എഐ കൊണ്ടുവരുന്ന വിപ്ലവകരമായ മാറ്റങ്ങളെ ഉൾക്കൊള്ളാൻ തയാറാകണം: സന്തോഷ് ജോർജ് ജേക്കബ്
Mail This Article
കുട്ടിക്കാനം ∙ നിർമിത ബുദ്ധിയുടെ (എെഎ) അനന്തസാധ്യതകളെക്കുറിച്ച് ചിന്തിക്കുമ്പോൾത്തന്നെ, ഭാവിയിൽ നമ്മുടെ ദൈനംദിന ജീവിതത്തിൽ അതു വരുത്താൻ പോകുന്ന വിപ്ലവകരമായ മാറ്റങ്ങളെ ഉൾക്കൊള്ളാൻ കൂടി തയാറെടുക്കണമെന്ന് മനോരമ ഓൺലൈൻ കോ ഓർഡിനേറ്റിങ് എഡിറ്റർ സന്തോഷ് ജോർജ് ജേക്കബ്. മനോരമ ഓൺലൈനും ജെയിൻ യൂണിവേഴ്സിറ്റിയും റോട്ടറി ഡിസ്ട്രിക്ട് 3211–ഉം ചേർന്ന് കുട്ടിക്കാനം മാർ ബസേലിയസ് ക്രിസ്ത്യൻ കോളജ് ഒാഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജിയുടെ സഹകരണത്തോടെ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച ‘ഡിസ്ട്രിക്ട് റൈല’ പരിശീലന ക്യാംപിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിർമിത ബുദ്ധി ഓരോ മേഖലയിലും വരുത്തുന്ന മാറ്റങ്ങൾ പ്രവചനാനീതതമാണെന്ന് സന്തോഷ് ജോർജ് ജേക്കബ് പറഞ്ഞു. ‘നിർമിത ബുദ്ധി മനുഷ്യനെ കീഴ്പ്പെടുത്തുമോ’ എന്ന കാര്യത്തിൽ സാങ്കേതികവിദ്യാ മേഖലയിൽ ചർച്ചകൾ സജീവമാകുമ്പോൾത്തന്നെ, അതു വലിയ മാറ്റങ്ങൾ കൊണ്ടുവരുന്നുണ്ട്. അച്ചടി മാധ്യമരംഗത്തും ഡിജിറ്റൽ മാധ്യമ രംഗത്തും കഴിഞ്ഞ കാൽനൂറ്റാണ്ടിനിടെ ഉണ്ടായത് വിസ്മയകരമായ മാറ്റങ്ങളാണ്. പുതുസാങ്കേതിക വിദ്യകൾക്കൊപ്പം വായനാരീതികളും അഭിരുചികളും മാറി. അതിനനുസരിച്ച് മാധ്യമമേഖല സ‌്വയം നവീകരിക്കപ്പെടേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. മാധ്യമ രംഗത്തെ പുതിയ സാങ്കേതിക വിദ്യകളെപ്പറ്റിയും മാധ്യമപ്രവർത്തനത്തിലെ മാറ്റങ്ങളെപ്പറ്റിയുമുള്ള വിദ്യാർഥികളുടെ ചോദ്യങ്ങൾക്ക് സന്തോഷ് ജോർജ് ജേക്കബ് മറുപടി പറഞ്ഞു.
ഇന്നും നാളെയുമായി കുട്ടിക്കാനം മാർ ബസേലിയസ് ക്രിസ്ത്യൻ കോളജ് ഒാഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജിയിൽ വിദ്യാർഥികൾക്കായി നടക്കുന്ന റൈല നേതൃപരിശീലന പരിപാടി റോട്ടറി ഡിസ്ട്രിക്ട് 3211 ഗവർണർ ഡോ. ജി. സുമിത്രനാണ് ഉദ്ഘാടനം ചെയ്തത്.