കോപ്പിയടി തടയാന്‍ രസകരമായ തൊപ്പി ധരിച്ചെത്തി വിദ്യാര്‍ഥികള്‍; വൈറലായി പരീക്ഷ
Mail This Article
അധ്യാപകര്‍ മുഴുവന്‍ സമയം കണ്ണു തുറന്ന് വച്ചാലും പലപ്പോഴും തടയാന്‍ കഴിയാതെ പോകുന്ന ഒന്നാണ് പരീക്ഷഹാളിലെ കോപ്പിയടി. എന്നാല്‍ രസകരമായ ഒരു വിദ്യയിലൂടെ ഈ കോപ്പിയടി പ്രവണതയ്‌ക്ക് തടയിട്ടിരിക്കുകയാണ് ഫിലിപ്പൈന്‍സിലെ ഒരു അധ്യാപകന്‍.
ഫിലിപ്പൈന്‍സ് ബട്ടാംഗസ് സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ അധ്യാപകനായ ആഞ്‌ജലോ എബോറ പരീക്ഷയ്‌ക്കെത്തുന്ന തന്റെ ബിഎസ് അഗ്രിക്കള്‍ച്ചര്‍ വിദ്യാര്‍ഥികളോട് ലളിതമായ ഒരാവശ്യമാണ് ഉന്നയിച്ചത്. രസകരമായ തീമുകളിലുള്ള തൊപ്പികള്‍ ധരിച്ച് പരീക്ഷയ്‌ക്കെത്തുക. പറ്റുമെങ്കില്‍ കൃഷിയുമായി ബന്ധപ്പെട്ട തീം തിരഞ്ഞെടുക്കുക. തൊപ്പി ധരിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് മിഡ്‌ടേം പരീക്ഷയില്‍ എക്‌സ്‌ട്ര പോയിന്റുകളായിരുന്നു വാഗ്‌ദാനം. തൊപ്പി ധരിക്കണമെന്ന് നിര്‍ബന്ധമില്ലെന്നും പറ്റുന്നവര്‍ ധരിക്കുകയെന്നും ഈ 24കാരനായ അധ്യാപകന്‍ നിര്‍ദ്ദേശിച്ചു. പോക്കിമോനിലെ പിക്കാച്ചു,
ആംഗ്രി ബേര്‍ഡ്, മൈന്‍ക്രാഫ്‌റ്റിലെ ക്രീപ്പര്‍, ചെയ്‌ന്‍സോ രൂപം എന്നിങ്ങനെ രസകരമായ കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളുടെ രൂപങ്ങളില്‍ നിര്‍മ്മിച്ച തൊപ്പികളുമായാണ് പിറ്റേന്ന് വിദ്യാര്‍ഥികള്‍ ക്ലാസിലെത്തിയത്. അപ്രതീക്ഷിതമായ ഈ പ്രതികരണം അധ്യാപകനെയും ഞെട്ടിച്ചു. തൊപ്പികള്‍ ധരിച്ച് പരീക്ഷയെഴുതുന്ന വിദ്യാര്‍ഥികളുടെ ചിത്രങ്ങളും വീഡിയോയും അധ്യാപകന്‍ ടിക്ടോക്കില്‍ പങ്കുവച്ചപ്പോള്‍ കുറഞ്ഞ സമയത്തിനുള്ളില്‍ അവ വൈറലാകുകയും ചെയ്‌തു. ഇത് വരെ 27 ലക്ഷം പേര്‍ വീഡിയോ കാണുകയും രണ്ട് ലക്ഷത്തിലധികം ലൈക്കുകള്‍ ഇവയ്‌ക്ക് ലഭിക്കുകയും ചെയ്‌തു.