4 വർഷ ബിരുദം: പ്ലസ് ടു ഫലം വന്ന് ഒരാഴ്ചയ്ക്കകം വിജ്ഞാപനമിറക്കണം
Mail This Article
തിരുവനന്തപുരം ∙ പ്ലസ് ടു പരീക്ഷാഫലം വന്നാൽ ഒരാഴ്ചയ്ക്കുള്ളിൽ സർവകലാശാലകളിൽ 4 വർഷ ബിരുദ പ്രോഗ്രാമിനു വിജ്ഞാപനം പുറപ്പെടുവിക്കാൻ ഏകീകൃത അക്കാദമിക് കലണ്ടറിൽ നിർദേശം. ഇത്തവണ 4 വർഷ പ്രോഗ്രാമുകൾക്ക് പ്രവേശനപരീക്ഷയുണ്ടാകില്ല. സർവകലാശാലകളിൽ പ്രവേശനം സംബന്ധിച്ചു നിലവിലുള്ള നിബന്ധനകളോടെ മെറിറ്റ് അടിസ്ഥാനത്തിലാകും പ്രവേശനം. അപേക്ഷ സ്വീകരിക്കൽ ജൂൺ 10ന് അവസാനിപ്പിക്കും. 15നു പ്രവേശനം തുടങ്ങും. 30നു മുൻപ് ഒന്നും രണ്ടും ഘട്ട അലോട്മെന്റ് പൂർത്തിയാക്കി ജൂലൈ ഒന്നിന് കേരള, എംജി, കാലിക്കറ്റ്, കണ്ണൂർ, സംസ്കൃത, മലയാള സർവകലാശാലകളിൽ പഠനം ആരംഭിക്കും. കേരള സർവകലാശാല റജിസ്ട്രാർ ഡോ.കെ.എസ്.അനിൽകുമാർ അധ്യക്ഷനായ സമിതി ഏകീകൃത അക്കാദമിക് കലണ്ടർ സംബന്ധിച്ച വിശദ റിപ്പോർട്ട് അടുത്തയാഴ്ച മന്ത്രി ഡോ.ആർ.ബിന്ദുവിനു കൈമാറും. മറ്റു സർവകലാശാലകളിലെ റജിസ്ട്രാർമാർ അംഗങ്ങളായ സമിതി 4 തവണ സിറ്റിങ് നടത്തിയാണ് ഏകീകൃത അക്കാദമിക് കലണ്ടറിന് അന്തിമരൂപം നൽകിയത്.
ഏകീകൃത അക്കാദമിക് കലണ്ടറിലെ പ്രധാന നിർദേശങ്ങൾ:
∙ ഈ മാസം 30നു മുൻപ് എല്ലാ സർവകലാശാലകളിലും 4 വർഷ ഡിഗ്രി പ്രോഗ്രാമിന്റെ സിലബസ് പൂർത്തിയാക്കണം.
∙ ഓൺലൈൻ ആയി വെബ്സൈറ്റ് മുഖേന പ്രവേശനത്തിന് റജിസ്റ്റർ വിദ്യാർഥികൾക്ക് ഏകീകൃത തിരിച്ചറിയൽ നമ്പർ (യുണീക് ഐഡി) ലഭിക്കും. ഈ നമ്പർ ഉപയോഗിച്ചാണ് പ്രവേശന നടപടികൾ പൂർത്തിയാക്കേണ്ടത്. വിദ്യാർഥിയുടെ മുഴുവൻ അക്കാദമിക് വിവരങ്ങളും ഈ നമ്പറിൽ ലഭിക്കും. കോഴ്സ് കോഡുകളും ഏകീകൃതമാകും. മറ്റു സർവകലാശാലകളിലേക്കു പഠനം മാറ്റുമ്പോൾ മുഴുവൻ അക്കാദമിക് വിവരങ്ങളോടെ ക്രെഡിറ്റ് ട്രാൻസ്ഫർ ചെയ്യാൻ ഇതു സഹായിക്കും.
∙ ജൂലൈയിൽ 3, 4 ഘട്ട അലോട്മെന്റുകൾ പ്രസിദ്ധീകരിക്കും. ഓഗസ്റ്റ് 31നു മുൻപ് പ്രവേശന നടപടികളും കോഴ്സ് റജിസ്ട്രേഷനും അവസാനിപ്പിക്കും.
∙ സെപ്റ്റംബറിൽ കോളജ്, സർവകലാശാല യൂണിയൻ തിരഞ്ഞെടുപ്പുകൾ.
∙ ഒക്ടോബറിൽ ആദ്യ സെമസ്റ്റർ പൂർത്തിയാകും. നവംബറിൽ പരീക്ഷ. ഡിസംബറിൽ ഫലപ്രഖ്യാപനം.
∙ ഡിസംബർ 2ന് രണ്ടാം സെമസ്റ്റർ തുടങ്ങും. 2025 മാർച്ച് 31ന് സെമസ്റ്റർ പൂർത്തിയാക്കി ഏപ്രിലിൽ പരീക്ഷ, മേയിൽ ഫലപ്രഖ്യാപനം.
∙ കോളജ്, സർവകലാശാലാ തല യുവജനോത്സവം ഡിസംബറിലും ജനുവരിയിലുമായി നടക്കും.
∙ ഇന്റേണൽ പരീക്ഷ അക്കാദമിക് കലണ്ടറിൽ ഉൾപ്പെടും. അവയുടെ ഫലം കോളജ് നോട്ടിസ് ബോർഡിൽ നിശ്ചിത തീയതിക്കുള്ളിൽ പ്രസിദ്ധീകരിക്കണം.
∙എല്ലാ കോളജുകളിലും അക്കാദമിക് കോഓർഡിനേറ്റർ ഉണ്ടാകും. ഡിപ്പാർട്മെന്റ്, കോളജ്, സർവകലാശാല തലത്തിൽ 4 വർഷ ഡിഗ്രി സംബന്ധിച്ചു വിദ്യാർഥികളുടെ പരാതി പരിഹരിക്കാനുള്ള സമിതികൾ ഉണ്ടാകും.
∙ അഫിലിയേറ്റഡ് കോളജുകളിലെ അധ്യാപകർക്ക് ജൂൺ 15നു മുൻപ് സർവകലാശാലകളുടെ മേൽനോട്ടത്തിൽ 4 വർഷ ഡിഗ്രി പ്രോഗ്രാം പരിശീലനം നൽകും.
∙ മേയ് ആദ്യവാരം എല്ലാ കോളജുകളും സ്ഥാപനതല ആസൂത്രണം നടത്തി കോഴ്സ് അന്തിമമാക്കി കോളജ് വെബ്സൈറ്റിൽ ചേർക്കണം.
അതിന്റെ ലിങ്ക് സർവകലാശാല വെബ്സൈറ്റിലും നൽകണം. ഇതിന്റെ അടിസ്ഥാനത്തിലാകും പ്രവേശന നടപടികൾ.
JEE പരീക്ഷയിൽ ഉയർന്ന റാങ്ക് നേടാൻ ഇങ്ങനെ പഠിക്കാം - വിഡിയോ