ADVERTISEMENT

സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലെ 7 വിദ്യാർഥികൾക്ക് അഖിലേന്ത്യാ മെഡിക്കല്‍ സയന്‍സ് പരീക്ഷയില്‍ സ്വര്‍ണ മെഡല്‍. നാഷനല്‍ ബോര്‍ഡ് ഓഫ് എക്‌സാമിനേഷന്‍ നടത്തിയ ഡിഎന്‍ബി (ഡിപ്ലോമേറ്റ് ഓഫ് നാഷനല്‍ ബോര്‍ഡ്) 2023 ലെ പരീക്ഷയിലാണ് വിവിധ സൂപ്പര്‍ സ്‌പെഷ്യാലിറ്റി വിഭാഗങ്ങളില്‍ കേരളത്തിലെ വിദ്യാർഥികൾ ഒന്നാം സ്ഥാനം നേടിയത്. ദേശീയ തലത്തില്‍ പ്രമുഖ സ്ഥാപനങ്ങളുള്‍പ്പെടെ എല്ലാ സര്‍ക്കാര്‍, സ്വകാര്യ മെഡിക്കല്‍ കോളജുകളില്‍ നിന്നും വിവിധ സൂപ്പര്‍ സ്‌പെഷ്യാലിറ്റി വിഭാഗങ്ങളില്‍ ബിരുദം നേടിയവരാണ് ഈ പരീക്ഷയില്‍ പങ്കെടുത്തത്. അതിലാണ് കേരളത്തിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകള്‍ രാജ്യത്തെ മികച്ച നേട്ടം കൈവരിച്ചത്. കേരളത്തിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകള്‍ അധ്യാപനത്തിലും മികവിന്റെ കേന്ദ്രങ്ങളാണെന്നതിന്റെ സാക്ഷ്യം കൂടിയാണിത്. സ്വര്‍ണ മെഡല്‍ നേടിയ എല്ലാ വിദ്യാർഥികളെയും ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു.

എന്‍ഡോക്രൈനോളജിയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഡോ. വി. കാര്‍ത്തിക്, നെഫ്രോളജയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഡോ. രഞ്ജിനി രാധാകൃഷ്ണന്‍, ഫോറന്‍സിക് മെഡിസിനില്‍ തൃശൂര്‍ മെഡിക്കല്‍ കോളജിലെ ഡോ. രഹ്നാസ് അബ്ദുൽ‌ അസീസ്, മൈക്രോബയോളജിയില്‍ തൃശൂര്‍ മെഡിക്കല്‍ കോളജിലെ ഡോ. ടി.പി. സിതാര നാസര്‍, ന്യൂറോളജിയില്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഡോ. അജിത അഗസ്റ്റിന്‍, മെഡിക്കല്‍ ഗ്യാസ്‌ട്രോ എന്‍ട്രോളജിയില്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഡോ. പി.ഡി. നിതിന്‍, ഇഎന്‍ടി വിഭാഗത്തില്‍ ആലപ്പുഴ മെഡിക്കല്‍ കോളജിലെ ഡോ. വി.എ.ഹംനാസ് എന്നിവരാണ് സ്വര്‍ണ മെഡല്‍ നേടിയത്.

രാജ്യാന്തരതലത്തിൽ ഏറെ മൂല്യമുള്ളതാണ് ഡിഎന്‍ബി ബിരുദം. ദേശീയ തലത്തില്‍ ഇത്രയേറെ സ്വര്‍ണ മെഡലുകള്‍ ഒരു സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലെ വിദ്യാർഥികള്‍ കരസ്ഥമാക്കുന്നത് ഇതാദ്യമായാണ്. സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലെ ഉന്നത വിദ്യാഭ്യാസത്തിന്റെ മികവാണ് ഇതിലൂടെ വെളിവാകുന്നത്. മേയ് 10ന് ഡല്‍ഹിയിലെ വിജ്ഞാന്‍ ഭവനില്‍ നടക്കുന്ന കോണ്‍വക്കേഷനില്‍ രാഷ്ട്രപതി മെഡലുകൾ സമ്മാനിക്കും.

English Summary:

Kerala Government Medical College Students Shine with Gold at DNB 2023 Exam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com