ADVERTISEMENT

സ്‌മാര്‍ട്ട്‌ ക്ലാസ്‌റൂമുകളും റോബോട്ടിക്‌ സാങ്കേതിക വിദ്യയുമൊക്കെ വിദ്യാഭ്യാസത്തിന്റെ ഭാഗമായിട്ട്‌ ഇപ്പോള്‍ വര്‍ഷങ്ങളായി. പക്ഷേ, ക്ലാസില്‍ പഠിപ്പിക്കാന്‍ ഒരു റോബോട്ട്‌ നേരിട്ടെത്തുന്നത്‌ അത്ര സാധാരണമല്ല. നിര്‍മ്മിത ബുദ്ധിയില്‍ അധിഷ്‌ഠിതമായ ഒരു റോബോട്ടിക്‌ അധ്യാപികയെ ക്ലാസിലേക്ക്‌ ഇറക്കി വിദ്യാര്‍ഥികളെ ഞെട്ടിച്ചിരിക്കുകയാണ്‌ തിരുവനന്തപുരത്തെ കെടിസിടി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍. 

ഐറിസ്‌ എന്നാണ്‌ ചാറ്റ്‌ ബോട്ടിനെ പോലെ ജനറേറ്റീവ്‌ എഐ സാങ്കേതിക വിദ്യയില്‍ അധിഷ്‌ഠിതമായ ഈ അധ്യാപികയുടെ പേര്‌. ഇതാദ്യമായാണ്‌ ഇന്ത്യയിലെ ഒരു സ്‌കൂളില്‍ പഠിപ്പിക്കാന്‍ എഐ അധ്യാപികയെ പരീക്ഷിക്കുന്നത്‌. മേക്കര്‍ ലാബ്‌സ്‌ എന്ന കമ്പനിയാണ്‌ ഐറിസിനെ നിര്‍മ്മിച്ചത്‌. ഐറിസ്‌ ക്ലാസില്‍ കുട്ടികളോട്‌ സംവദിക്കുന്ന വിഡിയോകള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്‌. 

new-era-of-learning-with-ai-teacher-iris-in-thiruvananthapuram1
ഐറിസ്‌ കെടിസിടി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിൽ

വീല്‍ ഘടിപ്പിച്ച പ്ലാറ്റ്‌ഫോം ഉപയോഗിച്ച്‌ ചലിക്കാനും വിദ്യാര്‍ഥികളോട്‌ സംവദിക്കാനും അവരുടെ ചോദ്യങ്ങള്‍ക്ക്‌ ഉത്തരം നല്‍കാനും ഈ എഐ അധ്യാപികയ്‌ക്ക്‌ സാധിക്കും. നഴ്‌സറി മുതല്‍ പ്ലസ്‌ ടു ക്ലാസുകളില്‍ വരെയുള്ള വിഷയങ്ങള്‍ പഠിപ്പിക്കാന്‍ സാധിക്കുന്ന ഐറിസ്‌ ഇംഗ്ലീഷ്‌, ഹിന്ദി, മലയാളം എന്നീ ഭാഷകള്‍ സംസാരിക്കുമെന്നും മേക്കര്‍ ലാബ്‌സ്‌ അവകാശപ്പെടുന്നു. ഐറിസിന്റെ വിനിമയശേഷി 20 ഭാഷകളിലേക്ക്‌ കൂടി വികസിപ്പിക്കാനൊരുങ്ങുകയാണ്‌ നിര്‍മ്മാതാക്കള്‍. ലഹരിമരുന്ന്‌, അക്രമം പോലുള്ള അനുയോജ്യമല്ലാത്ത വിഷയങ്ങള്‍ ബ്ലോക്ക്‌ ചെയ്‌ത്‌ സുരക്ഷിതമായ അധ്യാപന അനുഭവം ഒരുക്കാനുള്ള ശേഷിയും ഈ അധ്യാപികയ്‌ക്കുണ്ട്‌. 

കെടിസിടി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ വിഎസ്‌എസ്‌ സിയുടെ സ്‌പേസ്‌ ഫിസിക്‌സ്‌ ലബോറട്ടറി ഡയറക്ടര്‍ ഡോ. കെ. രാജീവ്‌ ഐറിസ്‌ ഉദ്‌ഘാടനം ചെയ്‌തു.

English Summary:

New era of learning with AI teacher Iris in Thiruvananthapuram

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com