ലിറ്റിൽ കൈറ്റ്സ് ജില്ലാസഹവാസ ക്യാംപ് സമാപിച്ചു
Mail This Article
കൊച്ചി : എറണാകുളം കൈറ്റ് ജില്ലാ കേന്ദ്രത്തിൽ ഫെബ്രുവരി 24, 25 തീയതികളിൽ നടന്ന ലിറ്റിൽ കൈറ്റ്സ് സഹവാസ ക്യാംപ് സമാപിച്ചു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 102 കുട്ടികൾ പങ്കെടുത്തു. ഒൻപതാം ക്ലാസ്സിൽ പഠിക്കുന്ന കുട്ടിപ്രതിഭകൾ പങ്കെടുത്ത ക്യാംപിന്റെ ആദ്യദിവസം ക്യാംപ് അംഗങ്ങളുമായി കൈറ്റ് സിഇഒ കെ.അന്‍വർ സാദത്ത് വിഡിയോ കോണ്‍ഫറന്‍സിലൂടെ ആശയവിനിമയം നടത്തി. ജില്ലാ ക്യാംപുകളില്‍നിന്നു തിരഞ്ഞെടുക്കപ്പെടുന്ന കുട്ടികള്‍ക്ക് മേയ് അവസാനവാരം നടക്കുന്ന സംസ്ഥാന ക്യാംപില്‍ പങ്കെടുക്കാന്‍ അവസരം നല്‍കുമെന്ന് അദ്ദേഹം അറിയിച്ചു.
മൊബൈൽ ആപ നിർമാണം, ആർഡിനോ കിറ്റിലെ ഉപകരണങ്ങൾ ഉപയോഗിച്ചുള്ള മൂവിങ് ലൈറ്റ്, സ്മാർട് റൂം ലൈറ്റ്, ഇന്റലിജന്റ് സിസിടിവി ക്യാമറ, ആർജിബി ലൈറ്റ് എന്നീ ഉപകരണങ്ങൾ, ഇന്റർനെറ്റ് ഓഫ് തിങ്സ് (ഐഒടി) തുടങ്ങിയ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി സ്വന്തമായി ഒരു ഐഒടി ഉപകരണം തയാറാക്കുന്ന പ്രവർത്തനം, മൊബൈൽ ഫോൺ ഉപയോഗിച്ച് ദൂരെനിന്ന് പ്രവര്‍ത്തിപ്പിക്കുന്ന ഐഒടി ഡിവൈസ്, ഇതിലേക്കുള്ള സിഗ്നലുകള്‍ അയയ്ക്കുന്നതിനായി എംഐടി ആപ് ഇന്‍വെന്റർ സോഫ്റ്റ്‍വെയർ ഉപയോഗിച്ചുള്ള ലഘു മൊബൈൽ ആപ്ലിക്കേഷന്‍ തുടങ്ങിയവ പ്രോഗ്രാമിങ് മേഖലയില്‍ കുട്ടികൾ പരിചയപ്പെട്ടു. വസ്തുക്കളെ സൂക്ഷ്‍മമായി നിരീക്ഷിക്കാനും അവയുടെ ത്രിമാന രൂപം സൃഷ്ടിക്കൽ, ബ്ലെന്‍ഡര്‍ സോഫ്റ്റ്‍വെയറിൽ ത്രിമാനരൂപങ്ങള്‍ തയാറാക്കി അവയ്ക്ക് അനിമേഷന്‍ നല്‍കൽ, 3 ഡി കാരക്ടര്‍ മോഡലിങ്, കാരക്ടര്‍ റിഗ്ഗിങ് മുതലായ 3 ഡി ഒബ്ജക്ടുകൾ നിര്‍മിക്കാനും കുട്ടികള്‍ അനിമേഷൻ മേഖലയിൽ പരിചയപ്പെട്ടു. അനിമേഷൻ, പ്രോഗ്രാമിങ് മേഖലകളിൽ മികവ് പുലർത്തിയ കുട്ടികൾക്ക് മേയിൽ നടക്കുന്ന സംസ്ഥാനക്യാംപിൽ പങ്കെടുക്കുവാൻ അവസരം ലഭ്യമാകും.