നഴ്സിങ് കോളജ് പരിശോധന: കൗൺസിൽ അംഗങ്ങൾക്ക് വിലക്ക്
Mail This Article
തിരുവനന്തപുരം ∙ സംസ്ഥാന നഴ്സിങ് കൗൺസിൽ അംഗങ്ങൾ നഴ്സിങ് കോളജുകളുടെ പരിശോധനയ്ക്കു പോകരുതെന്ന് ആരോഗ്യ വകുപ്പ് ഉത്തരവു പുറപ്പെടുവിച്ചു. നഴ്സിങ് കോളജുകൾ പരിശോധിക്കാൻ പോകുന്ന സംഘത്തിൽ കൗൺസിൽ അംഗങ്ങൾ വേണമെന്ന ഇന്ത്യൻ നഴ്സിങ് കൗൺസിലിന്റെ നിർദേശത്തിനു വിരുദ്ധമാണ് ഉത്തരവ്.
സ്വകാര്യ നഴ്സിങ് കോളജ് മാനേജ്മെന്റുകളുടെ സമ്മർദത്തെത്തുടർന്നാണ് തീരുമാനമെന്ന് ആരോപണമുണ്ട്. വിദ്യാർഥികളോടു സംസാരിക്കുന്ന കൗൺസിൽ അംഗങ്ങൾ മാനേജ്മെന്റിനെതിരെ പ്രവർത്തിക്കാൻ പ്രേരിപ്പിക്കുന്നെന്നായിരുന്നു പരാതി. എന്നാൽ മതിയായ അധ്യാപകരെ നിയമിക്കുകയോ പഠന സൗകര്യങ്ങൾ ഒരുക്കുകയോ ചെയ്യാതെ മാനേജ്മെന്റുകൾ വിദ്യാർഥികളെ കബളിപ്പിക്കുന്നതു കണ്ടെത്തിയതാണു പരാതിക്കു കാരണമെന്നാണ് കൗൺസിൽ അംഗങ്ങൾ പറയുന്നത്.
മന്ത്രി വീണാ ജോർജ് പങ്കെടുത്ത യോഗത്തിൽ പരിശോധന ചർച്ചാവിഷയമായി. അംഗങ്ങൾ പരിശോധനയിൽ നിന്നു വിട്ടുനിൽക്കണമെന്നു നിർദേശിച്ചെങ്കിലും അവർ അംഗീകരിച്ചില്ല. തുടർന്നാണ് ഉത്തരവിറക്കിയത്. ഇനി പഴയ രീതിയിൽ, അധ്യാപകരുടെ സമിതി പരിശോധന നടത്തും.