേക അധികാരമുളളതായി സൂചിപ്പിക്കുന്നില്ലെന്നതാണ് വസ്തുത. അതിനാല്‍ ഭൂമിയും മറ്റു സൗകര്യങ്ങളും ലഭിക്കുന്ന പക്ഷം ഏതു സംസ്ഥാനത്ത് വേണമെങ്കിലും വിദേശ സര്‍വകലാശാലകള്‍ക്ക് ക്യാംപസ് തുറക്കാം. ഇക്കാര്യത്തില്‍ ഏതെങ്കിലും ഒരു ഭാഗത്തുനിന്ന് പ്രതിഷേധങ്ങള്‍ ഉണ്ടായാലും അവരുടെ കടന്നുവരവിനെ എപ്പോഴും പ്രതിരോധിക്കാനാവില്ല എന്നതാണ് യാഥാര്‍ത്ഥ്യം. അപ്പോള്‍ സ്വാഭാവികമായും ഒരു ചോദ്യം ഉയര്‍ന്നുവരും. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ റോള്‍ എന്താണ്? ഉത്തരം വളരെ ലളിതം. വിദേശ സര്‍വകലാശാലകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് അനുകൂല അന്തരീക്ഷവും നിയമവും സൃഷ്ടിക്കുക എന്നതാണ് സംസ്ഥാനങ്ങളുടെ കര്‍ത്തവ്യം.
ഇതിനുള്ള നിയമനിര്‍മാണം നടത്തുമ്പോള്‍ അത്തരം സ്ഥാപനങ്ങള്‍ക്ക് രാജ്യത്തിന്റെ നിയമവ്യവസ്ഥയില്‍ നിന്നുകൊണ്ട് സ്വതന്ത്രമായി പ്രവര്‍ത്തിക്കാനുള്ള സാഹചര്യവും ഒരുക്കേണ്ടതുണ്ട്. അതിന് പുറമേ വിദേശ സര്‍വകലാശാലകളെയും സ്വകാര്യ സംരംഭകരെയും കേരളത്തിലേക്ക് ആകര്‍ഷിക്കാനുള്ള നടപടികളും കൈക്കൊള്ളം.
കേരളത്തെ രാജ്യാന്തര വിദ്യാഭ്യാസ ഹബ്ബാക്കി മാറ്റാന്‍ സാധിക്കണം
വിദേശ സര്‍വകലാശാലകളുടെ രാജ്യത്തെ പ്രവര്‍ത്തനം സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിയമപരമായി ഇടപെടാനുള്ള സാധ്യതയില്ലെന്നിരിക്കെ, സര്‍ക്കാരിന് ചെയ്യാന്‍ കഴിയുന്നത് അവരെ കേരളത്തിലേക്ക് ആകര്‍ഷിച്ചുകൊണ്ട് ഇവിടെ ഒരു രാജ്യാന്തര വിദ്യാഭ്യാസ ഹബ്ബ് സൃഷ്ടിക്കുകയെന്നതാണ്. ഇതിനായുള്ള പദ്ധതികള്‍ക്കാണ് നാം മുന്‍തൂക്കം നല്‍കേണ്ടത്. കേരളത്തില്‍ എത്ര പ്രതിരോധം തീര്‍ത്താലും യൂണിവേഴ്സിറ്റിക്ക് താത്പര്യം ഉണ്ടെങ്കില്‍ അവര്‍ക്ക് നമ്മുടെ നാട്ടില്‍ ക്യാംപസ് തുറക്കാനുള്ള എല്ലാ നിയമപരമായ പിന്തുണയും ഉണ്ടെന്നിരിക്കെ, എന്തുകൊണ്ട് ഈ സാധ്യത പ്രയോജനപ്പെടുത്തി കേരളത്തിന്റെ സമ്പദ് വ്യവസ്ഥ ഉയര്‍ത്തുന്ന കാര്യം ചിന്തിച്ചുകൂടാ?
ഗുജറാത്ത് ഗിഫ്റ്റ് സിറ്റി പോലെ വിദേശ സര്‍വകലാശാലകള്‍ക്ക് പ്രവര്‍ത്തിക്കാനുള്ള എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഒരുക്കി സുഗമമായി പ്രവര്‍ത്തിക്കാനുള്ള സഹായമാണ് കേരള സര്‍ക്കാര്‍ ചെയ്യേണ്ടത്. വിദേശ സര്‍വ്വകലാശാകള്‍ ഒരു പ്രൈവറ്റ് യൂണിവേഴ്സിറ്റി പോലെ തന്നെ പ്രവര്‍ത്തിക്കുമെന്നിരിക്കെ, ഗുണനിലവാരമുള്ള വിദ്യാഭ്യാസവും അത്യാധുനിക കോഴ്സുകളും നമ്മുടെ നാട്ടില്‍ ലഭ്യമാക്കിയാല്‍ ആഫ്രിക്കന്‍ രാജ്യങ്ങള്‍, ശ്രീലങ്ക, ബംഗ്ലദേശ്, നേപ്പാള്‍, തായ്‌ലൻഡ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും മികച്ച വിദ്യാഭ്യാസവും ആഗോളതലത്തിലെ പ്രമുഖ യൂണിവേഴ്സിറ്റികളുടെ സര്‍ട്ടിഫിക്കറ്റും മാത്രം ലക്ഷ്യമാക്കി യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് കുടിയേറുന്ന വിദ്യാര്‍ഥികളെ കേരളത്തിലേക്ക് ആകര്‍ഷിക്കാന്‍ സാധിക്കും.
കേരളത്തിലെ ഭൂപ്രകൃതി, കാലാവസ്ഥ, ഉയര്‍ന്ന സാമൂഹിക ചിന്ത, സാമൂഹിക സുരക്ഷ, മികച്ച ആരോഗ്യ പരിപാലന സംവിധാനം, ക്രമസമാധാനം എന്നിങ്ങനെയുള്ള കേരളത്തിന്റെ തനത് നേട്ടങ്ങള്‍ ഷോക്കേയ്‌സ് ചെയ്യപ്പെടണമെന്ന് മാത്രം. ദൈവത്തിന്റെ സ്വന്തം നാട് എന്ന ബ്രാന്‍ഡ് തന്നെ നമുക്ക് ഉപയോഗിക്കാവുന്നതേയുള്ളു. വികസിത രാജ്യങ്ങളിലെ പ്രവര്‍ത്തന ചെലവ് ഇന്ത്യയിലേതിനേക്കാള്‍ കൂടുതലായതിനാല്‍ യുകെ, യുഎസ് പോലുള്ള രാജ്യങ്ങളിലെ യൂണിവേഴ്‌സിറ്റികളിലെ ഫീസ് ഘടനയും ദുബായ് പോലുള്ള വിവിധ രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന അവരുടെ റീജനല്‍ ക്യാംപസുകളിലെ ഫീസ് ഘടനയുമായിരിക്കില്ല നമ്മുടെ രാജ്യത്ത് ഉള്ളത്. അതിനാല്‍, ആഫ്രിക്കന്‍ രാജ്യങ്ങള്‍, നേപ്പാള്‍, ശ്രീലങ്ക പോലുള്ള രാജ്യങ്ങളിലെ വിദ്യാർഥികള്‍ക്ക്് യുകെ പോലുള്ള രാജ്യങ്ങളില്‍ പഠിക്കുന്നതിനുള്ള ചെലവിനെ അപേക്ഷിച്ച് താരതമ്യേന കുറഞ്ഞ നിരക്കില്‍ ഇന്ത്യന്‍ ക്യാംപസില്‍ പഠിക്കാന്‍ കഴിയും. 50 മുതല്‍ 60 ശതമാനം വരെ ഫീസില്‍ മാത്രം കുറവ് ലഭിക്കുമെന്നത് വിദേശ രാജ്യങ്ങളിലെ വിദ്യാര്‍ഥികളെ ഇവിടേക്ക് ആകര്‍ഷിക്കാന്‍ കാരണമാകും. കൂടാതെ, പ്രകൃതി സൗന്ദര്യം, മികച്ച കാലാവസ്ഥ, കുറഞ്ഞ ജീവിത ചെലവ് ഇവയെല്ലാം വിദ്യാര്‍ഥികളെ ആകര്‍ഷിക്കാനുള്ള അനുകൂല ഘടകങ്ങളാണ്.
സമ്പദ് വ്യവസ്ഥയ്ക്കും നേട്ടം
വിദേശ സര്‍വകലാശാലകളുടെ ക്യാംപസ് നമ്മുടെ കേരളത്തില്‍ തുറക്കാന്‍ കഴിഞ്ഞാല്‍ മേല്‍പ്പറഞ്ഞ രീതിയില്‍ അയല്‍രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികളെ ഇവിടേക്ക് ആകര്‍ഷിക്കാന്‍ കഴിയും. ഇതിന്റെ നേട്ടം നമ്മുടെ സമ്പദ് വ്യവസ്ഥയ്ക്കുമുണ്ടാകും എന്ന കാര്യം വിസ്മരിക്കരുത്. ഇപ്പോള്‍ സംസ്ഥാനം നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിയെ കുറിച്ച് നാം ബോധവാന്മാരാണ്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ പോകുമ്പോള്‍ ഒരു ഫെസിലിറ്റേറ്റര്‍ എന്ന റോള്‍ കേരളത്തിലെ വിദ്യാഭ്യാസ മേഖലയിലൂടെ സാമ്പത്തിക പുരോഗതിക്കുള്ള വഴികളാകും ഇപ്പോള്‍ സര്‍ക്കാരും ആരായുന്നത്. അതിന്റെ ഭാഗമാണ് വിദ്യാഭ്യാസ രംഗത്ത് നേരിട്ട് സംരംഭങ്ങള്‍ നടത്താതെ സ്വകാര്യ മേഖലയിലൂടെ സംരംഭങ്ങള്‍ വളര്‍ത്താന്‍ സൗകര്യമൊരുക്കുന്ന ഫെസിലിറ്റേറ്റര്‍ റോളിലേക്കുള്ള സര്‍ക്കാരിന്റെ മാറ്റം.
സര്‍വകലാശാലകള്‍ വരുന്നതോടെ കേരളത്തിലേക്ക് എത്തുന്നത് വിദ്യാര്‍ഥികള്‍ മാത്രമല്ല, അധ്യാപകര്‍, അനധ്യാപകര്‍ തുടങ്ങി നിരവധി വിഭാഗത്തിലുള്ളവരുണ്ടാകും. അതിനാല്‍ ഇവിടേക്ക് എത്തുന്നവര്‍ നമ്മുടെ നാട്ടില്‍ തന്നെ പണം ചെലവഴിക്കുന്ന സ്ഥിതി വന്നുചേരുമ്പോള്‍ നമ്മുടെ സമ്പദ് വ്യവസ്ഥയ്ക്കും ഗുണകരമാകും. ഗതാഗതം, ഭക്ഷണം, താമസം, വിനോദം, തുടങ്ങി ഒട്ടേറെ ആവശ്യത്തിനായി അവര്‍ കേരളത്തില്‍ പണം ചെലവഴിക്കുന്നതിലൂടെ ഭാവിയില്‍ കേരളത്തിന്റെ സാമ്പത്തിക മേഖലയില്‍ പത്തനുണര്‍വ് സൃഷ്ടിക്കും.
വിദേശ യൂണിവേഴ്സിറ്റിയോടുള്ള സമീപനം
ബജറ്റില്‍ വിദേശ സര്‍വകലാശാലകളെ സ്വാഗതം ചെയ്യാനുളള നിര്‍ദേശങ്ങള്‍ വന്നതോടെ വിദ്യാര്‍ഥി പ്രസ്ഥാനങ്ങളുടെ ചില പ്രതികരണങ്ങള്‍ കാണാന്‍ ഇടയുണ്ടായി. ഇത്തരത്തിലുള്ള പ്രതികൂല അന്തരീക്ഷം സൃഷ്ടിക്കുന്ന നടപടികള്‍ നഷ്ടപ്പെടുത്തുക കേരളത്തിന് രാജ്യാന്തര നിലവാരത്തിലേക്ക് ഉയരാനുള്ള സാഹചര്യമാണെന്ന് നാം മനസിലാക്കണം. ദേശിയ വിദ്യാഭ്യാസ നയത്തില്‍ മാറ്റം വരുത്തിയതോടെ മറ്റു സംസ്ഥാനങ്ങള്‍ വിദേശത്തെ പ്രമുഖ സര്‍വകലാശാലകളെ തങ്ങളുടെ സംസ്ഥാനത്തേക്ക് എത്തിക്കാനുള്ള മാര്‍ഗങ്ങള്‍ ആരായുമ്പോഴാണ് കേരളത്തിലെ വിദ്യാര്‍ഥി പ്രസ്ഥാനങ്ങള്‍ വിപരീതമായി ചിന്തിക്കുന്നത്. ഇവിടെ സംസ്ഥാന സര്‍ക്കാരിന് കൃത്യമായ റോള്‍ നിര്‍വഹിക്കാനുണ്ടെന്ന കാര്യം വിസ്മരിച്ചുകൂടാ. ഇത് സംബന്ധിച്ച് വ്യക്തമായ മാര്‍ഗ നിര്‍ദേശങ്ങളും നിയമ നിര്‍മാണവും നടത്തുന്നതിനൊപ്പം സമൂഹത്തിലും പ്രത്യേകിച്ച് വിദ്യാര്‍ഥി പ്രസ്ഥാനങ്ങളെയും കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്തി കൂടെ നിര്‍ത്തേണ്ടത് അനിവാര്യമാണ്. വിദേശ സര്‍വകലാശാലകളുടെ വരവ് സംസ്ഥാനത്തിന് ഏത് രീതിയിലാണ് നേട്ടങ്ങള്‍ നല്‍കുന്നത് എന്നിവ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ബോധവത്കരണം നടത്തി അനുകൂല അന്തരീക്ഷം സൃഷ്ടിക്കാന്‍ സര്‍ക്കാരിന് കഴിയണം. അല്ലാത്ത പക്ഷം കലുഷിതമായ അന്തരീക്ഷമാണ് കേരളം സൃഷ്ടിക്കുന്നതെങ്കില്‍ വിദേശ സര്‍വകലാശാലകള്‍ മറ്റു സംസ്ഥാനത്തേക്ക് ചേക്കേറുമെന്നതില്‍ സംശയമില്ല.വലിയ യുദ്ധാന്തരീക്ഷം സൃഷ്ടിച്ച് ഇവിടെ ബിസിനസ് ചെയ്യാന്‍ ആരും തയാറാകില്ലെന്നിരിക്കെ, സര്‍വകലാശാലകളെ സ്വാഗതം ചെയ്യുന്നതിന് മുമ്പ് എല്ലാവിധത്തിലുമുള്ള അനുകൂല അന്തരീക്ഷം സൃഷ്ടിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്യേണ്ടത്.
(ജെയിന്‍ യൂണിവേഴ്സിറ്റിയുടെ ന്യൂ ഇനീഷ്യേറ്റിവ്സ് ഡയറക്ടറും വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നിക്ഷേപകനുമാണ് ലേഖകൻ. അഭിപ്രായം വ്യക്തിപരം)