കീം: ഫ്ലോട്ടിങ് സംവരണം തുടരും
Mail This Article
തിരുവനന്തപുരം : മെഡിക്കൽ,എൻജിനീയറിങ് പ്രവേശനത്തിന് (കീം) ഈ വർഷവും ഫ്ലോട്ടിങ് സംവരണം തുടരും. 1998ൽ നിലവിൽ വന്ന രീതി തുടരുമെന്നു വ്യക്തമാക്കുന്ന ഈ വർഷത്തെ പ്രോസ്പെക്ടസ് 27ന് പ്രവേശന പരീക്ഷാ കമ്മിഷണർ വിജ്ഞാപനം ചെയ്തിരുന്നു. ഫ്ലോട്ടിങ് സംവരണം പിൻവലിക്കുമെന്നും ഇത് സംവരണ വിഭാഗങ്ങൾക്ക് ദോഷം ചെയ്യുമെന്നും ആശങ്ക ഉണ്ടായിരുന്നു. പ്രോസ്പെക്ടസ് തയാറാക്കുന്ന സമിതിയിൽ ഇത്തരമൊരു നിർദേശം സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടർ വച്ചു എങ്കിലും ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി അധ്യക്ഷയായ കമ്മിറ്റി അംഗീകരിച്ചില്ല. പിന്നീട് പ്രോസ്പെക്ടസ് അംഗീകരിച്ചപ്പോൾ ഈ നിർദേശം നടപ്പാക്കേണ്ടെന്നായിരുന്നു സർക്കാരിന്റെയും തീരുമാനം. കഴിഞ്ഞ 27 മുതൽ ഇന്നലെ വരെ 36,000 വിദ്യാർഥികൾ മെഡിക്കൽ, എൻജിനീയറിങ് പ്രവേശനത്തിന് അപേക്ഷിച്ചിട്ടുണ്ട്. ഈ വർഷം 1.25 ലക്ഷം പേർ അപേക്ഷിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 17 വരെ അപേക്ഷിക്കാം.
എന്താണ് ഫ്ലോട്ടിങ് സംവരണം ?
പിന്നാക്ക വിഭാഗത്തിൽപെട്ട വിദ്യാർഥിക്ക് മെറിറ്റിലും സംവരണാടിസ്ഥാനത്തിലും മെഡിക്കൽ പ്രവേശനത്തിന് അർഹതയുണ്ടെന്നു കരുതുക. സംവരണാടിസ്ഥാനത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളജിലും മെറിറ്റിൽ ആലപ്പുഴ മെഡിക്കൽ കോളജിലുമാണ് ഒഴിവുകൾ. എന്നാൽ, വിദ്യാർഥിക്കു താൽപര്യം തിരുവനന്തപുരം മെഡിക്കൽ കോളജിൽ പഠിക്കാനാണെങ്കിൽ ആലപ്പുഴയിലെ മെറിറ്റ് സീറ്റ് തിരുവനന്തപുരത്തേക്കു മാറ്റി അവിടെ പ്രവേശിപ്പിക്കും. തിരുവനന്തപുരത്തെ സംവരണ സീറ്റ് ആലപ്പുഴയിലേക്കും മാറ്റും. ആലപ്പുഴയിൽ ഒരു മെറിറ്റ് സീറ്റ് കുറയുകയും ഒരു സംവരണ സീറ്റ് കൂടുകയും ചെയ്യും. പിന്നീട് പിന്നാക്കവിഭാഗത്തിലെ മറ്റൊരു വിദ്യാർഥിക്കു ആലപ്പുഴയിൽ പ്രവേശനം ലഭിക്കും. സംസ്ഥാനത്തെ ആകെ സംവരണസീറ്റുകളിൽ കുറവു വരില്ല. പക്ഷേ, ഫ്ലോട്ടിങ് നിർത്തലാക്കിയാൽ തിരുവനന്തപുരത്തെ സംവരണസീറ്റ് മെറിറ്റ് സീറ്റായി കരുതി, സംവരണ അർഹതയുമുള്ള മെറിറ്റ് വിദ്യാർഥിയെ പ്രവേശിപ്പിക്കും. ഒരു സംവരണ സീറ്റ് നഷ്ടമാകും. കോളജുകൾ തമ്മിൽ സീറ്റു വച്ചുമാറുന്ന രീതിയില്ല.